ADVERTISEMENT

റോഷൻ ആൻഡ്രൂസിന്റെ സിനിമ ‘സാറ്റർഡേ നൈറ്റി’ന്റെ ട്രെയ്‌ലർ. നിവിൻ പോളിയുടെ കഥാപാത്രം ഒരു തമിഴ് കഥാപാത്രത്തോട് ‘എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്നു ചോദിക്കുന്ന സന്ദർഭം. ‘ഇറ്ക്കെടാ, ഇറ്ക്ക്’ എന്ന മറുപടി. ട്രെയിലർ ഇറങ്ങിയപ്പോൾ സബ്ടൈറ്റിലിൽ വന്നതാകട്ടെ ‘സിറ്റ് മാൻ, സിറ്റ്’ എന്നും. അബദ്ധം ഉടൻ തിരിച്ചറിഞ്ഞു തിരുത്തിയതിനാൽ ട്രോൾ വാങ്ങാതെ രക്ഷപ്പെട്ടെന്നു പറയുകയാണ് സബ്ടൈറ്റിലിസ്റ്റ് അഞ്ജന നായർ.

ഭാഷയുടെ അതിരുകൾ ഭേദിച്ച് മലയാള സിനിമകളും വെബ് സീരീസുകളും ഡോക്യുമെന്ററികളുമൊക്കെ ലോകത്തുടനീളം സഞ്ചരിക്കുമ്പോൾ കൂടുതൽ വിശാലമായി മാറിയ തൊഴിൽമേഖലയാണ് സബ്ടൈറ്റിലിങ്. അനൗപചാരിക തൊഴിൽമേഖല. നല്ല ഭാഷാസ്വാധീനമുള്ളവർക്കും വിവർത്തനം ഇഷ്ടപ്പെടുന്നവർക്കും ആസ്വദിച്ചു ചെയ്യാവുന്ന ജോലി. 

ഇന്നു സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും പരസ്യങ്ങളിലും വരെ സബ്ടൈറ്റിൽ ചെയ്യുന്നുണ്ട്. സ്ട്രീമിങ് സൈറ്റുകൾ വന്നതോടെ ഏതു ഭാഷയിലുള്ള സിനിമകൾക്കും സീരിയലുകൾക്കും സബ്ടൈറ്റിൽ വന്നുതുടങ്ങി. മലയാളത്തിനും ഇംഗ്ലിഷിനും പുറമേ മറ്റു ഭാഷകൾ കൂടി കൈകാര്യം ചെയ്യാനറിയുന്നവർക്കു സാധ്യത കൂടും. 

പാട്ടു സീനിൽ പണി പാളും
ആനപ്പാറ എൽപി സ്കൂളിനെ ‘എലിഫന്റ് റോക്ക്’ എൽപി സ്കൂളെന്നും ഉപ്പുമാവിനെ ‘സോൾട്ട് മാംഗോ ട്രീ’ എന്നുമൊക്കെ സിനിമയിൽ നായകൻ വിശേഷിപ്പിക്കുന്നത്ര എളുപ്പമല്ല പല സംഭാഷണങ്ങൾക്കും യോജിച്ച സബ്ടൈറ്റിൽ കണ്ടെത്തുന്നത്. പ്രത്യേകിച്ചും ഗാനരംഗങ്ങൾ. ‘എന്റമ്മേടെ ജിമിക്കി കമ്മൽ’ ഓർത്തുനോക്കൂ. 

കോമഡി രംഗങ്ങൾക്കു സബ്ടൈറ്റിൽ ഒരുക്കുന്നതും ശ്രമകരമായ കാര്യമാണ്. മലയാള സിനിമയിൽ പോലും ഇതരഭാഷയിലെ പാട്ടുകൾ വരുന്നുണ്ടല്ലോ. ഇവയ്ക്കും സബ്ടൈറ്റിൽ വേണം. അർഥം മാറിപ്പോകാതിരിക്കാൻ ഗാനരചയിതാക്കളോടു റഫ് ട്രാൻസ്‌ലേഷൻ ആവശ്യപ്പെടാം. തുടക്കത്തിൽ സാങ്കേതികവിദ്യയോ മറ്റു വിവരങ്ങളോ പങ്കുവയ്ക്കാൻ ആരും തയാറായില്ലെന്നും വരും. അതു സ്വയം പഠിച്ചെടുക്കണം.

വേണം, സാങ്കേതിക മികവും 
സബ്ടൈറ്റിലിങ്ങിനു സഹായകരമായ സോഫ്റ്റ്‌വെയറുകൾ വിപണിയിലുണ്ട്. അവ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ദൈർഘ്യം കുറഞ്ഞ സ്ലൈഡുകളായാണ് (കാർഡുകൾ) ഓരോ രംഗത്തിനും സബ്ടൈറ്റിൽ ഒരുക്കേണ്ടത്. സീനുകൾക്ക് അനുസരിച്ച് സമയപരിധി നിശ്ചയിച്ച് സ്ലൈഡുകൾ ക്രമീകരിക്കണം. ഇത്തരത്തിൽ ഒരു മിനിറ്റ് ഡയലോഗിന് 30 കാർഡുകൾ വരെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സബ്ടൈറ്റിൽ ചെയ്തശേഷം അസിസ്റ്റന്റ് ഡയറക്ടർമാരിൽ ആരെങ്കിലും ചിത്രം ഓടിച്ചുകാണുമെങ്കിലും തെറ്റുകൾ സംഭവിച്ചാൽ ഉത്തരവാദിത്തം സബ്ടൈറ്റിലിസ്റ്റിന്റേതു മാത്രമാണ്. 

ഒരു സിനിമയ്ക്ക് 10 ദിവസം വരെ
രണ്ടര മണിക്കൂർ സിനിമയ്ക്കു സബ്‌ടൈറ്റിലുകൾ ഒരുക്കാൻ ഒന്നോ രണ്ടോ ദിവസം പോരേ എന്നു കരുതിയാൽ തെറ്റി. സിനിമ മുഴുവൻ പലതവണ കാണണം. സന്ദർഭവും പശ്ചാത്തലവും മനസ്സിലാക്കണം. പ്രാദേശിക പ്രയോഗങ്ങൾക്കു പകരം എല്ലാവർക്കും മനസ്സിലാകുന്ന പ്രയോഗങ്ങൾ കണ്ടെത്തണം. അസഭ്യ വാക്കുകൾ മയപ്പെടുത്തണം. എന്നാൽ ആ സീനിന്റെ വികാരം ചോർന്നുപോകാനും പാടില്ല. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ശരാശരി 7-10 ദിവസം കൊണ്ടേ ഒരു സിനിമ പൂർത്തിയാകൂ. ചില ചിത്രങ്ങൾ രണ്ടോ മൂന്നോ ദിവസംകൊണ്ടു തീർക്കേണ്ടിവരുമെന്നതും വെല്ലുവിളിയാണ്.

തുടക്കത്തിൽ 40,000 വരെ
അവസരങ്ങൾ കിട്ടാൻ സിനിമയുമായി ചേർന്നുനിൽക്കുന്നവരുമായി പരിചയവും സൗഹൃദവും ഉണ്ടാക്കിയെടുക്കണം. പ്രധാനമായും തിരക്കഥാകൃത്ത്, ഡയറക്ടർ, പ്രൊഡ്യൂസർ എന്നിവർ വഴിയാണ് അവസരം ലഭിക്കുന്നത്. സിനിമയുടെ ബജറ്റും സബ്ടൈറ്റിലിസ്റ്റിന്റെ എക്സ്പീരിയൻസും അനുസരിച്ചാണ് പ്രതിഫലം. തുടക്കക്കാർക്ക് 40,000 രൂപ വരെ കിട്ടാറുണ്ട്. 

ചിത്രീകരണം പൂർത്തിയാക്കി, എഡിറ്റ് ചെയ്ത, വാട്ടർമാർക്കുള്ള സിനിമയാണ് സബ് ടൈറ്റിലിസ്റ്റിന്റെ കയ്യിൽ ലഭിക്കുന്നത്. സബ് ടൈറ്റിലിങ്ങിനു ശേഷമേ സെൻസർ ബോർഡിലേക്ക് അയയ്ക്കൂ. ആ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവുമടുത്ത ആളുകളല്ലാതെ പുറത്തുനിന്നൊരാൾ ചിത്രം കാണുന്നതും ആദ്യമായിരിക്കും. അതിനാൽ ചോർന്നുപോകാതെ സൂക്ഷിക്കേണ്ടത് സബ്‌ടൈറ്റിൽ ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്. ഒപ്പം ക്രിയേറ്റീവ് ഫ്രീഡം അതിരു കടക്കാതിരിക്കാനും ശ്രദ്ധിക്കണം. പാർട്‌ടൈം ആയി ചെയ്യാവുന്ന മികച്ച ജോലിയാണിത്. 
അഞ്ജന നായർ

Content Summary:

Subtitle Snafu to Success: Inside the Subtle Science of Film Translation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com