ഇന്ത്യയുടെ സുഗന്ധ വൃക്ഷം വംശനാശത്തിന്റെ വക്കിൽ; മുന്നറിയിപ്പുമായി ഐയുസിഎന്‍

Mail This Article

അഗര്‍വുഡ് അല്ലെങ്കില്‍ ഗാരു വുഡ് എന്നറിയപ്പെടുന്ന വൃക്ഷങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ നല്‍കുന്നത്. വൃക്ഷങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ വംശനാശം സംഭവിക്കുന്ന സസ്യജന്തുജാലങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ അഗര്‍വുഡിനെ വംശനാശ സാധ്യതാ പട്ടികയില്‍ നിന്നു അതീവ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലേക്കു മാറ്റി. വിദേശ പെര്‍ഫ്യൂമുകളുടെ കടന്നുവരവിനു മുന്‍പ് ഇന്ത്യയില്‍ സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വ്യാപകമായി ഉപയോഗിച്ചിരുന്നത് അഗര്‍വുഡാണ്.

അക്വലേറിയ മലാസെന്‍സിസ് എന്ന ശാസ്ത്രനാമമുള്ള ഈ വൃക്ഷം ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ വൃക്ഷങ്ങളിലൊന്നാണ്. വനത്തില്‍ നിന്നുള്ള വ്യാപകമായ കൊള്ള മൂലം കഴിഞ്ഞ 150 വര്‍ഷത്തിനിടെ അഗര്‍വുഡ് വൃക്ഷങ്ങളിലെ 80 ശതമാനവും ഇല്ലാതായെന്നാണ് കണക്കാക്കുന്നത്. 2010 ല്‍ ഉയര്‍ന്ന നിലവാരമുള്ള അഗര്‍വുഡ് തടിക്ക് കിലോയിക്ക് 1000 യുഎസ് ഡോളറായിരുന്നു വില. ജാര്‍ഖണ്ഡും ബംഗാളും മുതല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലും ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് ഇവ സാധാരണയായി കണ്ടുവരാറുള്ളത്. നിത്യ ഹരിത വൃക്ഷമായ ഇവ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ശ്രീലങ്കയിലും അപൂര്‍വമായി കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തികമായി ഏറെ ഫലം നല്‍കുന്ന വൃക്ഷമായതിനാല്‍ തന്നെ അമിത ചൂഷണം നടത്തിയതാണ് അഗര്‍വുഡ് വൃക്ഷങ്ങളുടെ നാശത്തിനു കാരണമായതെന്ന് ജാർഖണ്ഡ് സെന്‍ട്രല്‍ സര്‍വകലാശാല ഗവേഷകർ വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവുമധികം വനം കൊള്ള നടക്കുന്ന അസമിലെ വനമേഖലകളില്‍ ഈ വൃക്ഷം പൂര്‍ണമായും ഇല്ലാതായെന്നാണു വിശ്വസിക്കപ്പെടുന്നത്. അഗര്‍വുഡ് വൃക്ഷങ്ങളുടെ സുഗന്ധത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ വൃക്ഷങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധിക്കു കാരണമാണ്.

പ്രത്യേക ഇനത്തില്‍ പെട്ട പൂപ്പല്‍ ബാധിക്കുമ്പോള്‍ മാത്രമാണ് അഗര്‍വുഡ് വൃക്ഷങ്ങള്‍ക്കു സുഗന്ധം കൈവരുന്നത്. വനംകൊള്ളക്കാര്‍ക്ക് ഇതിനെപറ്റി അറിവില്ല. അതിനാല്‍ തന്നെ പൂപ്പല്‍ ബാധിക്കാത്ത ആരോഗ്യമുള്ള മരങ്ങളും അവര്‍ വെട്ടിക്കളയും. 100 മരങ്ങളില്‍ 10 എണ്ണത്തെ മാത്രമാണ് ഈ പൂപ്പല്‍ ബാധിക്കുക. ഇങ്ങനെ പൂപ്പല്‍ ബാധിക്കാത്ത മരങ്ങള്‍ക്കാകട്ടെ വെട്ടി വിറ്റാലും വിറക് വിലയല്ലാതെ മറ്റൊന്നും ലഭിക്കുകയുമില്ല.
പ്ലാന്റേഷന്‍ മാതൃകയിലുള്ള കൃഷി വ്യാപകമാക്കുക മാത്രമാണ് അഗര്‍വുഡ് വൃക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഏക പോംവഴി. മലേഷ്യയും ശ്രീലങ്കയുമെല്ലാം ഇത്തരത്തില്‍ പ്ലാന്റേഷന്‍ മാതൃകയിലുള്ള അഗര്‍വുഡ് വൃക്ഷങ്ങളുടെ കൃഷി ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഈ മേഖലയേക്കാളും മികച്ച അഗര്‍വുഡ് വൃക്ഷങ്ങള്‍ വളരുന്നതും അവയ്ക്കു സുഗന്ധം നല്‍കുന്ന പൂപ്പലുകള്‍ ബാധിക്കാന്‍ സാധ്യത കൂടുതലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ പ്ലാന്റേഷന്‍ അടിസ്ഥാനത്തില്‍ അഗര്‍വുഡ് കൃഷി ആരംഭിക്കുന്നതിലൂടെ മാത്രമേ ഈ വൃക്ഷത്തിന്റെ സംരക്ഷണം ഉറപ്പാക്കാനാകൂ.