ഹെവി വാഹനങ്ങൾക്ക് നാളെ മുതൽ സീറ്റ് ബെൽറ്റ്, ക്യാമറ ഇല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല

Mail This Article
പാലക്കാട് ∙ ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നാളെ മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയതായി ആർടിഒ അറിയിച്ചു. ഡ്രൈവറുടെയും മുൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെയും സീറ്റുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കണം. വാഹനത്തിന്റെ അകത്തും പുറത്തും ദൃശ്യങ്ങൾ ലഭിക്കുന്ന വിധമാണു ക്യാമറ സ്ഥാപിക്കേണ്ടത്. ഇനി മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹാജരാകുന്ന വാഹനങ്ങളിൽ ഇവ ഉറപ്പാക്കണം. കെഎസ്ആർടിസി ബസുകളിൽ ഇവ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
എന്നാൽ, ഇതിനെതിരെ സ്വകാര്യ ബസ്, ലോറി ഉടമകളുടെ സംഘടനകൾ രംഗത്തെത്തി. ബസിലെ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചാലും മുന്നിലിരുന്നു യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാൻ തയാറായില്ലെങ്കിൽ അതിന്റെ പിഴ ഉടമ അടയ്ക്കേണ്ടി വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു ബസ് ഉടമകൾ പറയുന്നു. യാത്രക്കാരെ നിർബന്ധിച്ചു സീറ്റ് ബെൽറ്റ് ധരിപ്പിക്കാൻ ബസ് ജീവനക്കാർ ശ്രമിക്കുന്നതു വലിയ തർക്കത്തിനും പരാതിക്കും കാരണമാകുമെന്നാണ് ആക്ഷേപം. സീറ്റ് ബെൽറ്റ് വിഷയത്തിൽ ലോറി ഉടമകളുമായോ സംഘടനാ പ്രതിനിധികളുമായോ ആലോചിക്കാതെയാണു തീരുമാനമെന്നും പുനഃപരിശോധിക്കണമെന്നും ലോറി ഓണേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.