വഴിയോരങ്ങളിൽ ഇനി പൂക്കളുടെ സുഗന്ധം

Mail This Article
ചിറ്റാർ ∙ മലയോരനാടിന്റെ വഴിയോരങ്ങളിൽ ഇനി മന്ദാരവൂം,മുല്ലയും,റോസയും നാലു മണി ചെടികളും പൂവിടും. പൂക്കൾ തേടി പൂമ്പാറ്റയും വണ്ടുകളും പറന്നെത്തും. പാതയോരങ്ങൾ മനോഹരമാക്കുന്നതിനു ‘മാലിന്യമുക്തം നവകേരളം’ ക്യാംപയിന്റെ ഭാഗമായി പഞ്ചായത്തും വയ്യാറ്റുപുഴ വികെഎൻഎംവിഎച്ച്‌എസ്‌എസിലെ എൻഎസ്എസ് യൂണിറ്റും ചേർന്ന് സജ്ജമാക്കിയ രണ്ടു സ്നേഹാരാമങ്ങൾ നാടിനു സമർപ്പിച്ചു. കുട്ടികൾ ഏറെ പരിശ്രമിച്ചാണ് ചിറ്റാർ ബസ് സ്റ്റാൻഡിലെയും ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വഴിയോരത്തും ഉണ്ടായിരുന്ന മാലിന്യ കൂമ്പാരം നീക്കം ചെയ്തത്. ബസ് സ്റ്റാൻഡിനു സമീപമുള്ള മതിൽ കഴുകി വൃത്തിയാക്കി പെയിന്റടിച്ച് അതിൽ ബോധവൽക്കരണ ചിത്രങ്ങളും വാക്യങ്ങളും ഉൾപ്പെടുത്തി വർണ മനോഹരമാക്കിയാണ് സ്നേഹാരാമങ്ങൾ രൂപപ്പെടുത്തിയെടുത്തത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ വശങ്ങൾ പഴയ കുപ്പികൾ കൊണ്ട് അലങ്കരിച്ചു.
ഇവയ്ക്കു നിറങ്ങൾ നൽകി ഇരിപ്പിടങ്ങൾ ഏറെ ഭംഗിയാക്കി. ടൗണിൽ സജ്ജമാക്കിയ സ്നേഹാരാമം പഞ്ചായത്ത് പ്രസിഡന്റ് ഇൻ–ചാർജ് രവികല എബിയും ബസ്കാത്തിരിപ്പ് കേന്ദ്രത്തിൽ നിർമിച്ച സ്നേഹാരാമം പഞ്ചായത്ത് അംഗങ്ങളായ ജോർജ് തെക്കേൽ, എ ബഷീർ എന്നിവർ ചേർന്ന് നാടിനു സമർപ്പിച്ചു. കുട്ടികളുടെ കഠിനാധ്വാനം കണ്ട നാട്ടുകാരും ഒപ്പം കൂടി പദ്ധതിയെ കൂടുതൽ ജനകീയമാക്കി. പഞ്ചായത്തിൽ കൂടുതൽ സ്നേഹാരാമങ്ങൾ ഒരുക്കുമെന്നും നടപ്പിലാക്കിയവ വിജയകരമായി പരിപാലിക്കാൻ പരിശ്രമിക്കുമെന്നും പ്രിൻസിപ്പിൽ പറഞ്ഞു. പ്രിൻസിപ്പിൽ എൻ.ജ്യോതിഷ്കുമാർ, പിടിഎ പ്രസിഡന്റ് സുഭഗി ഹരി, പഞ്ചായത്ത് അംഗം പി. ആർ. തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി കെ.ബി ബാലനാരായണൻ,പ്രധാന അധ്യാപിക ടി.എച്ച് ഷൈലജ, പ്രോഗ്രാം ഓഫിസർ കെ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.