ചെങ്കൽ യുപി സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു
Mail This Article
നെയ്യാറ്റിൻകര∙ ചെങ്കൽ യുപി സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. ഏഴാം ക്ലാസ് വിദ്യാർഥിനിയും ചെങ്കൽ മേക്കോണം ജയൻ നിവാസിൽ ഷിബുവിന്റെയും ബീനയുടെയും ഇളയ മകളുമായ നേഹയെ (12) ആണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാമ്പുകടിച്ചത്. കുട്ടി ഇപ്പോൾ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിഷമുള്ള പാമ്പല്ല കടിച്ചതെന്നു കരുതുന്നു.സ്കൂളിൽ ഇന്നലെ നടത്തിയ ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഭവം.
ക്ലാസ് മുറിക്കുള്ളിലായിരുന്ന നേഹയുടെ വലതു കാൽപാദത്തിൽ മുള്ള് കുത്തുന്നതു പോലെ വേദന അനുഭവപ്പെട്ടു. നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. സാമാന്യം വലുപ്പമുള്ള പാമ്പിനെ കണ്ട കുട്ടികൾ ഭയന്നോടി. പിന്നീട് മറ്റു ക്ലാസ് മുറികളിൽ നിന്ന് അധ്യാപകരെത്തി പാമ്പിനെ തല്ലിക്കൊന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ വട്ടവിള കുടുംബ ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്നു ജനറൽ ആശുപത്രിയിലും എത്തിച്ചു. നേഹയുടെ നില ഗുരുതരമല്ല.സ്കൂൾ വളപ്പിൽ പുല്ലും പാഴ്ച്ചെടികളും വളർന്നിട്ടുണ്ട്. ഇതാകാം പാമ്പ് അവിടെയെത്താൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സ്കൂൾ പരിസരത്ത് കാടും പടർപ്പും പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ഇത് അവഗണിച്ചെന്നും അവർ കുറ്റപ്പെടുത്തി.