കടൽ ഡ്രാഗൺ! മുതലയുടെ തലയുള്ള ഭീകര സമുദ്രജീവി; പഠനം പുറത്തിറങ്ങി
Mail This Article
കാലങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 7.2 കോടി വർഷം മുൻപ് ശാന്തസമുദ്രത്തിൽ ഒരു ഭീകരൻ ജീവിയുണ്ടായിരുന്നു. അസാമാന്യ വലുപ്പമുണ്ടായിരുന്ന ഈ ജീവിക്ക് ബ്ലൂ ഡ്രാഗൺ എന്നാണു ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ഇതിനെ വാകയാമ സോര്യൂ എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.
ജേണൽ ഓഫ് സിസ്റ്റമാറ്റിക് പാലിയന്‌റോളജി എന്ന ശാസ്ത്രജേണലിലാണ് വാകയാമയെ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന മോസസോർ എന്ന ഗണത്തിൽപെടുന്ന നശിച്ചുപോയ ജീവിവംശമാണ് ഇവ.
ഇതിന്റെ ഫോസിൽ ജപ്പാനിലെ വാകയാമ മേഖലയിൽ നിന്നാണു കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇതിനു വാകയാമ സോര്യൂ എന്നു പേര് നൽകിയത്. സിൻസിനാറ്റി സർവകലാശാലാ പ്രഫസറായ ടക്കൂയ കോനിഷിയും സംഘവുമാണ് ഗവേഷണത്തിനു നേതൃത്വം വഹിച്ചിരിക്കുന്നത്. ചൈനയിൽ ഡ്രാഗണുകളെപ്പറ്റിയുള്ള ഐതിഹ്യം ആകാശത്തു ജീവിക്കുന്ന ഭീകരജീവികളെന്നാണ്. എന്നാൽ ജാപ്പനീസ് ഐതിഹ്യമനുസരിച്ച് ഡ്രാഗണുകൾ കടലിൽ ജീവിക്കുന്നവയാണ്.
ഈ ഗവേഷണത്തിൽ ഭാഗഭാക്കായ അകിഹീറോ മീസാകി എന്ന ശാസ്ത്രജ്ഞനാണ് മോസസോറിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. 2006ൽ ആയിരുന്നു ഇത്. നട്ടെല്ലില്ലാത്ത ജീവികളായ അമോണൈറ്റ്‌സിന്റെ ഫോസിൽ തിരയുകയായിരുന്നു മീസാകി. അപ്പോഴാണ് ഇരുണ്ട നിറത്തിലുള്ള ഈ ഫോസിൽ മീസാകിക്കു മുൻപിൽ വെട്ടപ്പെട്ടത്. വാകയാമ സോര്യു ഫോസിൽ ജപ്പാനിൽ നിന്നും പസിഫിക്കിൽ നിന്നും കണ്ടെത്തപ്പെട്ടവയിൽ ഏറ്റവും പൂർണതയുള്ള ഫോസിലാണ്.
കടലിലെ ഏറ്റവുമുയർന്ന വേട്ടക്കാരനായിരുന്നു വാകയാമ. മുതലയുടെ തലയും പങ്കായം പോലത്തെ ചിറകുകളും ഇവയ്ക്കുണ്ടായിരുന്നു. ഈ ജീവിയുടെ വാലുകൾ മുന്നോട്ടു നീങ്ങാനായി ഉപയോഗിക്കപ്പെട്ടിരുന്നു. വലിയ വേഗം സൃഷ്ടിക്കുന്നതിൽ ഈ വേഗം നിർണായകമായി. ഇന്നത്തെ കാലത്തെ ഗ്രേറ്റ് വൈറ്റ് ഷാർക് ഗണത്തിൽപെടുന്ന സ്രാവുകളുടെ വലുപ്പമുണ്ടായിരുന്നു മോസസോറുകൾക്ക്.