2022ന്റെ സന്തോഷഫലം; സ്നേഹവീട്
Mail This Article
കോട്ടയ്ക്കൽ ∙ കിഴക്കേപുരയ്ക്കൽ ശിവകുമാറിന്റെയും പരേതനായ മതാരി അബുവിന്റെയും കുടുംബം ഇപ്പോൾ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലാണു കഴിയുന്നത്. ഇതിലേക്കു വഴി തെളിച്ചതു മനോരമ നൽകിയ വാർത്തകളായിരുന്നു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ.വാരിയരുടെ സ്മരണയ്ക്കായി ജീവനക്കാർ നിർമിച്ചു നൽകിയ സ്നേഹ വീടുകളാണ് ഇവർക്കു ലഭിച്ചത്. വാരിയരുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ജൂലൈ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീടുകളുടെ താക്കോലുകൾ കൈമാറിയപ്പോൾ അത് ഒരു വാർത്തയിൽ തുടങ്ങിയ ശ്രമങ്ങളുടെ ശുഭപര്യവസാനമായി.
പക്ഷാഘാതം പിടിപെട്ട് ശിവകുമാർ (45) വാടക വീട്ടിലായിരുന്നു താമസം. മനോരമ വാർത്തയെത്തുടർന്ന് ജീവകാരുണ്യ പ്രവർത്തകരായ നാസർ മാനു, ഫൈസൽ കോട്ടയ്ക്കൽ എന്നിവർ ഇടപെടുകയും കോട്ടയ്ക്കൽ മാറാക്കര റോഡിലെ മദ്രസപ്പടിയിൽ 3 സെന്റ് സ്ഥലം വാങ്ങി നൽകുകയും ചെയ്തു. ഈ സ്ഥലത്താണ് ആര്യവൈദ്യശാല ജീവനക്കാർ വീട് നിർമിച്ചു നൽകിയത്. കാൻസർ ബാധിച്ചു മരിച്ച മതാരി അബുവിന്റെ കുടുംബത്തിന് നാട്ടുകാരാണ് വില്ലൂരിൽ 3 സെന്റ് സ്ഥലം അനുവദിച്ചത്.