ADVERTISEMENT

വടകര ∙ സംസ്ഥാനത്ത് ആദ്യമായി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ തുടങ്ങിയ ചോമ്പാലിലെ സദു അലിയൂർ സ്മാരക ആർട്ട് ഗാലറി പ്രവർത്തനം നിലച്ചിട്ട് രണ്ടര വർഷം. 2016ൽ വടകര ബ്ലോക്ക് പഞ്ചായത്ത് കലാകാരൻമാരുടെ കൂട്ടായ്മയിൽ രൂപം നൽകിയ സ്ഥാപനമാണിത്. ചിത്രപ്രദർശനങ്ങളും പരിശീലനങ്ങളും നടന്നുവന്ന സ്ഥാപനം 120 പേർ ചിത്രകലാ പരിശീലനം നടത്തുന്നതിനിടെയാണ് അടച്ചുപൂട്ടിയത്. കെട്ടിടം ചോർന്നൊലിക്കുകയും അപകടവാസ്ഥയിലാവുകയും ചെയ്തതിനാലാണ് സ്ഥാപനം പൂട്ടിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നു.

യുഡിഎഫ് നേതാവ് കോട്ടയിൽ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തകരുടെയും കലാകാരൻമാരുടെയും സഹായത്തോടെ പഴയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആർട്ട് ഗാലറി തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രകാരൻമാരെ പങ്കെടുപ്പിച്ച് 2 തവണ കാപ്പുഴക്കൽ കടലോരത്ത് ചിത്രകലാ ക്യാംപും നടത്തി. കെട്ടിടത്തിന് അപകടാവസ്ഥയുണ്ടെങ്കിൽ തൽക്കാലം പകരം സ്ഥലം കണ്ടെത്തുകയോ നിലവിലുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്തുകയോ ഉണ്ടായിട്ടില്ല. 

വർണം വിതറാതെ നഗരസഭയുടെ ആർട്ട് ഗാലറി
വടകര നഗരസഭയ്ക്ക് ആർട്ട് ഗാലറി തുടങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. നഗരസഭ കെട്ടിടം നൽകിയാൽ ഗാലറി പ്രവർത്തനം തുടങ്ങാനുള്ള തുടർസൗകര്യങ്ങളും പിന്നീട് കൂടുതൽ ഫണ്ടും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, കെട്ടിടങ്ങൾ വെറുതേ കിടന്നിട്ടും നഗരസഭ നടപടിയെടുത്തില്ല. ഇതിനു ശേഷമാണ് വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി തുടങ്ങിയത്. ഇതോടെ നഗരസഭയുടെ പദ്ധതി ഉപേക്ഷിച്ച നിലയിലായി.

ജഗദീഷ് പാലയാട്ട്, ചിത്രകാരൻ

ബ്ലോക്ക് പഞ്ചായത്തിന്റെ ആർട്ട് ഗാലറി അടച്ചു പൂട്ടിയത് പ്രതിഷേധാർഹമാണ്. പകരം സംവിധാനമുണ്ടാക്കി പ്രവർത്തനം തുടരണം.

കെ.സന്തോഷ് കുമാർ,  ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്

നിലവിലുള്ള കെട്ടിടം അപകടാവസ്ഥയിലായതു കൊണ്ടാണ് ആർട്ട് ഗാലറി പൂട്ടിയത്. അടുത്ത ബജറ്റിൽ ഇതിനു വേണ്ടി ഫണ്ട് വകയിരുത്തും. കെട്ടിടം നിർമാണം ഉടൻ തുടങ്ങും.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com