ADVERTISEMENT

കൊയിലാണ്ടി∙ കൊല്ലം ചിറ രണ്ടാംഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു. ചിറയുടെ സൗന്ദര്യവൽകരണത്തിനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് പ്രോജക്ട് തയാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥ തലത്തിലെ  എതിർപ്പുകൾ കാരണം നീണ്ടുപോയ പദ്ധതി പഴയ പ്രോജക്ടിൽ ചില മാറ്റങ്ങളോടെ നടപ്പിൽ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊല്ലം ചിറയുടെ വികസനത്തെ കുറിച്ച് മലയാള മനോരമ വാർത്ത നൽകിയിരുന്നു.

ചിറ നവീകരണവുമായി ബന്ധപ്പെട്ട് 5 ന് കലക്ടറേറ്റിൽ പ്രസന്റേഷൻ സംഘടിപ്പിച്ചിരുന്നു. കലക്ടർ, കാനത്തിൽ ജമീല എംഎൽഎ, ഊരാളുങ്കൽ സൊസൈറ്റി അധികൃതർ, തഹസിൽദാർ, ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലും പ്രസന്റേഷനിലും  രണ്ടാംഘട്ട നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. 4 കോടി രൂപയാണ് രണ്ടാംഘട്ട നവീകരണ പ്രവൃത്തികൾക്ക് ബജറ്റിൽ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കിയാൽ പരിപാലനം ആര് ചെയ്യുമെന്ന ചോദ്യമുയർന്നു.

ദേവസ്വം ബോർഡ് ഈ ചുമതല ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു. എന്നാൽ ഡിപിആറിൽ പറയുന്ന ഓപ്പൺ ജിം പരിപാലിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട് എന്ന കാര്യം അറിയിച്ചു. ചിറയിൽ രണ്ടിടങ്ങളിൽ ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ഭാഗത്തും നേരെ എതിർഭാഗത്തും കടവുകൾ നിശ്ചയിച്ചിരുന്നു. മേൽക്കൂര സ്ഥാപിക്കുന്നത് ക്ഷേത്രത്തിലെ കുളിച്ചാറാട്ട് ചടങ്ങിന് പ്രയാസമാകുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചിരുന്നു. ഓപ്പൺ ജിം ഒഴിവാക്കിക്കൊണ്ടും മേൽക്കൂരയിൽ മാറ്റം വരുത്തിയും ഡിപിആർ പുതുക്കാൻ ചർച്ചയിൽ തീരുമാനിച്ചു.

പുതുക്കിയ ഡിപിആർ വർക്കിങ് ഗ്രൂപ്പിന് മുൻപാകെ വയ്ക്കുന്നതോടെ ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് വേഗം കൂടുമെന്ന്  കാനത്തിൽ ജമീല എംഎൽഎ  പറഞ്ഞു. ടൈൽ വിരിച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങൾ, ലൈറ്റിങ്, കുട്ടികളുടെ പാർക്ക് എന്നിവ സ്ഥാപിക്കും. വൈകുന്നേരങ്ങളിൽ കുടുംബത്തോടെ സമയം ചെലവിടാനാഗ്രഹിക്കുന്നവർക്കും നീന്തൽ പരിശീലനത്തിനും മറ്റും ചിറയിൽ എത്തുന്നവർക്കും സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

കോഴിക്കോടിന് മാനാഞ്ചിറ എന്ന പോലെ കൊയിലാണ്ടിക്ക് കൊല്ലം ചിറയെന്ന തരത്തിൽ ഈ മേഖലയെ വികസിപ്പിക്കാൻ പദ്ധതിയിട്ടു മുള്ളതാണു ഡിപിആർ. ചിറ നവീകരണത്തിനായി ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടും രണ്ടാം ഘട്ടത്തിനായി 4 കോടി ചെലവാക്കാനാവില്ലെന്ന ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ കടുംപിടിത്തമാണ് ചിറ നവീകരണം നീണ്ടുപോകാൻ ഇടയാക്കിയത്.

കെ.ദാസൻ കൊയിലാണ്ടി എംഎൽഎയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര രംഗത്തെ വികസനം ലക്ഷ്യമിട്ട് കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനായി 4 കോടി രൂപ നീക്കിവച്ചത്. നബാർഡ് അടക്കമുള്ളവയുടെ ഫണ്ടിന്റെ സഹായത്തോടെ 3 കോടിയുടെ ആദ്യ ഘട്ട നവീകരണ പ്രവൃത്തി കൊല്ലം ചിറയിൽ പൂർത്തീകരിച്ചിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com