ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നശിക്കുന്നത് ലക്ഷങ്ങൾ ചെലവിട്ട കണ്ടെയ്നർ കെട്ടിടം

Mail This Article
പാറശാല∙ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങൾ. ദേശീയപാതയിൽ അമരവിള പാലത്തിനു സമീപം വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റ് പ്രവർത്തിച്ചിരുന്ന ഇരുമ്പിൽ നിർമിച്ച കണ്ടെയ്നർ കെട്ടിടം ആണ് പൊളിച്ചു മാറ്റാതെ നശിക്കുന്നത്. പത്ത് വർഷം മുൻപ് വൻ തുക ചെലവിട്ട് വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റിനു വേണ്ടി ആയിരുന്നു ശീതീകരിച്ച ഒാഫിസ് നിർമിച്ചത്.
ജിഎസ്ടി എത്തിയതോടെ അതിർത്തി ചെക്പോസ്റ്റുകളുടെ പ്രവർത്തനം നിർത്തി വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് വശത്ത് നിർമിച്ച കണ്ടെയ്നർ മറ്റ് അവശ്യ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനോ പൊളിച്ചു വിൽപന നടത്താനോ അധികൃതർ നടപടി സ്വീകരിച്ചില്ല. ഉപയോഗശുന്യമായതോടെ തുരുമ്പ് കയറി കെട്ടിടം പൂർണമായും നശിച്ചു കഴിഞ്ഞു.
ഇരുപത് മീറ്റർ വീതിയിൽ നിർമിച്ച ക്യാബിനും ശുചിമുറിയും അടക്കം ഇരുമ്പിൽ നിർമിച്ച കെട്ടിടം പൊളിച്ച് മാറ്റി വിൽപന നടത്തിയാൽ ലക്ഷക്കണക്കിനു രൂപ സർക്കാരിനു ലഭിക്കും. കെട്ടിടം കാടു കയറിയതോടെ ഇഴജന്തുക്കളുടെ കേന്ദ്രമായി പ്രദേശം മാറിയിട്ടുണ്ട്. തുരുമ്പെടുത്ത കെട്ടിടം പൊളിച്ചു മാറ്റിയാൽ വാഹന പാർക്കിങ്ങിനു കൂടുതൽ സ്ഥലം ലഭ്യമാകും എന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.