26.11 കി.മീ വരെ മൈലേജ്! എർട്ടിഗയുടെ ടൊയോട്ട പതിപ്പ് റൂമിയോൺ, വില 10.26 ലക്ഷം മുതൽ
Mail This Article
മാരുതി സുസുക്കി എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പ് റൂമിയോണിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. ആറു വകഭേദങ്ങളിലായി പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്, സിഎൻജി പതിപ്പിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 10.29 ലക്ഷം രൂപ മുതലാണ്. എസ് എംടി നിയോ ഡ്രൈവിന് മാനുവൽ വകഭേദത്തിന് 10.29 ലക്ഷം രൂപയും ജി എംടി നിയോ ഡ്രൈവിന് മാനുവലിന് 11.45 ലക്ഷം രൂപയും എസ് ഓട്ടമാറ്റിക്കിന് 11.89 ലക്ഷം രൂപയും വി മാനുവലിന് 12.18 ലക്ഷം രൂപയും വി ഓട്ടമാറ്റിക്കിന് 13.68 ലക്ഷം രൂപയുമാണ് വില. എസ് എംടി സിഎൻജി പതിപ്പിന് വില 11.24 ലക്ഷം രൂപയാണ്.
പെട്രോൾ, ഇ-സിഎൻജി എൻജിനുകളിൽ റൂമിയോൺ ലഭിക്കും. പെട്രോൾ പതിപ്പിന് ലീറ്ററിന് 20.51 കിലോമീറ്ററും സിഎൻജി പതിപ്പിന് 26.11 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അഞ്ച് സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളും വാഹനത്തിനുണ്ട്. ടൊയോട്ടയും മാരുതിയുമായി ഷെയർ ചെയ്യുന്ന നാലാമത്തെ വാഹനമാണ് റൂമിയോൺ. ഇതോടെ ടൊയോട്ട നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവി എന്ന പേരും റൂമിയോൺ നേടി. ഗ്രില്ലിലും ബംബറിലും ഫോഗ്‌ലാംപ് കൺസോളിലും മാറ്റങ്ങളുണ്ട്. വ്യത്യസ്ത ഡിസൈനിലുള്ള അലോയ് വീലുകളാണ്.
ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം ടൊയോട്ട റൂമിയോൺ പുറത്തിറക്കിയിരുന്നു. അതേ സമയത്ത് തന്നെ ഇന്ത്യയിലും റൂമിയോൺ എന്ന വ്യാപാര നാമം ടൊയോട്ട റജിസ്റ്റർ ചെയ്താണ്. മാറ്റങ്ങളുള്ള ദക്ഷിണാഫ്രിക്കൻ പതിപ്പിന് ബ്ലാക് ഇന്റീരിയറാണെങ്കിൽ ഇന്ത്യൻ പതിപ്പിന് ബീജ് ഇന്റീരിയറാണ്. ടൊയോട്ട ഐ കണക്റ്റ്, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് കണക്റ്റുവിറ്റി 17.78 ഇഞ്ച് സ്മാർട്ട് കാസ്റ്റ് ടച്ച് സ്ക്രീൻ ഓഡിയോ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലെ, ആർകമീസ് സറൗണ്ട് സെൻസ് സിസ്റ്റം തുടങ്ങിയ റൂമിയോണിലുണ്ട്.
നിലവിലെ എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ് റൂമിയോണിനും കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 103 ബി എച്ച് പി വരെ കരുത്തും 4,400 ആർ പി എമ്മിൽ 138 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. സിഎൻജി പതിപ്പിന് 88 ബിഎച്ച്പി കരുത്തും121.5 എൻഎം ടോർക്കുമുണ്ട്.
English Summary: Toyota Rumion Launched at Rs 10.29 Lakh