എംജി സർവകലാശാല: കാഴ്ചപരിമിതർക്ക് ഇനി ബ്രെയിൽ ലിപിയുള്ള സോഫ്റ്റ്‌വെയറിൽ പ്രോജക്ട് തയാറാക്കാം

Mail This Article
കോട്ടയം : കാഴ്ചപരിമിതിയുള്ള കോളജ് വിദ്യാർഥികൾക്ക് എംജി സർവകലാശാലയിൽ ഇനി ഇന്റേണൽ പ്രോജക്ടുകൾ ബ്രെയിൽ ലിപിയുള്ള സോഫ്റ്റ്‌വെയറിൽ തയാറാക്കി നൽകാം. കേരളത്തിൽ ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി ഇത്തരം തീരുമാനമെടുക്കുന്നത്. സ്ക്രൈബിനെ (എഴുത്ത് സഹായി) കൊണ്ട് പ്രോജക്ടുകൾ എഴുതിപ്പിച്ചു സമർപ്പിക്കുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്.
കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലുവ യുസി കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായ എൻ.ആസിഫ് മുഹമ്മദ്, ടി.യു.അനന്തകൃഷ്ണൻ എന്നിവർ വൈസ് ചാൻസലർക്ക് നൽകിയ അപേക്ഷ പരിഗണിച്ച് അക്കാദമിക് കൗൺസിൽ യോഗമാണ് ഈ ആവശ്യം അംഗീകരിച്ചത്.
കാഴ്ച പരിമിതിയുള്ള ബിരുദ– ബിരുദാനന്തര വിദ്യാർഥികൾക്ക് ഏറെ സഹായകരമാണ് പുതിയ തീരുമാനം. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ കേന്ദ്ര സാമൂഹികനീതി മന്ത്രാലയവും യുജിസിയും അംഗീകരിച്ച മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയതെന്നു സർവകലാശാല അധികൃതർ പറഞ്ഞു. പരീക്ഷ എഴുതാൻ കൂടുതൽ വിദ്യാർഥികൾ ഉണ്ടെങ്കിൽ ചോദ്യക്കടലാസിനും ബ്രെയിൽ ലിപി, ഡിജിറ്റൽ രീതി തുടങ്ങിയ സാധ്യതകൾ പരിഗണിക്കും.