3 മാസം അന്ധകാരം, തണുപ്പ് മൈനസ് 40 ഡിഗ്രി, 289 ദിവസത്തെ ആര്‍ട്ടിക് പര്യവേഷണത്തിൽ സംഭവിച്ചത്?
Mail This Article
ഒരുപക്ഷേ ആഗോളതാപനത്തെക്കുറിച്ചും, ആഗോളതാപനം ആര്‍ട്ടിക്കിലും അത് വഴി ഭൂമിയെ തന്നെയും എങ്ങനെ ബാധിക്കാന്‍ പോകുന്നു എന്നിതിനെ സംബന്ധിച്ചും നടന്നിട്ടുള്ള സുദീര്‍ഘമായ ഒരു പഠനത്തിനാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അവസാനമായത്. 20 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഗവേഷകര്‍ പങ്കെടുത്ത ഈ പഠനം നീണ്ടു നിന്നത് 289 ദിവസമാണ്. ചരിത്രത്തിലെ തന്നെ ആര്‍ട്ടിക്കിനെ കുറിച്ച് നടന്ന ഏറ്റവും ദീര്‍ഘമായ പഠനമാണിത്. ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ എന്ന ഗവേഷണ സ്ഥാപനമാണ് ഈ പഠനം സംഘടിപ്പിച്ചത്.
പോളാര്‍സ്റ്റേണ്‍ എന്ന ഗവേഷണ കപ്പലായിരുന്നു ഈ പര്യവേഷണത്തിന്റെ ജീവനാഡി. ആര്ട്ടക്കിനെക്കുറിച്ച് പഠിക്കാന്‍ മാത്രമല്ല ആ മേഖലയുടെ പരിധികളില്ലാത്ത അഭൗമ സൗന്ദര്യത്തെ അടുത്തുകാണാന്‍ കൂടി ലഭിച്ച അവസരമയിരുന്നു ഇതെന്നു ഗവേഷ സംഘത്തിന് നേതൃത്വം നല്കിയ മാര്‍സ് റെക്സ് തിരിച്ചെത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതേസമയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭവസ്ഥാനം എന്നാണ് ആര്‍ട്ടിക്കിനെ മാര്‍സ് റെക്സ് വിശേഷിപ്പിച്ചത്. ആര്‍ട്ടിക്ക് വേഗത്തില്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരു വര്‍ഷത്തിലേറെ കാലം അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ജാലകത്തിന് പുറത്തുള്ള കാഴ്ചകളിലൂടെ ഇത് മനസ്സിലായതായും ഗവേഷകര്‍ പറയുന്നു. ആര്‍ട്ടിക്കിനെ രക്ഷിച്ചില്ലെങ്കില്‍ ഭൂമിയുടെ ഗതി തന്നെ മറ്റൊന്നാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
മഞ്ഞില്ലാതെ ആര്‍ട്ടിക്.
മഞ്ഞില്ലാതെ ആര്‍ട്ടിക് ഒരു പക്ഷേ ഇപ്പോഴത്തെ പുതിയ തലമുറിയ്ക്ക് തന്നെ കാണാനാകും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്ന് ഗവേഷക സംഘം പറയുന്നു. ഇതിന് ഏതാനും ദശാബ്ദങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകുമെന്നും മൊസൈക് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ പര്യവേഷണത്തില്‍ കണ്ടെത്തി. ആര്‍ട്ടിക്കിലെ അന്തരീക്ഷത്തില്‍ നിന്നും, കടലില്‍ നിന്നും, കടല്മഞ്ഞില് നിന്നും, ജൈവവ്യവസ്ഥയില്‍ നിന്നും ഉള്‍പ്പെടെ സാംപിളുകള്‍ ശേഖരിച്ചാണ് ഗവേഷകര്‍ ഈ നിഗമനങ്ങളിലെത്തിയത്.
ഏതാണ്ട് 140 ദശലക്ഷം യൂറോയാണ് പഠനത്തിനായി ഇതുവരെ ചെലവായത്. ആയിരക്കണക്കിന് സാംപിളുകളും, 160 ടെറാബൈറ്റ് ഡേറ്റയുമാണ് ഗവേഷകര്‍ ആര്‍ട്ടിക്കില്‍ നിന്ന് തിരിച്ചെത്തിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിലെ പ്രധാനമേഖലകളില്‍ കപ്പല്‍ നങ്കൂരമിട്ട് ആ പ്രദേശത്താകെയുള്ള വ്യത്യസ്ത സാംപിളുകള്‍ ശേഖരിക്കുക എന്നതായിരുന്നു പഠനത്തിനായി ഗവേഷകര്‍ സ്വീകരിച്ച മാര്‍ഗം. ഈ ഡേറ്റാപരിശോധന ആരംഭിക്കുന്നതോടെ പഠനത്തിന്റെ രണ്ടാം ഘട്ടവും ആരംഭിക്കും. ഇതോടെ ആര്‍ട്ടിക്കിനെ സംബന്ധിച്ച് ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ പുറത്ത് വരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വരും കാലങ്ങളിലെ പേമാരികളവെയും കൊടുങ്കാറ്റുകളെയും അവയുടെ ആഘാതത്തെയും വരെ ഒരു പരിധി വരെ ഈ കണക്കുകള്‍ വച്ച് കണ്ടെത്താനാകും
നോര്‍വെയിലെ ട്രോസോ തുറമുഖത്തു നിന്ന് 2019 സെപ്റ്റംബറിലാണ് ഈ കപ്പല്‍ പുറപ്പെട്ടത്. മൂന്ന് മാസത്തോളം നീണ്ടു നിന്ന പൂര്‍ണ അന്ധകാരവും, മൈനസ് 40 വരെയെത്തിയ തണുപ്പും അനുഭവിച്ച ഈ ഗവേഷക സംഘം പര്യവേഷണത്തിനിടിയില്‍ കണ്ടത് 60 ധ്രുവക്കരടികളെയാണ്. ഒരു സമയത്ത് ആക്രമിക്കാന്‍ വന്ന കരടിയെ വെടി വച്ചു ഭയപ്പെടുത്തി ഓടിക്കേണ്ട സ്ഥിതിയും ഉണ്ടായി. ഇതിനിടെ പുറം ലോകത്തെ ബാധിച്ച കൊറോണ വൈറസ് പ്രതിസന്ധിയും പര്യവേഷണത്തെയും ബാധിച്ചു. വൈറസ് ബാധ മൂലം പോളാര്‍ മേഖലയില്‍ ഗവേഷക സംഘം കുടുങ്ങിക്കിടന്നത് രണ്ട് മാസത്തോളമാണ്. ആദ്യഘട്ട പഠനം പൂര്‍ത്തിയാക്കി ഒരു സംഘം ഗവേഷകര്‍ക്ക് മടങ്ങാനും മറ്റൊരു സംഘത്തിന് പഠനത്തിനായി മേഖലയിലേക്കെത്താനും പദ്ധതിയിട്ടിരുന്നത് മാര്‍ച്ച് മാസത്തിലാണ്. കോവിഡ് മൂലം വിമാനങ്ങള്‍ റദ്ദാക്കിയതോടെയാണ് ഗവേഷക സംഘം ആര്‍ട്ടിക്കില്‍ കുടുങ്ങിയത്.
ട്രാന്‍സ് പോളാര്‍ ഡ്രിഫ്റ്റ്
ആര്‍ട്ടിക്കിലൂടെ കടന്ന് പോകുന്ന സിഗ് സാഗ് മാതൃകയിലുള്ള കപ്പല്‍ പാതയിലായിരുന്നു ഈ കപ്പലിന്റെ സഞ്ചാരം. പഠനത്തിനായി മറ്റ് മേഖലകളിലേക്ക് പോകാന്‍ ഈ വഴിയില്‍ നിന്ന് തിരിഞ്ഞു പോയാലും, തിരിച്ച് ഈ പാതയിലെത്തിയ ശേഷമായിരുന്നു തുടര്‍ യാത്ര. ആര്‍ട്ടിക്കിലെ ഏറ്റവും സംരക്ഷിതമായ കപ്പല്‍ പാതയായാണ് ഈ പാത അറിയപ്പെടുന്നത്. ട്രാന്‍സ് പോളാര്‍ ഡ്രിഫ്റ്റ് എന്നതാണ് ഈ കപ്പല്‍ പാതയുടെ വിളിപ്പേര്. യാത്ര ചെയ്യുന്ന ഗവേഷകര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കലായിരുന്നു അടുത്ത വെല്ലുവിളി. ഭക്ഷണത്തിനാവശ്യമായ സാമഗ്രികള്‍ ഇടയ്ക്കിടെ എത്തിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ യാത്രയുടെ തുടക്കത്തില്‍ തന്നെ 14000 മുട്ടയും, 2000 ലിറ്റര്‍ പാലും, പെട്ടെന്ന് കേടു വരാത്ത ചില പച്ചക്കറികളും കപ്പലില്‍ കരുതിയിരുന്നു.
ഏതായാലും യാത്രയുടെ വിശേഷങ്ങള്‍ കൗതുകകരമാണെങ്കിലും പഠനത്തിന്റെ കണ്ടെത്തലുകള്‍ എത്രത്തോളം ഗൗരവതരമാണെന്നതാണ് കാത്തിരുന്നു കാണേണ്ടത്. ആഗോളതാപനം ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന വെല്ലുവിളികള്‍ക്ക് ഒപ്പം തന്നെ ആ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്ന സാധ്യതയെക്കുറിച്ച് നേരിയ സൂചനയെങ്കിലും പഠനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
English Summary: World's Biggest Arctic Mission Just Returned Home, And The Discoveries Are Chilling