ADVERTISEMENT

നാനൂറ് കോടി വര്‍ഷത്തിലേറെ പഴക്കമുണ്ട് ഭൂമിക്ക്. ഭൂമിയിലെ ജീവനാകട്ടെ 350 കോടി വര്‍ഷത്തിലേറെയുള്ള കാലത്തിനിടയില്‍ ഒട്ടേറെ പരിണാമങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പല ജീവികളുടെയും ജീവിവര്‍ഗങ്ങളുടെ തന്നെ കൂട്ടവംശനാശത്തിനും പുതിയ ജീവികളുടെ രൂപപ്പെടലിനുമെല്ലാം സാക്ഷ്യം വഹിച്ചിട്ടുണ്ട് ഭൂമി. ഭൂമിയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചത് അഞ്ച് വലിയ കൂട്ട വംശനാശങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറാമതൊരു കൂട്ട വംശനാശം കൂടി വൈകാതെ സംഭവിക്കുമെന്ന് ശാസ്ത്രലോകം   പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ വംശനാശം പടിവാതിലിലെത്തി എന്നാണ് പുതിയ തെളിവുകള്‍ നിരത്തി ഒരു സംഘം ഗവേഷകര്‍ വാദിക്കുന്നത്.

എന്താണ് കൂട്ടവംശനാശം

നിലവിലുള്ള ജീവിവര്‍ഗങ്ങളിലെ നാലില്‍ മൂന്ന് ഭാഗവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇല്ലാതാകുന്നതിനെയാണ് കൂട്ടവംശനാശം എന്നു വിളിക്കുന്നത്. ഭൂമിയുടെ ബില്യണ്‍ കണക്കിനു നീളുന്ന വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ കൂട്ടവംശനാശത്തിനുള്ള ചുരുങ്ങിയ കാലയളവ് എന്നതുകൊണ്ട് ശാസ്ത്രം ഉദ്ദേശിക്കുന്നത് ഏതാണ്ട് 25 ലക്ഷം വര്‍ഷങ്ങളാണ്. 

ഭൂമിയിലെ ജീവന്‍ ഇത്രയധികം വൈവിധ്യമാര്‍ന്നതായി മാറുന്നത് ക്യാംബ്രിയന്‍ യുഗം മുതലാണ്. ഏകദേശം 54 കോടി വര്‍ഷം മുന്‍പാണ് ഈ ക്യാംബ്രിയന്‍ യുഗം ആരംഭിച്ചത്. ഇങ്ങനെ ഭൂമിയിലെ ജൈവവൈവിധ്യം പടര്‍ന്നു പന്തലിച്ച ശേഷമാണ് 5 കൂട്ടവംശനാശങ്ങളും ഉണ്ടായിട്ടുള്ളത്. ഈ അഞ്ച് കൂട്ടവംശനാശങ്ങളെയും അടിസ്ഥാനമാക്കി ഗവേഷകര്‍ നിഗമനത്തിലെത്താന്‍ ശ്രമിക്കുന്നത് ഒരു കാര്യത്തിലാണ്. വൈകാതെ സംഭവിക്കാന്‍ പോകുന്ന ആറാമത്തെ കൂട്ട വംശനാശത്തിന് കാരണം മനുഷ്യരാണോ അതോ സ്വാഭാവികമായി സംഭവിക്കുന്നതോ ?

അഞ്ച് കൂട്ടവംശനാശങ്ങള്‍

ഭൂമിയില്‍ ഇതുവരെ സംഭവിച്ചിട്ടുള്ള അഞ്ച് കൂട്ടവംശനാശങ്ങളും ഏതാണ്ട് കൃത്യമായ ഇടവേളകളിലാണ്. 10 കോടി വര്‍ഷങ്ങളാണ് ഈ ഇടവേളയായി ഗവേഷകര്‍ വിലയിരുത്തുന്നത്.ഇവയെല്ലാം തന്നെ അമ്പതിനായിരം വര്‍ഷങ്ങള്‍ മുതല്‍ 25 ലക്ഷം വര്‍ഷം വരെ വ്യത്യസ്തമായ തോതില്‍ നീണ്ടു നിന്നവയാണ്. 44 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒര്‍ഡോവിഷ്യന്‍ യുഗത്തില്‍ സംഭവിച്ച കൂട്ട വംശനാശമാണ് ഈ അഞ്ചെണ്ണത്തില്‍ ആദ്യത്തേത്. ഈ വംശനാശത്തില്‍ ഭൂമുഖത്തുണ്ടായിരുന്ന 85 ശതമാനം ജീവികളും ഇല്ലാതായി.

കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ വംശനാശങ്ങളിലും തന്നെ പ്രധാന കാരണമായത്. എന്നാല്‍ ഈ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നു മാത്രം. രണ്ടാമത്തേത് 37 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പും, മൂന്നാമത്തേത് സംഭവിച്ചത് 25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെർമിയന്‍ യുഗത്തിലായിരുന്നു. അഞ്ച് കൂട്ടവംശനാശങ്ങളില്‍ വച്ച് ഏറ്റവും വിനാശകാരിയായിരുന്നത് മൂന്നമത്തേതായിരുന്നു എന്നാണ് വിലയിരുത്തുന്നത്. ഇതിന് ശേഷം അഞ്ച് കോടി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അടുത്ത കൂട്ട വംശനാശം കൂടി സംഭവിച്ചു. ഇതില്‍ ഭൂമുഖത്ത് നിന്ന് അന്ന് നിലവിലുണ്ടായിരുന്ന 80 ശതമാനത്തോളം ജീവികളാണ് അപ്രത്യക്ഷമായത്.

ഏറ്റവും ഒടുവിലത്തേതും പ്രശസ്തമായതുമായ വംശനാശം സംഭവിക്കുന്നത് ക്രറ്റേഷ്യസ് യുഗത്തിലാണ്. ഭൂമിയിലെ 76 ശതമാനം ജീവിവര്‍ഗങ്ങളെയും ഇല്ലാതാക്കിയ ശേഷമാണ് ഈ കാലഘട്ടം അവസാനിച്ചത്. ഇങ്ങനെ ഇല്ലാതായ ജീവിവര്‍ഗങ്ങളില്‍ ഭൂമി കണ്ടെ ഏറ്റവും വലിയ ജീവികളായ ഡിനോസറുകളും ഉള്‍പ്പെടുന്നു. ഡിനോസറുകളുടെ ഈ ഇല്ലാതാകലാണ് മനുഷ്യരുള്‍പ്പടെയുള്ള പല ജീവികളുടെയും ആവിര്‍ഭാവത്തിലേക്ക് നയിച്ചത്

നിലവിലെ ജൈവവൈവിധ്യ പ്രതിസന്ധി കൂട്ടവംശനാശത്തിന്‍റെ തുടക്കമോ ?

ഈ നിര്‍ണായക ചോദ്യമാണ് ഗവേഷക ലോകം ഇന്നു മുന്നോട്ടു വയ്ക്കുന്നത്. മുന്‍പ് കൂട്ടവംശനാശത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ക്ക് സമാനമാണ് ഇന്ന് ഭൂമിയിലെ ജീവിവര്‍ഗം നേരിടുന്ന പ്രതിസന്ധി. ഈ സാഹചര്യം സൃഷ്ടിച്ചതാകട്ടെ പ്രകൃതി വിഭവങ്ങളില്‍ മനുഷ്യന്‍ നടത്തിയ അമിത ചൂഷണമാണ്.  മനുഷ്യന്‍റെ ഇടപെടല്‍ കൂട്ട വംശനാശത്തിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്ന രണ്ട് തരത്തിലുള്ള കണക്കുകളാണ്.

കൂട്ടവംശനാശ സമയത്തെ ജീവികളുടെ മരണ നിരക്കും, മറ്റുള്ള കാലഘട്ടത്തിലെ ജീവികളുടെ മരണ നിരക്കും തമ്മിലുള്ള താരതമ്യമാണ് ഈ കണക്കുകള്‍. ഇവയില്‍ കൂട്ട വംശനാശ സമയത്തെ ജീവികളുടെ മരണ നിരക്കിനേക്കാളും കൂടുതലാണ് ഇപ്പോഴത്തെ ജീവികളുടെ മരണ നിരക്ക് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ വംശനാശം സംഭവിച്ചതോ വംശനാശ ഭീഷണി നേരിടുന്നതോടെ ആയ ജീവികളുടെ പട്ടിക തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ഇപ്പോഴത്തെ നിരക്കില്‍ മുന്നോട്ടു പോയാല്‍ മറ്റൊരു കൂട്ടവംശനാശത്തിലേക്കു തന്നെയാണ് ഇപ്പോഴത്തെ കാലഘട്ടം എത്തിപ്പെടുകയെന്ന നിഗമനം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നതും ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ്.

ഉദാഹണത്തിന് 1970 ന് ശേഷം ഭൂമിയില്‍ നിന്ന് 60 ശതമാനത്തോളം നട്ടെല്ലുള്ള ജീവികള്‍ അപ്രത്യക്ഷമായതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയില്‍ നിന്നു മാത്രമുള്ള കണക്കെടുത്താന്‍ മനുഷ്യരുടെ ഈ ഭൂഖണ്ഡത്തിലേക്കുള്ള എത്തിച്ചേരലിനു ശേഷം വംശനാശം സംഭവിച്ചത് നട്ടെല്ലുള്ള 100 ജീവി വര്‍ഗങ്ങൾക്കാണ്. ഈ കണക്കുകളെല്ലാമാണ് ഇപ്പോള്‍ ഭൂമി അടുത്ത കൂട്ടവംശനാശത്തിന്‍റെ വക്കിലാണെന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചതും. 

English Summary:  Are We Really in a 6th Mass Extinction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com