തൊട്ടടുത്തു നിന്ന് മുരൾച്ച, പിന്നാലെ കഴുത്തിനു നേരെ ചാടി കടുവ; നടുക്കം മാറാതെ രാഹുൽ

Mail This Article
എടത്തനാട്ടുകര ∙ നാട്ടുകാരെ ഞെട്ടിച്ച് എടത്തനാട്ടുകരയിൽ വീണ്ടും കടുവ ആക്രമണം. ചൂരിയോട് ഭാഗത്തെ സ്വകാര്യ റബർ തോട്ടത്തിൽ മെഷീൻ ഉപയോഗിച്ച് കാടു വെട്ടാൻ തയാറെടുക്കുന്നതിനിടെ യുപി സ്വദേശി രാഹുലിനു(28) നേരെയാണ് ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണു രാഹുൽ രക്ഷപ്പെട്ടത്. വെട്ടത്തൂരിൽ വാടകയ്ക്കു താമസിക്കുന്ന കാപ്പുപറമ്പ് സ്വദേശി കിളിയത്തിൽ കുഞ്ഞാലന്റെ തോട്ടത്തിലാണു രാഹുൽ പണിയെടുക്കുന്നത്. ഇവർ രാവിലെ 7 മണിയോടെ തോട്ടത്തിലെത്തി മെഷീൻ തയാറാക്കുന്നതിനിടെ തൊട്ടടുത്തു നിന്ന് മുരൾച്ച കേട്ടു.
തൊട്ടുപിന്നാലെ കടുവ കഴുത്തിനു നേരെ ചാടിയെങ്കിലും രാഹുൽ മറിഞ്ഞു വീണതാണു രക്ഷയായതെന്നു കുഞ്ഞാലൻ പറഞ്ഞു. രാഹുലിന്റെ ഇടത് കൈപ്പത്തിയിൽ കടുവയുടെ നഖം തട്ടി പരുക്കേറ്റിട്ടുണ്ട്. കാൽമുട്ടിലും ചെറിയ പരുക്കുണ്ട്. കോട്ടപ്പള്ളയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച് ചികിത്സ നൽകി. തോട്ടത്തിൽ വച്ച മെഷീൻ ഉപകരണങ്ങളും എട്ട് ലീറ്റർ പെട്രോളും അടങ്ങിയ ബാഗ് കടിച്ചെടുത്തു കൊണ്ടു പോയതായി കുഞ്ഞാലൻ പറഞ്ഞു. തിരുവിഴാംകുന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.ശശികുമാറും സംഘവും ഇവർ താമസിക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഏതു തരം ജീവിയാണ് ആക്രമിച്ചതെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നു ഡപ്യൂട്ടി റേഞ്ച് ഓഫിസർ പറഞ്ഞു.മാസങ്ങൾക്കു മുൻപ് പിലാച്ചോലയിൽ ടാപ്പിങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ തോട്ടത്തിനു സമീപത്തെ തോട്ടത്തിലാണ് ഇന്നലെ സംഭവം. അന്നു സമീപ തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റാൻ വനം ഉടമകൾക്ക് നിർദേശം നൽകാൻ വനംവകുപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
നടുക്കം മാറാതെ രാഹുൽ
വന്യജീവിയുടെ പെട്ടെന്നുള്ള ആക്രമണത്തിന്റെ നടുക്കം ഇപ്പോഴും രാഹുലിനെ വിട്ടകന്നു പോയിട്ടില്ല. മകൾ ഐഞ്ചലിന്റെ ഭാഗ്യം തുണയായതാണ് ഇപ്പോഴും ജീവനോടെ ഇരിക്കാൻ കാരണമെന്നും പരുക്കു നിസ്സാരമാണെങ്കിലും ആ നിമിഷം മനസ്സിൽ നിന്നു മായില്ലെന്നും രാഹുൽ പറയുന്നു. ആശുപത്രിയിൽ നിന്നു പത്തരയോടെ തിരിച്ചെത്തിയെങ്കിലും ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.. അപ്പോഴും ഭാര്യയും മകളും വിവരം അറിഞ്ഞിരുന്നില്ല. ഉച്ചയോടെയാണ് താമസസ്ഥലത്തേക്കു പോയത്. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ രാഹുൽ 7 വർഷമായി കുടുംബസമേതം കേരളത്തിലാണ്.
ഇത് ആദ്യ അനുഭവം: കുഞ്ഞാലൻ
കഴിഞ്ഞ 8 വർഷമായി കാടു വെട്ടുന്ന പണി തുടങ്ങിയിട്ടെന്നും ഇത്തരത്തിൽ ഒരു അനുഭവം ആദ്യമാണെന്നും കുഞ്ഞാലൻ പറഞ്ഞു. ഈ ഭാഗത്തു കടുവ, പുലി എന്നു പറഞ്ഞു കേൾക്കുന്നതല്ലാതെ കണ്ടിട്ടില്ലായിരുന്നു. കൺമുന്നിൽ മുന്നിൽ കണ്ട ഞെട്ടൽ ഇപ്പോഴും ഉണ്ടെന്നും ഇനി ഈ തോട്ടത്തിൽ വെട്ടാൻ പേടിയാണെന്നും ഇദ്ദേഹം പറഞ്ഞു. 20 മീറ്ററോളം അകലെ നിന്നാണ് രാഹുലിന്റെ തലയ്ക്കു മുകളിലൂടെ കടുവ ചാടിയത്. ഉടൻ ആർത്തു വിളിക്കുകയും മെഷീൻ ഓൺ ചെയ്ത് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നും ഇദ്ദേഹം പറഞ്ഞു.