ബ്രിട്ടിഷുകാർ പിരിവെടുത്ത് നിർമിച്ച പച്ചക്കറിത്തോട്ടം; ഇന്ന് ഊട്ടി സസ്യോദ്യാനം: മുഖ്യ ആകർഷണം മറ്റൊന്ന്
Mail This Article
ഊട്ടി സസ്യോദ്യാനത്തിൽ വസന്തോത്സവത്തിന്റെ ഭാഗമായി പുഷ്പമേളയ്ക്ക് തുടക്കമായിരിക്കുകയാണ്. 55 ഏക്കറിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടിഷുകാർ പിരിവെടുത്ത് ആരംഭിച്ച പച്ചക്കറിത്തോട്ടം പിന്നീട് ഉദ്യാനമായി മാറ്റുകയായിരുന്നു. 2 കോടി വർഷം മുമ്പുള്ള മരത്തിന്‍റെ ഫോസിൽ ഈ ഉദ്യാനത്തിന്റെ മുഖ്യ ആകർഷണമാണ്. 1896ലാണ് ആദ്യ പുഷ്പമേള ഇവിടെ നടന്നത്. ഇപ്പോൾ 126–ാമത്തെ പുഷ്പമേള ആഘോഷിക്കുകയാണ്.
ഒരുലക്ഷം റോസ്, കോറണേഷൻ, കൃസാന്തമം പൂക്കൾ കൊണ്ടു നിർമിച്ച 44 അടി വീതിയും 35 അടി ഉയരവുമുള്ള ഡിസ്നി വേൾഡിന്റെ മാതൃകയും മിക്കി മൗസ്, മിന്നി മൗസ്, ഗൂഫി, പ്ലൂട്ടോ, ഡൊണാൾഡ് ഡക്ക് എന്നിവയും ആകർഷകമാണ്. 80,000 കോറണേഷൻ, റോസാ പുഷ്പങ്ങൾ കൊണ്ടു നിർമിച്ച പൈതൃക ട്രെയിനുമുണ്ട്. 33 അടി നീളവും 20 അടി ഉയരവും 25 അടി വീതിയുമുണ്ട് പുഷ്പക ട്രെയിന്.
ഊട്ടി റോസ് ഷോയ്ക്കും തുടക്കമായിട്ടുണ്ട്. 100–ാം പുഷ്പമേളയുടെ സ്മരണയ്ക്കായി നിർമിച്ചതായിരുന്നു ഊട്ടിയിലെ റോസ് ഗാർഡൻ. ഇവിടെ ഇപ്പോൾ ‘സേവ് വൈൽഡ് ലൈഫ്’ എന്ന ബാനറിൽ ആന, കാട്ടുപോത്ത്, നീലഗിരി വരയാട്, കടുവ, പാണ്ട, പ്രാവ് തുടങ്ങിയ രൂപം റോസാപൂ കൊണ്ട് ഒരുക്കിയിട്ടുണ്ട്.