ADVERTISEMENT

വലുപ്പത്തില്‍ ചെറുതെങ്കിലും പ്രഹരശേഷിയില്‍ പകരം വയ്ക്കാനില്ലാത്ത സൈന്യമാണ് ഇസ്രായേലിന്റേത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ ഇസ്രയേലി സൈന്യത്തിന്റെ മുതല്‍ക്കൂട്ടാണ്. എത്ര ദുഷ്‌കരമായ സാഹചര്യങ്ങളേയും തരണം ചെയ്യാന്‍ ശേഷിയുള്ള എണ്ണമറ്റ വാഹനങ്ങള്‍ ഇസ്രയേലി പ്രതിരോധ സേനക്ക് കീഴിലുണ്ട്. വ്യത്യസ്തവും വിപുലവുമായ ഇസ്രയേലി സൈനിക വാഹനങ്ങളെ പരിചയപ്പെടാം.

ഇസ്രയേലിന്റെ ചെന്നായ

wolf-1

ലക്ഷ്യസ്ഥാനത്തേക്ക് പ്രതിബന്ധങ്ങളെ വകവയ്ക്കാതെ സായുധസൈനികരുമായി കുതിച്ചെത്തുന്ന ഇസ്രയേലി സൈന്യത്തിന്റെ ചെന്നായയാണ് വൂൾഫ് (Wolf). 2006 മുതല്‍ സൈന്യത്തിന്റെ ഭാഗമായ ഈ വാഹനം ഇസ്രയേലില്‍ തന്നെയാണ് നിർമിച്ചത്. യുദ്ധടാങ്കുകള്‍ അടക്കമുള്ള പ്രതിരോധ വാഹനങ്ങള്‍ നിർമിക്കുന്ന കാര്‍മര്‍ എന്ന ഇസ്രയേലി കമ്പനിയാണ് ഈ വാഹനത്തിന്റെ നിർമാതാക്കള്‍. ഇപ്പോള്‍ 300 വോള്‍ഫുകള്‍ ഇസ്രയേലി സൈന്യത്തിനുണ്ടെന്നാണ് കണക്ക്. ‌ഫോര്‍ഡ് F 550 ട്രക്കിനു മുകളിലാണ് വോള്‍ഫിനെ പണിതുയര്‍ത്തിയിരിക്കുന്നത്. 325 കുതിരശക്തി വരെ എത്താന്‍ ശേഷിയുള്ള 6 ലിറ്റര്‍ വി8 എൻജിനാണ് ഇതിലുള്ളത്. അഞ്ചു വ്യത്യസ്ത സ്പീഡുകളുള്ള വാഹനം ഫോര്‍ വീല്‍ ഡ്രൈവാണ്.

കൊടുങ്കാറ്റ്

ail-storm

ഇസ്രയേല്‍ സൈന്യത്തിന്റെ പടക്കുതിരയാണ് 1990 മുതല്‍ സൈന്യത്തിന്റെ ഭാഗമായ എഐഎല്‍ സ്റ്റോം. ഇസ്രയേല്‍ കമ്പനിയായ ഓട്ടോമോട്ടീവ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡാണ് നിര്‍മാതാക്കള്‍. ജീപ്പ് റാങ്ക്‌ളറിന് മുകളിലാണ് എഐഎല്‍ സ്റ്റോം നിർമിച്ചിരിക്കുന്നത്. ഇതിന്റെ ചില മോഡലുകള്‍ പൊതു വിപണിക്ക് വേണ്ടിയും ഓട്ടോമോട്ടീവ് ഇന്‍ഡ്‌സ്ട്രീസ് നിർമിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ പെട്ട 700 വാഹനങ്ങള്‍ നിലവില്‍ ഇസ്രയേല്‍ സേനയുടെ ഭാഗമാണ്. 

റഫ് ആന്റ് ടഫ് ഹംവീ

humvee

അത്യാധുനിക ജീപ്പിന്റെ വേഷമാണ് ഇസ്രയേല്‍ സേനയില്‍ ഹംവീക്കുള്ളത്. അമേരിക്കന്‍ കമ്പനിയായ എഎം ജനറലാണ് ഹൈ മൊബിലിറ്റി മള്‍ട്ടിപര്‍പ്പസ് വീല്‍ഡ് വെഹിക്കിളിന്റെ (HMMWV അഥവാ Humvee) നിര്‍മാതാക്കള്‍. 1983 മുതല്‍ കാലാനുസൃതമായ മാറ്റങ്ങളോടെ ഈ വാഹനം സേവനത്തിലുണ്ട്. അമേരിക്കയുടെ അടക്കം പല ലോകരാജ്യങ്ങളും ഇതേ വാഹനം വിപുലമായി ഉപയോഗിക്കുന്നുണ്ട്. ഒരു ഹംവീയുടെ വില 2.20 ലക്ഷം ഡോളറാണ് (ഏതാണ്ട് 1.61 കോടി രൂപ). ഏതു പ്രതലത്തിലും സുഗമമായി സഞ്ചരിക്കാവുന്ന ഈ വാഹനങ്ങള്‍ ഗള്‍ഫ് യുദ്ധത്തിന്റെ സമയത്താണ് ലോകശ്രദ്ധയിലെത്തുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 113 കിലോമീറ്ററാണ്.

കുഞ്ഞന്‍ ഡേവിഡ്

mdt-david

എഐഎല്‍ സ്‌റ്റോമിന്റെ പകരക്കാരനായി ഉപയോഗിക്കുന്ന വാഹനമാണിത്. താഴെ നിന്നും മുകളില്‍ നിന്നുമുള്ള സ്‌ഫോടനങ്ങളേയും വെടിവെപ്പിനേയും ഐഇഡി സ്‌ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ഈ വാഹനത്തിന് ശേഷിയുണ്ട്. ബ്രിട്ടീഷ് കമ്പനിയായ എംഡിടി ആര്‍മര്‍ കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ 400 എംഡിടി ഡേവിഡ് വാഹനങ്ങള്‍ ഇസ്രയേല്‍ സേനയുടെ ഭാഗമാണ്.

ലാന്റ് റോവര്‍ ഡിഫെന്‍ഡറിന്റേയും ടൊയോട്ട ലാന്റ് ക്രൂയിസറിന്റേയും മുകളിലാണ് ഡേവിഡിനെ കെട്ടിപ്പടുത്തിരിക്കുന്നത്. 2007 മുതല്‍ ഇസ്രയേലില്‍ ഈ വാഹനം സൈനിക സേവനത്തിലുണ്ട്. 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്റര്‍ കൂള്‍ഡ് ഡീസല്‍ എൻജിനാണിതിന്. പരമാവധി ആറു ആയുധധാരികളായ സൈനികരെ വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് മൂന്ന് ഡോറുകളാണുള്ളത്. ആവശ്യമെങ്കില്‍ മുകള്‍ ഭാഗം തുറക്കാനാകും. 

മരുഭൂമിയിലെ പൂച്ച

plasan-sandcat

സാന്‍ഡ് കാറ്റ് എന്ന് വിളിക്കുന്ന ഈ ഇസ്രയേലി സൈനിക വാഹനം 2004 മുതല്‍ നിര്‍മിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും മരുഭൂമിയിലെ സൈനിക നീക്കത്തിന് പറ്റിയ വാഹനമാണിത്. ഇസ്രയേലി കമ്പനിയായ പ്ലാസനാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഇതുവരെ 700 സാന്‍ഡ്‌കേറ്റുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. നിലവില്‍ 400 സാന്‍ഡ്‌കേറ്റുകള്‍ ഇസ്രയേലില്‍ സൈനിക സേവനത്തിലുണ്ട്. ഏറ്റവും പുതിയ സാന്‍ഡ്‌കേറ്റ് 2018ലാണ് പുറത്തിറങ്ങിയത്. പത്തു സൈനികരെ വരെ വഹിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണ്.

തേള്‍ അഥവാ അക്രെപ്

akrep

തുര്‍ക്കിഷ് വാഹന നിർമാതാക്കളായ ഒറ്റോക്കറാണ് തേള്‍ എന്നര്‍ഥം വരുന്ന അക്രെപ് നിർമിച്ചത്. 1994 ജൂണ്‍ മുതല്‍ ഈ വാഹനം നിര്‍മിക്കുന്നുണ്ട്. നിരീക്ഷണം, എസ്‌കോര്‍ട്ട്, സമാധാന പരിപാലനം തുടങ്ങി പല വിധ മേഖലകളില്‍ ഈ വാഹനത്തെ ഇസ്രയേല്‍ സേന ഉപയോഗിക്കാറുണ്ട്. സായുധ വാഹനമായ അക്രപിന്റെ 30 എണ്ണമാണ് ഇസ്രയേലിലുള്ളത്.

മണല്‍ റൈഡര്‍

ail-desert-raider

മരുഭൂമിയില്‍ അതിവേഗം സഞ്ചരിക്കാന്‍ കഴിവുള്ള വാഹനമാണ് AIL ഡെസേര്‍ട്ട് റൈഡര്‍. നിരീക്ഷണത്തിനായാണ് ഈ 6x6 വാഹനത്തെ പ്രധാനമായും ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ച ഈ വാഹനം എത്രയെണ്ണം ഇസ്രയേലിന്റെ പക്കലുണ്ടെന്ന് വ്യക്തതയില്ല.

M35 - ട്രക്കുകളുടെ ആശാന്‍

m35

ദീര്‍ഘകാലമായി സൈനിക സേവനത്തിലുള്ള ട്രക്കുകളുടെ പട്ടികയില്‍ മുന്നിലാണ് എം35 ട്രക്കുകള്‍. ഈ അമേരിക്കന്‍ നിര്‍മിത വാഹനങ്ങള്‍ 1944 മുതല്‍ തന്നെ സജീവമായുണ്ട്. സൈനിക ചരക്കു നീക്കമാണ് പ്രധാന ജോലി. ഓഫ്‌റോഡില്‍ ഏതാണ്ട് 2300 കിലോഗ്രാമും സാധാരണ റോഡുകളില്‍ 4500 കിലോഗ്രാം വരെയും ചരക്കുമായി സഞ്ചരിക്കാന്‍ ഈ സൈനിക ട്രക്കിനാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മണിക്കൂറില്‍ 93 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ ഈ ആറുചക്ര വാഹനത്തിനാകും.

ജര്‍മന്‍ ഉനിമോഗ്

unimog-437

ജര്‍മന്‍ നിര്‍മിത ഇടത്തരം സൈനിക ട്രക്കാണ് ഉനിമോഗ്. മെഴ്‌സിഡസ് ബെന്‍സാണ് ഈ പല വിധ ഉപയോഗമുള്ള ട്രക്കിന്റെ നിര്‍മാതാക്കള്‍. 1948 മുതല്‍ ഈ ട്രക്ക് വിപണിയിലെത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കാട്ടിലും മലകളിലും മരുഭൂമിയിലുമൊക്കെ ഈ വാഹനത്തെ ഉപയോഗിക്കാനാകും.  സൈനിക ആവശ്യത്തിന് പുറമേ അഗ്നിശമനസേനകളും, കാടുകളിലെ സഞ്ചാരികളും ഓഫ്‌റോഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുമെല്ലാം ഉനിമോഗിനെ ഉപയോഗിക്കാറുണ്ട്. അതേസമയം എത്ര ഉനിമോഗുകള്‍ ഇസ്രയേലി സേനയിലുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ല. 

കൂറ്റന്‍ HEMTT

hemtt

9100 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ സൈനിക ട്രക്കാണ് ഹെവി എക്‌സ്പാന്‍ഡഡ് മൊബൈല്‍ ടാക്ടിക്കല്‍ ട്രക്ക് അഥവാ HEMTT. 1982 മുതല്‍ അമേരിക്കന്‍ സൈന്യം ഉപയോഗിച്ചു തുടങ്ങിയ ഈ ട്രക്ക് ഇസ്രയേല്‍ സൈന്യത്തിന് ലഭിക്കുന്നത് 2015 മുതലാണ്. 8 വീല്‍ ഡ്രൈവായ ഈ വാഹനത്തിന്റെ വിവിധ മോഡലുകള്‍ ആഗോളതലത്തില്‍ കുറഞ്ഞത് 17 രാജ്യങ്ങളിലെ സൈന്യം ഉപയോഗിക്കുന്നുണ്ട്. എത്ര വെല്ലുവിളിയുള്ള പ്രതലത്തിലൂടെയും പുഷ്പം പോലെ ചരക്കെത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ കൂറ്റന്‍ ട്രക്കിന്റെ പ്രധാന സവിശേഷത. അമേരിക്കന്‍ കമ്പനിയായ ഒഷ്‌കോഷ് കോര്‍പറേഷന്‍ നിര്‍മിക്കുന്ന 420 ഹെമ്മെറ്റുകള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗമായുണ്ട്.

English Summary: Vehicles of the Israeli Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com