വാട്ടർ ടാങ്കർ സമരം: ജലക്ഷാമം രൂക്ഷം; നിയന്ത്രണം ഏർപ്പെടുത്തി ഹൗസിങ് സൊസൈറ്റികൾ

Mail This Article
മുംബൈ∙ നഗരത്തിൽ ജലവിതരണം നടത്തുന്ന വാട്ടർ ടാങ്കറുകൾ അനിശ്ചിത കാല പണിമുടക്കിലായതിനാൽ മുംബൈയിൽ ജലക്ഷാമം രൂക്ഷമാകുന്നു. ചൂട് കൂടുന്നതിനൊപ്പം കോർപറേഷന്റെ ജലവിതരണം കുറഞ്ഞതും ഇരുട്ടടിയായി. പല ഹൗസിങ് സൊസൈറ്റികളിലും ഫ്ലാറ്റുകളിലും അത്യാവശ്യങ്ങൾക്ക് മാത്രം വെള്ളം ഉപയോഗിക്കുന്ന സാഹചര്യമാണ്. വാട്ടർ ടാങ്കറുകൾ ജലമെടുക്കുന്ന കിണറിന് ചുറ്റും ചുരുങ്ങിയത് 200 ചതുരശ്ര മീറ്ററോ അതിൽ അധികമോ സ്ഥലം വേണം എന്നതടക്കമുള്ള കേന്ദ്ര ഭൂഗർഭ ജല അതോറിറ്റിയുടെ (സിജെഡബ്ല്യുഎ) 2020ലെ മാർഗനിർദേശം കർശനമായി നടപ്പാക്കാനുള്ള ബിഎംസിയുടെ നീക്കമാണ് മുംബൈ വാട്ടർ ടാങ്കേഴ്സ് അസോസിയേഷനെ (എംഡ്ബ്ല്യുടിഎ) ചൊടിപ്പിച്ചത്.
വ്യാഴാഴ്ച മുതൽ സമരം ആരംഭിച്ചു. ബിഎംസി പുറപ്പെടുവിച്ച നോട്ടിസ് പിൻവലിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് അസോസിയേഷന്റെ തീരുമാനം. സ്വകാര്യ ജലവിതരണവുമായി ബന്ധപ്പെട്ട് സിജെഡബ്ല്യുഎയുടെ നിർദേശങ്ങൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രതിദിനം 4200 മില്യൻ ലീറ്റർ ജലമാണ് നഗരത്തിന് ആവശ്യം. ഇതിൽ 3850 മില്യൻ ലീറ്റർ ജലം വിതരണം ചെയ്യുന്നത് കോർപറേഷനാണ്. ബാക്കിയുള്ളത് വാട്ടർ ടാങ്കറുകളും. ഹോട്ടലുകൾ റസ്റ്ററന്റുകൾ എന്നിവയും വാട്ടർ ടാങ്കറുകളെ ആശ്രയിക്കാറുണ്ട്.
ദുരന്തനിവാരണ നിയമം നടപ്പാക്കി ബിഎംസി
വാട്ടർ ടാങ്കർ സമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തിൽ 2005 ലെ ദുരന്തനിവാരണ നിയമം കോർപറേഷൻ നടപ്പാക്കി. സമരത്തിലുള്ള മുംബൈ വാട്ടർ ടാങ്കേഴ്സ് അസോസിയേഷനെ വരുതിയിലാക്കാനാണിത്. ബിഎംസി വാർഡുകൾ, മുംബൈ പൊലീസ്, ഗതാഗത കമ്മിഷണറേറ്റ് എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഏകോപിത ശ്രമങ്ങളിലൂടെയായിരിക്കും ഇനിമുതൽ ടാങ്കർ പ്രവർത്തനങ്ങളുടെ നിയന്ത്രണം.