മനം നിറച്ച് മകരദീപം; പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു.

Mail This Article
ശബരിമല ∙ ഭക്തലക്ഷങ്ങൾക്കു ജന്മസാക്ഷാത്കാരമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനം. ശരണം വിളിച്ചു കാത്തിരുന്ന അയ്യപ്പഭക്തർക്കു മുന്നിൽ കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം മിന്നിനിന്നു. തിരുവാഭരണം ചാർത്തി ശ്രീഭൂതനാഥന്റെ ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞതോടെ മഞ്ഞല നീക്കി പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ഭക്ത മനസ്സുകളെ കുളിരണിയിച്ച് അതു രണ്ടുവട്ടം കൂടി മിന്നിമാഞ്ഞു. കാനനവാസനെ തൊഴുതു വണങ്ങി ഭക്തർ മലയിറങ്ങി.
കാനനം കാവിയും കറുപ്പുമുടുത്ത സന്ധ്യയിൽ പൊന്നമ്പലവാസന്റെ ദർശനം ലഭിച്ചവരുടെയും ദർശനത്തിനായി കാത്തുനിൽക്കുന്നവരുടെയും ശരണംവിളികൾ തിരുമുറ്റത്തും വലിയ നടപ്പന്തലിലും തിരുവാഭരണ യാത്രയ്ക്ക് അകമ്പടിയായി. തിരുവാഭരണ ഘോഷയാത്ര 6.30ന് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗം എ.അജികുമാർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
ബലിക്കൽപുര വാതിലിലൂടെ സോപാനത്തെത്തിയപ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ ശരണമന്ത്രങ്ങൾ ഉച്ചത്തിലായി. മകര നക്ഷത്രം തെളിഞ്ഞതോടെ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായി. മഞ്ഞും ഇരുട്ടും കാഴ്ച മറയ്ക്കുമോ എന്ന ആശങ്കയായിരുന്നു. 6.47ന് ആദ്യം ജ്യോതി തെളിഞ്ഞപ്പോൾ ഭക്തർ ശരണം വിളി മുഴക്കി.തീർഥാടനത്തിനു സമാപനം കുറിച്ച് 20നു രാവിലെ 6.30നു നട അടയ്ക്കും.