ചപ്പക്കാട്ടിൽ കാട്ടാന കൃഷികൾ നശിപ്പിച്ചു

Mail This Article
മുതലമട ∙ ചപ്പക്കാട്ടിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 63 കവുങ്ങ്, 16 തെങ്ങ് എന്നിവയെ കൂടാതെ ഇരുന്നൂറ്റിയമ്പതോളം വാഴകളും നശിപ്പിച്ച കാട്ടാനക്കൂട്ടം ഒട്ടേറെ മാവുകളും നശിപ്പിച്ചിട്ടുണ്ട്. ചപ്പക്കാട് മൊണ്ടിമതി ഭാഗത്തു രണ്ടു കൊമ്പനും ഒരു കുട്ടിയും ഉൾപ്പെടുന്ന 9 അംഗ ആനക്കൂട്ടമാണു കൃഷി നശിപ്പിച്ചിരിക്കുന്നത്.

വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാടുകയറ്റിയെങ്കിലും സൗരോർജ വേലി തകർത്ത് ഇവ വീണ്ടും താഴെയിറങ്ങി. ചപ്പക്കാട്ടെ ശെൽവിയുടെ തോട്ടത്തിലെ കായ്ഫലമുള്ള 50 കവുങ്ങ്, 3 തെങ്ങ്, താജുന്നീസയുടെ 4 തെങ്ങ്, രുഗ്മിണിയുടെ രണ്ട് തെങ്ങ് എന്നിവയും ചെല്ലമുത്തുഗൗണ്ടറുടെ 10 വാഴയും നശിപ്പിച്ചതു കൂടാതെ കമ്പിവേലിയും വേലിക്കല്ലുകളും കാട്ടാനകൾ തകർത്തു.
മൊണ്ടിപതി ഭാഗത്തു ജോസിന്റെ 3 കവുങ്ങ്, മയിൽസ്വാമി ഗൗണ്ടറുടെ 3 തെങ്ങ്, ഇരുനൂറോളം വാഴകൾ, ഈശ്വരി കതിർവേലിന്റെ 2 തെങ്ങ്, 20 വാഴ ,ബിജുവിന്റെ 20 വാഴ, 10 കവുങ്ങ്, 2 തെങ്ങ് എന്നിവയും കാട്ടാനകൾ നശിപ്പിച്ചു. മുൻപ് മാസങ്ങളോളം കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരുന്നെങ്കിലും വനം വകുപ്പ് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാടു കയറ്റിയതായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മണാംപതി, വെള്ളാരംകടവ് ഈശ്വരൻപാറ, ചീളക്കാട്, മേച്ചിറ, സുക്കിരിയാൽ, പലകപ്പാണ്ടി, കള്ളിയമ്പാറ വേലാങ്കാട് എന്നിവിടങ്ങളിലും കാട്ടാനകളിലിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആനകൾ മലയടിവാരത്തു തുടരുന്നതു വനം വകുപ്പിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. കൃഷി നാശം സംഭവിച്ച തോട്ടങ്ങൾ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പ്രമോദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്.മണിയൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. ചപ്പക്കാട് ഭാഗത്തു കാട്ടാനകൾ നശിപ്പിച്ച സൗരോർജ വേലി പുനഃസ്ഥാപിക്കുകയും ചെയ്തു.