മരണത്തിന്റെ ഗന്ധമുള്ള വിചിത്ര പുഷ്പം; പത്തുമീറ്റർ പൊക്കത്തിൽ വിരിഞ്ഞത് ‘സുമാത്രൻ ടൈറ്റൻ ആരം’!
Mail This Article
കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂർവ പുഷ്പമായ സുമാത്രൻ ടൈറ്റൻ ആരം, പോളണ്ടിലെ വാഴ്സയിൽ ബൊട്ടാണിക്കൽ ഉദ്യാനത്തിൽ വിരിഞ്ഞു. അൽപസമയം മാത്രം നിലനിൽക്കുന്ന അപൂർവ പുഷ്പത്തെ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഉദ്യാനത്തിൽ തടിച്ചുകൂടിയത്. ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമേ പുഷ്പം നിലനിൽക്കുകയുള്ളൂ. അതിനുശേഷം കൊഴിഞ്ഞുണങ്ങി നശിക്കും. മരിച്ച് അഴുകുന്ന ശവശരീരത്തിന്റേത് മാതിരി അസഹ്യമായ ദുർഗന്ധമുള്ള പൂവ് ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ കാണപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവാണ് സുമാത്രൻ ടൈറ്റൻ ആരം. അമോർഫോഫാലസ് ടൈറ്റാനിയം എന്നും ഇതിനു പേരുണ്ട്. പത്തു മീറ്റർ വരെ ഇതിന്റെ പൂവിനു പൊക്കം വയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ പൂവായ, സുമാത്രയിൽ നിന്നുള്ള റഫ്ലേഷിയയുമായി പലപ്പോഴും ഇത് ഉപമിക്കപ്പെടാറുണ്ട്. മാംസം അഴുകിയ ഗന്ധം റഫ്ലേഷ്യയ്ക്കുമുള്ളതിനാലാണ് ഈ ഉപമ. എന്നാൽ രണ്ടു പൂക്കളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
റഫ്ലേഷ്യയെപ്പോലെ തന്നെ പരാഗണത്തിനായി പ്രാണികളെ ആകർഷിക്കാനായാണ് ഈ പൂവ് ദുർഗന്ധം പുറപ്പെടുവിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.മാംസഭോജികളായ ചില വിട്ടിലുകളാണ്, മാംസം തിന്നുന്ന ഈച്ചകൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനമായി പരാഗണം നടത്തുന്നത്.രാസവസ്തുവായ ഡൈമീഥൈൽ ട്രൈ സൾഫൈഡ് പുറന്തള്ളുന്നതു മൂലമാണ് ഈ ഗന്ധം പൂവിൽ നിന്നുയരുന്നത്.ഇത് പ്രാണികളെ പൂവിലേക്ക് ആനയിക്കും.
വലിയ ഒരൊറ്റ ഇതൾ ഈ പൂവിലുണ്ടാകും. പരാഗണത്തിനു ശേഷം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പു നിറമുള്ള കായകൾ ഇതിൽ പിടിക്കും. ഈ കായ ഭക്ഷിക്കുന്ന ചിലയിനം വേഴാമ്പലുകളിൽ നിന്ന് ഇവയുടെ വിത്തുകൾ വീണ്ടും മണ്ണിലെത്തുകയും പുതിയ ചെടി വളരുകയും ചെയ്യും.
സുമാത്രയിൽ ഈ പുഷ്പമുണ്ടാകുന്ന ചെടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വനനശീകരണമാണു പ്രധാന കാരണം. ചൂടേറിയ കാലാവസ്ഥയും അന്തരീക്ഷ ഈർപ്പവും ഇതിനാവശ്യമാണ്. ആദ്യകാലത്ത് വംശനാശത്തിൽ നിന്ന് ഇവയെ സംരക്ഷിക്കാനായാണ് യൂറോപ്പിലെ ബൊട്ടാണിക്കൽ ഉദ്യാനങ്ങളിലേക്ക് ഇവയെ എത്തിച്ചത്.
യൂറോപ്പിലെ ആദ്യ പുഷ്പം ലണ്ടനിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ 1889 ൽ വിരിഞ്ഞു. സുമാത്രയ്ക്കു പുറത്ത് ഈ പുഷ്പം വിരിയുന്നതും അന്നാദ്യമായിരുന്നു. ഏഴു വർഷത്തിന്റെ ഇടവേളയെടുത്താണ് ഈ പുഷ്പങ്ങൾ വിരിയുന്നത്. ഇതു കാരണം, ഇവ വിരിയുമ്പോൾ ഉദ്യാനങ്ങളിലേക്ക് ആളുകളുടെ കുത്തൊഴുക്ക് അനുഭവപ്പെടാറുണ്ട്.
English Summary: Endangered giant flower that emits rotten meat-like smell blooms in Warsaw