വജ്രഖനനത്തിനിടെ കണ്ടെത്തിയത് നിഗൂഢ ശേഷിപ്പുകള്‍; അമ്പരന്ന് ശാസ്ത്രലോകം!
Mail This Article
ഭൂമിയുടെ ഘടന ഇന്നു കാണുന്ന സ്ഥിതിയിലാകുന്നത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പരിണാമങ്ങളിലൂടെയാണ്. ഈ പരിണാമങ്ങളെക്കുറിച്ചോ ഭൂമിയുടെ പൂര്‍വകാലത്തെക്കുറിച്ചോ ചെറിയൊരു അംശം പോലും മനസ്സിലാക്കാന്‍ ഇതുവരെ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ഇത്തരം പഠനങ്ങള്‍ക്കാവശ്യമായ സ്രോതസുകളുടെ അഭാവം തന്നെയാണ് പ്രധാന വിലങ്ങുതടി. അതുകൊണ്ട് തന്നെ പുരാതന കാലത്തെ ശേഷിപ്പുകളില്‍ ഏതെങ്കിലും ഒന്നിന്‍റെ പഠനത്തിലേക്കുള്ള സാധ്യത എന്നത് ഗവേഷകര്‍ക്ക് അത്യപൂര്‍വ അവസരമാണ്. ഇത്തരം ഒരു അവസരമാണ് വടക്കന്‍ കാനഡയുടെ കിഴക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന ബഫിന്‍ ദ്വീപില്‍ നിന്നു ലഭിച്ച ചില ശിലാപാളികള്‍ ഗവേഷകര്‍ക്കു നല്‍കുന്നത്.
ബഫിന്‍ ദ്വീപ്
കാനഡയ്ക്കും ഗ്രീന്‍ലന്‍ഡിനും മധ്യേയുള്ള അറ്റ്ലാന്‍റിക് സമുദ്ര മേഖലയിലാണ് ബഫിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഞ്ച് ലക്ഷം സ്ക്വയര്‍ കിലോമീറ്ററിലധികം വലുപ്പമുള്ള ദ്വീപ് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപ് കൂടിയാണ്. 1999 ല്‍ കാനഡയുടെ ഭാഗമായി പ്രഖ്യാപിച്ച നുനാവട്ട് മേഖലയില്‍ പെട്ടതാണ് ഈ ദ്വീപും. ഈ ദ്വീപില്‍ നടത്തിയ തുടര്‍ പഠനങ്ങളിലാണ് പുരാതനമായ ഭൂഖണ്ഡങ്ങളും, ഭൂഖണ്ഡപാളികളുമായി ഈ മേഖലയ്ക്കുള്ള ബന്ധം വ്യക്തമായത്.
ബഫിന്‍ ദ്വീപിലെ ഷെഡ്‌ലിയാക് കിംബര്‍ലൈറ്റ് മേഖലയിലെ വജ്രഖനനത്തിന് ഇടയിലാണ് പുരാതന കാലത്തെ ഭൂഖണ്ഡപാളികളുടെ ശേഷിപ്പുകള്‍ ലഭിച്ചത്. ഖനനത്തിനിടെ ലഭ്യമായ അഗ്നിപര്‍വത ശിലകളിലായിരുന്നു ഈ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഏതോ കാലത്ത് അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് വെളിയില്‍ വന്നവയാകാം ഈ അവശിഷ്ടങ്ങളെന്നാണു കരുതുന്നത്. ഈ അഗ്നിപര്‍വത ശിലകളില്‍ നിന്ന് കണ്ടെത്തിയ ധാതുക്കള്‍ ഒരിക്കലും ഭൂമിയുടെ മേല്‍ത്തട്ടില്‍ നിന്നു ലഭിക്കുമെന്നു പ്രതീക്ഷിച്ചവയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
കിംബര്‍ലൈറ്റ്സ് എന്നു വിളിക്കുന്ന ഈ മേഖലയിലെ അഗ്നിപര്‍വത ശിലകള്‍ ഭൂമിയുടെ ആഴത്തില്‍ നിന്ന് മുകളിലേക്കുള്ള യാത്രയ്ക്കിടെ കൂടെ കൂട്ടിയതാകാം ഈ ധാതുക്കളെയെന്നാണ് മേഖലയില്‍ നിന്ന് കണ്ടെത്തിയ പുരാതന ശിലകളില്‍ പഠനം നടത്തുന്ന ഗവേഷകയായ മായാ കൊപിലോവാ വിശദീകരിക്കുന്നത്. അന്ന് ദ്രവ രൂപത്തില്‍ ലാവയായി കാണപ്പെട്ടിരുന്ന ഈ ശിലകള്‍ക്ക് ധാതുക്കളെ മുകളിലേക്കെത്തിക്കാന്‍ അനായാസേന കഴിഞ്ഞിരിക്കണമെന്നും ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല ഗവേഷകയായ മായ ചൂണ്ടിക്കാട്ടുന്നു.
ചുരുങ്ങിയത് 150 കിലോമീറ്ററെങ്കിലും ആഴത്തില്‍ നിന്നാകണം ഇത്തരം ശേഷിപ്പുകള്‍ മുകളിലേയ്ക്ക് എത്തിയത്. ഭൗമശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ ഈ ശേഷിപ്പുകള്‍ മുകളിലേയ്ക്ക് എത്താന്‍ സഹായിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. നിലവില ബാഫിന്‍ ദ്വീപിന്‍റെ രൂപപ്പെടലുമായി ഈ പദാര്‍ത്ഥങ്ങള്‍ക്കെല്ലാം ബന്ധമുണ്ടാകും എന്നും ഗവേഷകര്‍ വിവരിയ്ക്കുന്നു.
നോര്‍ത്ത് അറ്റ്ലാന്‍റിക് ക്രേറ്റന്‍ പാളി
ഭൗമപാളികളുടെയും സമുദ്രപാളികളുടെയും തുടര്‍ച്ചയായുണ്ടാകുന്ന ചലനങ്ങളാണ് ഭൂമിയുടെ രൂപഘടന മാറ്റി മറിച്ചു കൊണ്ടിരിക്കുന്നത്. നേരിട്ട് എപ്പോഴും അനുഭവിക്കുന്നില്ലെങ്കിലും ഈ പാളികള്‍ ചലിച്ചു കൊണ്ടേയിരിക്കുകയാണ്. ഇത്തരത്തിലുള്ള ചലനങ്ങളാണ് പല ഭൂഖണ്ഡങ്ങളും ഇല്ലാതാക്കുന്നതും രൂപപ്പെടുത്തുന്നതും പിളര്‍ത്തുന്നതുമെല്ലാം. 150 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് അറ്റ്ലാന്‍റിക് ക്രേറ്റന്‍ അഥവാ നാക്കില്‍ സംഭവിച്ച ചലനങ്ങളാണ് ഇന്ന് ബഫിന്‍ ദ്വീപായി മാറിയ കിംബര്‍ലൈറ്റ് പാറകള്‍ ലാവ രൂപത്തില്‍ മുകളിലേക്കെത്താന്‍ കാരണമായത്.
ആര്‍ക്കിയാന്‍ കാലഘട്ടത്തില്‍ സംഭവിച്ച ഈ ചലനങ്ങള്‍ മൂലം പുറത്തുവന്ന ധാതുക്കളുടെയും പാറകളുടെ അംശങ്ങള്‍ അഥവാ നാക്കിന്‍റെ ഭാഗങ്ങള്‍ ഗ്രീന്‍ലന്‍ഡിലും ലാബ്രഡോര്‍, സ്കോട്‌ലന്‍ഡ് തുടങ്ങിയ മേഖലകളിലും മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് വിട്ടു കിടക്കുന്ന ബഫിന്‍ ദ്വീപില്‍ ഈ പാളിയുടെ അംശങ്ങള്‍ കണ്ടെത്തിയത് അപ്രതീക്ഷിതമാണെന്ന് മായ പറയുന്നു. കാനഡയുടെ തീരമേഖലയില്‍ നിന്ന് അധികം അകലയല്ലാതെ സ്ഥിതി ചെയ്യുന്ന ബഫിന്‍ ദ്വീപിലേത് കാനഡയിലെ വടക്ക് കിഴക്കന്‍ മേഖലകളിലെ പുരാതന ശിലകളുമായി സാമ്യമില്ലെന്നതും ഗവേഷകരെ അദ്ഭുതപ്പെടുത്തുന്ന സംഗതിയാണ്.
പഠനത്തിന്‍റെ നാള്‍വഴികള്‍
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഭൗമശാസ്ത്രരംഗത്ത് ഭൂമിയുടെ പരിണാമത്തെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാണ് ഈ കണ്ടെത്തല്‍. ഈ കാഴ്ചയില്‍ ചേര്‍ന്ന് കിടക്കുന്ന പല പ്രദേശങ്ങളും തമ്മില്‍ ആഴത്തില്‍ പരിശോധിച്ചാല്‍ കാര്യമായ സാമ്യങ്ങളില്ലെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയില്‍ ഭൗമശാസ്ത്രപരമായി അകന്നു കിടക്കുന്ന മേഖലകള്‍ തമ്മില്‍ അവയിലെ ധാതുക്കളും പുരാതന ശിലകളും അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ഏറെ ചേര്‍ച്ചകളുണ്ടാകുമെന്നും ഈ പഠനം സ്ഥാപിക്കുന്നു.
ക്സെനോലിത്‌സ് എന്നാണ് പഠനത്തിനായി ശേഖരിച്ചിട്ടുള്ള പാറക്കഷണങ്ങളെ ഗവേഷകര്‍ വിളിക്കുന്നത്. ബഫിന്‍ ദ്വീപില്‍ നിന്ന് 120 ല്‍ അധികം സാംപിളുകള്‍ ശേഖരിച്ചാണ് മായ കൊപിലോവ അടങ്ങുന്ന സംഘം പഠനം നടത്തുന്നത്. പെട്രോഗ്രഫി, മിനറോളജി, തെര്‍മോ ബാരോമെട്രി തുടങ്ങിയ സാങ്കേതിതകള്‍ ഇതിനകം പഠനത്തിനായി ഗവേഷക സംഘം ഉപയോഗിച്ചിട്ടുണ്ട്. പഠനം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഇവര്‍ പറയുന്നു.