ADVERTISEMENT

1926ല്‍ ഇറ്റലിയിലെ ബൊലോഗ്‌നയില്‍ സ്ഥാപിതമായപ്പോള്‍ മുതല്‍ മോട്ടോര്‍സൈക്കിളുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള കമ്പനിയാണ് ഡ്യുക്കാറ്റി. പുതുമയുള്ള രൂപകല്‍പനയും വിശ്വാസ്യതയും ഉയര്‍ന്ന കരുത്തുമെല്ലാം ഡ്യുക്കാറ്റി മോട്ടോര്‍സൈക്കിളുകളെ മുന്നിലെത്തിച്ചു. ഡ്യൂക്കാറ്റിയുടെ വലിയ വി ട്വിന്‍ എന്‍ജിനുകള്‍ വിഖ്യാതമാണെങ്കില്‍ കൂടുതല്‍ ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനചെലവുമുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുകളും ഡ്യുക്കാറ്റി നിര്‍മിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ നിര്‍മിച്ച് ഡ്യുക്കാറ്റി മികവു തെളിയിച്ചിരിക്കുന്നു.

എന്‍ട്രി ലെവല്‍ മോട്ടോര്‍ സൈക്കിളുകളിലാണ് വ്യാപകമായി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഡ്യുക്കാറ്റി ഒരു സിംഗിള്‍ സിലിണ്ടര്‍ ബൈക്ക് നിര്‍മിക്കുന്നത്. 1993ല്‍ നിര്‍മിച്ച സൂപ്പര്‍മോണോ (Supermono) 550 റൈസ് ബൈക്കുകളാണ് അവസാനമായി ഡ്യുക്കാറ്റി നിര്‍മിച്ച സിംഗിള്‍ സിലിണ്ടര്‍ ബൈക്കുകള്‍. 10,000ആര്‍പിഎമ്മില്‍ 75എച്ച്പി കരുത്തു പുറത്തെടുക്കുന്ന ബൈക്കുകളാണിത്. സൂപ്പര്‍മോണോ നിര്‍മിക്കുമ്പോള്‍ പ്രൊജക്ട് ലീഡറായിരുന്ന ക്ലൗഡിയോ ഡൊമെനിക്കാലി ഇപ്പോള്‍ ഡ്യുക്കാറ്റിയുടെ സിഇഒയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായ ഡ്യുക്കാറ്റി സൂപ്പര്‍ക്വാഡ്രോ മോണോ ഇപ്പോള്‍ നിര്‍മിച്ചപ്പോഴും ഡൊമെനിക്കാലിക്ക് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 659സിസിയുള്ള ഡ്യുക്കാറ്റി സൂപ്പര്‍ക്വാഡ്രോ മോണോ. ഡ്യുക്കാട്ടി 1299 പനിഗലിന്റെ ട്വിൻ സിലിണ്ടർ എൻജിനുമായി സൂപ്പര്‍ക്വാഡ്രോ മോണോ പല ഘടകങ്ങളും പങ്കുവയ്ക്കുന്നുണ്ട്. പുതിയ എന്‍ജിനിലെ 116എം പിസ്റ്റണ്‍, കംപല്‍ഷന്‍ ചേംബര്‍, ടൈറ്റാനിയം ഇന്‍ടേക്ക്, സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റ് വാല്‍വ് എന്നിവയെല്ലാം പനിഗലേ 1299ലെ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ നിന്നുള്ളതാണ്. എങ്കിലും സൂപ്പര്‍ക്വാഡ്രോ എന്‍ജിനിലെ 80 ശതമാനത്തിലേറെ ഭാഗങ്ങള്‍ പുതിയതു തന്നെ.

ഉയര്‍ന്ന ബോര്‍ ടു സ്‌ട്രോക്ക് നിരക്കിനെയാണ് സൂപ്പര്‍ക്വാഡ്രോ എന്ന പേരു സൂചിപ്പിക്കുന്നത്. റേസിങ് എന്‍ജിനുകളില്‍ ഉയര്‍ന്ന റൊട്ടേഷന്‍ സ്പീഡ് നല്‍കാന്‍ ബോര്‍ ടു സ്‌ട്രോക്ക് നിരക്കാണ് സഹായിക്കുന്നത്. 9,750 ആര്‍പിഎമ്മില്‍ 77.5എച്ച്പിയും 8,000 ആര്‍പിഎമ്മില്‍ 62.7എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കും. സൂപ്പര്‍ക്വാഡ്രോ എന്‍ജിന് പരമാവധി ആര്‍പിഎമ്മില്‍ ഒരു സെക്കന്‍ഡില്‍ 21 മീറ്റര്‍ കുതിക്കാന്‍ കഴിയും. 

ഡ്യുക്കാറ്റിയുടെ ആപ്തവാക്യമായ 'ഭാരക്കുറവാണെന്റെ കരുത്ത്' തന്നെയാണ് സൂപ്പര്‍ക്വാഡ്രോ എന്‍ജിന്റെ നിര്‍മാണത്തിലെയും ആപ്തവാക്യം. സാധ്യമായ എല്ലാഭാഗങ്ങളും പരമാവധി ഭാരം കുറച്ചുകൊണ്ട് ഈ എന്‍ജിന്‍ നിര്‍മിക്കാനാണ് ഡ്യുക്കാറ്റി ശ്രമിച്ചിട്ടുള്ളത്. അതേസമയം എന്‍ജിന്‍ ഭാഗങ്ങളുടെ ബലത്തിലും പ്രകടനത്തിലും കുറവുവരാനും പാടില്ല. ഈ ലക്ഷ്യത്തിനു വേണ്ടി പല ഭാഗങ്ങളും മാറ്റി രൂപകല്‍പന ചെയ്താണ് ഡ്യുക്കാറ്റി സൂപ്പര്‍ക്വാഡ്രോ മോണോ എന്ന ഏറ്റവും കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ നിര്‍മിച്ചത്.

English Summary:

Auto News, Ducati unveils world's most powerful Single Cylinder Engine

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com