പാർക്കിൽ 20 പാമ്പുകളെ വെയിൽകൊള്ളാൻ തുറന്നുവിട്ട് ഉടമ; ‘സ്നേക് സൺബാത്തി'ന് ആരാധകർ

Mail This Article
പാർക്കുകളിലും മറ്റും നടക്കാനിറങ്ങുന്നവർ വളർത്തു നായ്ക്കളെ ഒപ്പം കൂട്ടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ സ്കോട്ട്ലന്‍ഡിൽ ഒരാൾ വീട്ടിൽ വളർത്തുന്ന പാമ്പുകളെയാണ് പാർക്കിൽ കൊണ്ടുവന്നത്. സ്കോട്ട്‌ലൻഡിലെ പെയ്സ്ലീയിലാണ് സംഭവം. ബാർഷോ എന്ന പ്രാദേശിക പാർക്കിൽ ഒരു വ്യക്തി താൻ വളർത്തുന്ന 20 പാമ്പുകളെയാണ് വെയിൽ കൊള്ളിക്കാനായി എത്തിച്ചത്.
പാർക്കിലെ സ്ഥിരം സന്ദർശകരുടെ സമൂഹമാധ്യമ കൂട്ടായ്മയിൽ പാമ്പുകളെ കണ്ടതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ വന്നതോടെയാണ് സംഭവം ചർച്ചയായത്. പാമ്പുകളെ കാണുന്നതിൽ ഭയമുണ്ടെന്ന തരത്തിലായിരുന്നു പലരുടെയും പ്രതികരണം. പാർക്കിനുള്ളിൽ പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കാൻ സമൂഹമാധ്യമ കൂട്ടായ്മ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ വാർത്ത കൂടുതൽ ജനശ്രദ്ധ നേടിയതോടെ പാമ്പുകളുടെ ഉടമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി.

ഉടമ പാർക്കിലെ സ്ഥിരം സന്ദർശകനാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പാമ്പുകൾ എല്ലാംതന്നെ അദ്ദേഹത്തിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആയിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും അനുകൂലികൾ വ്യക്തമാക്കി. പാമ്പുകളെ ഭയമില്ലാത്ത ചുരുക്കം ചിലർ അവയുമായി അടുത്തിടപഴകാൻ അവസരം കിട്ടിയതിൽ സന്തോഷിക്കുന്നതായും പ്രതികരിച്ചിട്ടുണ്ട്. പാർക്കിൽവച്ച് പാമ്പുകളെ കഴുത്തിൽ ചുറ്റിയും കൈയിലെടുത്തും നിരവധിപ്പേര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.


അതേസമയം ബാർഷോ പാർക്കിലേക്ക് പാമ്പുകളെ കൊണ്ടുവരാൻ അനുമതിയില്ലെന്ന് പാർക്കിന്റെ ചുമതലയുള്ള റെൻഫ്ര്യൂഷയർ കൗൺസിൽ വ്യക്തമാക്കിയതായി സൗഹൃദകൂട്ടായ്മ അറിയിച്ചു. പാമ്പുകളുമായി ആരെയെങ്കിലും പാർക്കിൽ കണ്ടെത്തിയാൽ ഉടമയോട് ഇതേപ്പറ്റി സംസാരിക്കാൻ നിൽക്കാതെ പൊലീസിൽ വിവരം അറിയിക്കണം. വീട്ടിൽ വളർത്തുന്ന നായകളെയോ പൂച്ചകളെയോ കൊണ്ടുവരുന്നത് പോലെ പാമ്പുകളെ കൊണ്ടുവരുന്നത് നിയമങ്ങൾക്ക് എതിരാണെന്ന് കൗൺസിൽ വ്യക്തമാക്കി.
ചിലർ അക്രമകാരികളായ നായ്ക്കളെ കൊണ്ടുവരുന്നതും ചോദ്യം ചെയ്യുന്നുണ്ട്. പാമ്പുകളെ കൊണ്ടുവന്ന സമയത്ത് സന്ദർശകരിൽ പലരും അവയെ കണ്ടാസ്വദിക്കുകയും പാമ്പുകളെക്കുറിച്ചുള്ള സംശയങ്ങൾ ഉടമയോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്രയധികം എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഇവർ പറയുന്നത്.

English Summary: Should people be allowed to take their pet snakes sunbathing in parks?