സ്പോർട്ടി ലുക്കിൽ മെയ്ബ; ഇന്ത്യയിൽ വിൽക്കുന്നത് 3 എണ്ണം മാത്രം, വില 4.2 കോടി

Mail This Article
മെഴ്സിഡീസ് മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. വിലയിലും അപൂര്‍വതയിലും നിരവധി സവിശേഷതകളുള്ള മോഡലാണിത്. മെയ്ബ ശ്രേണിയിലെ ഏറ്റവും സ്പോര്‍ട്ടിയായ ഇരട്ട ഡോര്‍ മോഡലിന് ഇന്ത്യയില്‍ 4.2 കോടി രൂപ മുതലാണ്. 2025ല്‍ ആകെ മൂന്ന് മെയ്ബ എസ് എല്‍ 680 മോണോഗ്രാം മോഡലുകള്‍ മാത്രമേ ഇന്ത്യയില്‍ മെഴ്സിഡീസ് ബെന്‍സ് വില്ക്കാന് തീരുമാനിച്ചിട്ടുള്ളൂ.

മേബാക്കിന്റെ ഡിസൈന്‍ സവിശേഷതകള്‍ പിന്തുടരുന്ന മോഡലാണ് മെഴ്സിഡീസ് മെയ്ബ എസ്എല്‍ 860 മോണോഗ്രാം സീരീസ്. റെഡ് ആംബിയന്‍സ്, വൈറ്റ് ആംബിയന്‍സ് എന്നിങ്ങനെ രണ്ട് ഡിസൈന്‍ തീമുകളില്‍ മാത്രമായിരിക്കും വാഹനം പുറത്തിറങ്ങുക. തിളങ്ങുന്നതും മെലിഞ്ഞതുമായ കുത്തനെയുള്ള ഗ്രില്ലുകള്‍ ക്രോം ആസെന്റുമായി ചരിഞ്ഞിറങ്ങുന്ന മുന്‍ ബംപറും വലിയ എയര്‍ ഇന്‍ടേക്കുകളും. ബോണറ്റ് മുതല്‍ റൂഫ് വരെ കറുപ്പ് നിറം നല്‍കിയിരിക്കുന്നത് മുന്നിലെ മെയ്ബ ലോഗോ എടുത്തുകാണിക്കുന്നുണ്ട്. 5 സ്പോക്ക് അല്ലെങ്കില്‍ മള്‍ട്ടി സ്പോക് ഡിസൈനില്‍ 21 ഇഞ്ച് അലോയ് വീല്‍ ഓപ്ഷനുമുണ്ട്. 4697 എംഎം നീളവും 1915എംഎം വീതിയുമുള്ള വാഹനമായിരിക്കും ഇത്.

നിരവധി ആഡംബര സൗകര്യങ്ങളോടെയാണ് എസ്എല്‍ 680 മോണോഗ്രാം സീരീസിന്റെ വരവ്. കാബിന് നാപ്പ ലെതര്‍ കൊണ്ട് മാനുഫക്തര് നിര്‍മിച്ചിരിക്കുന്നു. മേബാക്കിനായുള്ള പ്രത്യേകം ഫ്ളോറല്‍ ഡിസൈനുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 11.9 ഇഞ്ച് സെന്‍ട്രല്‍ ഡിസ്പ്ലേയുമുണ്ട്. തടിയും തുകലും കൊണ്ട് നിര്‍മിച്ചതാണ് സ്റ്റീറിങ് വീലുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെഡലുകളും ഡോര്‍ സില് ട്രിമ്മുകളുമെല്ലാം എത്രത്തോളം സൂഷ്മമായാണ് മേബാകിന് മെഴ്സിഡീസ് ഒരുക്കിയെടുക്കുന്നത് എന്നത് കാണിച്ചു തരുന്നുണ്ട്.

4.0 ലീറ്റര്‍ വി8 ബൈടര്‍ബോ എന്‍ജിനാണ് എസ്എല്‍ 680യുടെ കരുത്ത്. 2,500-5,000 ആര്‍പിഎമ്മില്‍ 577ബിഎച്ച്പി കരുത്തും 800എന്‍എം ടോര്ക്കുംപുറത്തെടുക്കും. പരമാവധി വേഗത മണിക്കൂറില്‍ 260 കിലോമീറ്റര്‍. 4.1 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാനാവും. 4മാറ്റിക്+ ഓള് വീല്‍ ഡ്രൈവ് സിസ്റ്റമുള്ള വാഹനത്തില്‍ 9സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. കുതിച്ചു പായുമ്പോഴും യാത്രാസുഖത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചകളില്ല.

നിലവില്‍ എസ് 680 നൈറ്റ് സീരീസ്, ജിഎല്‍എസ് 600 നൈറ്റ് സീരീസ്, ഇക്യുഎസ് 680 നൈറ്റ് സീരീസ്, ജിഎല്‍എസ്, ഇക്യുഎസ് എസ്യുവി, എസ് 580 ലിമസീന് എന്നീ മോഡലുകളാണ് മെഴ്സിഡീസ് മേബാക്കിന്റേതായി ഇന്ത്യയില്‍ വില്‍ക്കുന്നത്. പുതിയ എസ്എല്‍ മോണോഗ്രാം സീരീസിന്റെ വരവ് മെഴ്സിഡീസ് മെയ്ബ മോഡലുകളുടെ ഇന്ത്യയിലെ വൈവിധ്യം വര്‍ധിപ്പിക്കും. മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വില്പനക്കു വെച്ചിട്ടുള്ള ഏറ്റവും വിലയേറിയ സ്പോര്‍ട് കാറുകളിലൊന്നായ മേബാക് എസ്എല്‍ 680യുടെ മൂന്നു യൂണിറ്റുകള്‍ ആരൊക്കെയാണ് സ്വന്തമാക്കുകയെന്ന് കാത്തിരുന്നു കാണാം.