ടുവേ ഗതാഗതം: ലിങ്ക് റോഡിലെ ബസ് പാർക്കിങ് കുരുക്കാവുന്നു

Mail This Article
വടകര ∙ഇരുദിശയിലേക്കും വാഹനം പോകാൻ അനുമതി ലഭിച്ച ലിങ്ക് റോഡിന്റെ ഒരു ഭാഗത്ത് ബസുകൾക്ക് അനുവദിച്ച സ്റ്റാൻഡ് മാറ്റാത്തത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു.ഇവിടെ മെയിൻ റോഡുമായി ചേരുന്ന ഭാഗത്ത് വൺവേ ആയപ്പോൾത്തന്നെ ബസുകളുടെ പാർക്കിങ് മൂലം കുരുക്കായിരുന്നു. എന്നാൽ, വാഹനം ഇരു ദിശയിലേക്കും പോകാൻ തുടങ്ങിയതോടെ ബസ് പാർക്കിങ് പഴയ സ്റ്റാൻഡിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമായി.അര കിലോമീറ്റർ ദൂരമുള്ള റോഡിൽ മറ്റിടത്തൊന്നും ഇരുദിശയിൽ വാഹനം ഓടുന്നത് പ്രശ്നമാകുന്നില്ല.
ഈ ഭാഗത്ത് പയ്യോളി വഴി പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തേക്കും ഇരിങ്ങൽ കൊളാവിപ്പാലത്തേക്കുമുളള വാഹനങ്ങൾ നിർത്തി ആളെ കയറ്റിയിറക്കുന്നതു കൊണ്ട് മാറ്റു വാഹനങ്ങളും നിറയുമ്പോൾ കുരുക്കാകുന്നു. ഇടം കിട്ടാത്തതു കൊണ്ടു രണ്ടു വരിയിൽ വരെ ബസുകൾ നിർത്തുന്നതാണു പ്രശ്നം. പിറകെ ഒട്ടേറെ ബസുകളും ഉണ്ടാകും. ബസ് നിർത്തുന്ന സ്ഥലം അപഹരിച്ചു സ്വകാര്യ വാഹനങ്ങളും നിർത്തിയിടും. വ്യാപാരി സംഘടനകളും മോട്ടർ തൊഴിലാളികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റാൻ നഗരസഭ നടപടിയെടുക്കുന്നില്ല.
ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റണം
വടകര ∙ ലിങ്ക് റോഡിലേക്ക് മാറ്റിയ പയ്യോളി വഴി കൊയിലാണ്ടി, പേരാമ്പ്ര, ഇരിങ്ങൽ കൊളാവിപ്പാലം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ.വിജയൻ ആവശ്യപ്പെട്ടു. ലിങ്ക് റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം പഴയ ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ള കച്ചവടക്കാർക്കും അതു ഗുണകരമാകും. ബസുകൾ ഇവിടെ നിന്നു മാറ്റിയതോടെ ലക്ഷങ്ങൾ നൽകി മുറികളെടുത്തു കച്ചവടം ചെയ്യുന്നവർക്കു വലിയ നഷ്ടമാണ്. ഇനിയും നടപടി വൈകിയാൽ ശക്തമായ സമരം നടത്തുമെന്നും വിജയൻ അറിയിച്ചു.