ADVERTISEMENT

പാലക്കാട് ∙ നാട്ടിൽ ഭീതി പരത്തുന്ന കൊമ്പൻ പി.ടി.ഏഴാമനെ (പാലക്കാട് ടസ്കർ 7) പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള കൂട് നിർമിക്കാൻ മരങ്ങൾ മുറിച്ചു തുടങ്ങി. മുണ്ടൂർ ഒടുവങ്ങാട് ഭാഗത്തെ വനത്തിൽനിന്നാണു നൂറിലേറെ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നത്. ഇവ മുറിച്ചു തടിയാക്കാൻ കുറഞ്ഞത് 5 ദിവസമെടുക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. 18 അടി ഉയരത്തിൽ 15 മീറ്റർ വീതവും നീളവും വീതിയുമുള്ള കൂടാണു നിർമിക്കുക. 4 അടിയോളം വണ്ണമുള്ള നൂറിലധികം യൂക്കാലിപ്റ്റസ് തടികളാണ് ആവശ്യം.

കൂട് നിർമിക്കുന്ന ധോണിയിലെ ബേസ് ക്യാംപിൽ ഒരുക്കങ്ങൾ തുടങ്ങി. പി.ടി. 7ന്റെ നീക്കങ്ങൾ ഒരാഴ്ചയായി വനം വകുപ്പിന്റെ പ്രത്യേക സംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ ധോണിയിലെ വനത്തിനകത്തുള്ള ആന പൂർണ ആരോഗ്യവാനാണെന്നു വിലയിരുത്തുന്നു. യോജ്യമായ സ്ഥലത്തെത്തിച്ച ശേഷമായിരിക്കും മയക്കു വെടിവയ്ക്കുക. കൊമ്പനെ മയക്കുവെടിവച്ച ശേഷം ഉയർത്തി ലോറിയിൽ കയറ്റാനും ഇറക്കാനുമായി വയനാട് മുത്തങ്ങ ക്യാംപിൽ നിന്നെത്തിച്ച ഭരത്, വിക്രം കുങ്കി ആനകൾ ധോണിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. 26 അംഗ എലിഫന്റ് സ്ക്വാഡും ജോലികൾ തുടങ്ങി.

കാട്ടുകൊമ്പൻ പിടി ഏഴാമനെ തളയ്ക്കാനെത്തിയ കുങ്കിയാന വിക്രം.

എന്തുകൊണ്ട് യൂക്കാലിപ്റ്റസ് ?

കൂടു തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ ആനയ്ക്കു പരുക്കേൽക്കാതിരിക്കാനാണ് യൂക്കാലിപ്റ്റസ് മരങ്ങളുടെ തടി ഉപയോഗിക്കുന്നത്. ഈ തടികളിൽ ശക്തിയായി ഇടിച്ചാലും ആനയ്ക്ക് മുറിവേൽക്കാനുള്ള സാധ്യത കുറവാണ്. തടികൾ ചതയുമെന്നല്ലാതെ പൊട്ടില്ല. 4 വർഷം വരെ ഈ കൂട് കേടുകൂടാതെ ഉപയോഗിക്കാനുമാകും.

കൊമ്പനെ പിടികൂടിയാൽ എന്തു ചെയ്യും ?

3 മാസത്തോളം കൂട്ടിൽ ഇട്ടു മെരുക്കാനുള്ള ശ്രമം നടത്തും. മെരുങ്ങിക്കഴിഞ്ഞാൽ കുങ്കി ആക്കാനുള്ള പരിശീലനം തുടങ്ങും. എല്ലാ ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. ആനകളുടെ സ്വഭാവം, മറ്റു ആനകളോട് ഇടപെടുന്ന രീതി, ഉത്സാഹം, ആരോഗ്യം, പ്രായം എന്നിവയെല്ലാം പരിശോധിക്കും. മടിയൻ ആനയാണെങ്കിൽ കുങ്കിയാക്കാൻ കഴിയില്ല. മറ്റ് ആനകളുമായി അടിപിടി കൂടുന്ന ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. ഒരു വർഷത്തോളം പരിശീലനം നൽകിയിട്ടും ഫലമില്ലെങ്കിൽ ആനയെ കോടനാട്ടിലെ ക്യാംപിലേക്കു മാറ്റും.

പി.ടി 7ന് മെനു റെഡി

കൂട്ടിലെത്തിയാൽ പി.ടി.7നു വേണ്ട ഭക്ഷണത്തിന്റെ മെനു തയാറായി. തെങ്ങിൻ പട്ടയ്ക്കു പുറമേ മുതിര, ശർക്കര, റാഗി, ചോറ്, ഈന്തപ്പഴം, പഴം എന്നിവയെല്ലാം നൽകും. വൈറ്റമിൻ ഗുളികകൾ വരെയുണ്ട്. അണുക്കളെ പ്രതിരോധിക്കാൻ മഞ്ഞൾപ്പൊടിയും റെഡി. ആരോഗ്യ പരിശോധനകളും നടത്തും.

ഉണ്ണിക്കൃഷ്ണൻ പാലക്കാടിന്റെ കുങ്കി

മലമ്പുഴ വനമേഖലയിൽനിന്നു 2010ൽ 5 മാസം പ്രായമുള്ളപ്പോൾ ലഭിച്ച കൊമ്പൻ ഉണ്ണിക്കൃഷ്ണൻ മാത്രമാണു ഇപ്പോൾ 'പാലക്കാട്ടുകാരനായ' കുങ്കി. ഇപ്പോൾ 12 വയസ്സുള്ള ഉണ്ണിക്കൃഷ്ണൻ വയനാട്ടിലെ മുത്തങ്ങയിൽ കുങ്കിയാകാനുള്ള അവസാനഘട്ട പരിശീലനത്തിലാണ്. വയനാട്ടിൽ രണ്ടു കാട്ടാനകളെ പിടികൂടാൻ ഉണ്ണിക്കൃഷ്ണന്റെ സഹായം വനം വകുപ്പ് തേടിയിരുന്നു.

കൊലയാളി പീലാണ്ടി കുങ്കിയായില്ല

അട്ടപ്പാടിയിൽ നിന്നു 2017ൽ പിടികൂടിയ പീലാണ്ടി (ഇപ്പോൾ പീലാണ്ടി ചന്ദ്രു) എന്ന കൊമ്പനു മടി കൂടുതൽ ഉള്ളതിനാൽ കുങ്കിയാക്കാനായില്ല. മുത്തങ്ങയിൽ വർഷങ്ങളോളം പരിശീലനം നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നു കോടനാട് ആനക്കളരിയിൽ എത്തിക്കുകയായിരുന്നു. ഒൻപതു പേരെ കൊലപ്പെടുത്തി കാടും നാടും വിറപ്പിച്ച കൊമ്പന് അട്ടപ്പാടിക്കാർ ഇട്ട പേരായിരുന്നു പീലാണ്ടി. കോടനാട് എത്തിച്ചപ്പോൾ ചന്ദ്രു എന്ന പേരു കൂടി ചേർത്തു. ഇപ്പോൾ 40 വയസ്സുണ്ട്.

ഭരത്, വിക്രം; മാനസാന്തരം വന്ന വില്ലൻമാർ

മാനസാന്തരപ്പെട്ട വില്ലൻമാരാണു പിന്നീട് കുങ്കികളാകുന്നതെന്നാണ് ആനലോകത്തെ പൊതുവർത്തമാനം. നാട്ടിൽ ഉത്സവം നടക്കുന്ന സമയത്ത് ഏറ്റവും റൗഡികളായവരെ സംഘാടകസമിതിയുടെ ബാഡ്ജും നൽകി മുന്നിൽ നിർത്തുന്നതു പോലെയാണു ശല്യക്കാരായ ആനകളെ പിടികൂടി കുങ്കികളാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയോടു ചേർന്ന മേഖലകളെ വിറപ്പിച്ച കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് പാലക്കാട് ഏഴാമനെ പിടികൂടാൻ എത്തിയ ഭരതനും വിക്രമും. ഇവരുടെ പൂർവചരിത്രം ഇങ്ങനെ:

കല്ലൂർ കൊമ്പൻ എന്ന ഭരതൻ 

2016ൽ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കിയ ആനയെ നാട്ടുകാർ കല്ലൂർ കൊമ്പനെന്നു വിളിച്ചു. ഒന്നും കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവൻ. കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളിനു സമീപം ഒരാളെ ആക്രമിച്ചു പരുക്കേൽപ്പിച്ചതോടെ 2016 നവംബർ 22നു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കി.ഒരു വർഷം കഴിഞ്ഞിട്ടും കൊമ്പനെ പൂർണമായ തോതിൽ ഇണക്കി പുറത്തിറക്കാനായിരുന്നില്ല. പിന്നീട് കല്ലൂർ കൊമ്പൻ എന്ന പേര് ഭരതൻ എന്നായി. കാഴ്ചയിൽ വീരശൂരനെങ്കിലും ആളു പച്ചപ്പാവമാണെന്നതാണു ഭരതനെന്ന പേരു വീഴാൻ കാരണം. ആറാം തമ്പുരാൻ സിനിമയിലെ ഭരതൻ എസ്ഐ എന്ന സിനിമാ കഥാപാത്രമാണ് അതിനു കാരണമായത്.

വടക്കനാട് കൊമ്പൻ എന്ന വിക്രം

2017 നവംബർ മുതൽ മുത്തങ്ങയ്ക്കടുത്ത വടക്കനാടു മേഖലയെ വിറപ്പിച്ചവൻ. സ്ഥിരം പ്രശ്നക്കാരനായതോടെ കൊമ്പന്റെ നീക്കങ്ങളറിയാൻ 2018 മാർച്ച് 13നു മയക്കുവെടിവച്ചു പിടികൂടുകയും റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിടുകയും ചെയ്തു. റേഡിയോ കോളറിലൂടെ നീക്കങ്ങൾ പരിശോധിച്ചപ്പോൾ എല്ലാ ദിവസവുമെന്നോണം വടക്കനാട്ടെ കൃഷി മേഖലകളിലെത്തുന്നത് കണ്ടു. നെല്ലായിരുന്നു ഇഷ്ടഭക്ഷണം. തൊഴിലാളികൾ അരിവാൾ ഉപയോഗിച്ചു കൊയ്യുന്ന അതേ വഴക്കത്തിൽ ഇവൻ പാടം തുമ്പിക്കൈ കൊണ്ട് നശിപ്പിച്ചിരുന്നു. കാട്ടിൽ 4 കൊമ്പന്മാരടങ്ങിയ സംഘത്തിന്റെ നേതാവായിരുന്നു വടക്കനാട് കൊമ്പൻ.

ഇവനെ പിടികൂടാൻ നാട്ടുകാർ 22 ദിവസം നീണ്ട നിരാഹാര സമരങ്ങൾ നടത്തി. പൊൻകുഴിയിൽ ഗോത്ര വിദ്യാർഥിയായ മഹേഷിനെ കുത്തിക്കൊന്നതോടെ കഥ മാറി. വടക്കനാ‍ട് കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാൻ അന്നു രാത്രി തന്നെ ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ ഉത്തരവിറക്കി. 2019 ജനുവരി 18ന് ആദിവാസി വാച്ചർ കരിയനെ കുത്തിക്കൊന്നതും ഈ കൊമ്പനാണെന്നാണു സംസാരം. പിന്നീട് മയക്കുവെടി വച്ചു പിടികൂടി കൊമ്പനെ മെരുക്കിയെടുക്കാനും ഏറെക്കാലമെടുത്തു. വിക്രം എന്ന പേരാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നൽകിയിട്ടുള്ളത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com