ADVERTISEMENT

കോട്ടകളുടെ നഗരമായ ഉദയ്‌പൂരിൽ നെടുംകോട്ടയായി ഹ്യുണ്ടേയ് അൽകസാർ. കണ്ണെഴുതി പൊട്ടു തൊട്ട് ചന്തം ചാർത്തിയ പുത്തൻ എസ് യു വി ഇവിടുത്തെ കോട്ടകളെയും വെല്ലുന്ന ചേലിൽ ഗാംഭീര്യമായി നിലകൊള്ളുന്നു. അത്യാ‍ഡംബര കാറുകളെപ്പോലും വെല്ലുവിളിക്കുന്ന സൗകര്യങ്ങളുമായെത്തിയ അൽകസാറിന്റെ രണ്ടാംവരവ് തരംഗമാവുമോ? പരിശോധിക്കാം...

വെറുതെയല്ല അൽകസാർ

കോട്ടകളുടെ സമുച്ചയം എന്നാണ് അൽകസാർ എന്ന വാക്കിന്റെ അർത്ഥം. സ്പാനിഷ്, അറബിക് സ്വാധീനമുള്ള പേര്. സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ആദ്യ ഹ്യുണ്ടേയ് അല്ല അൽകസാർ. വെന്യു എന്നാൽ വേദിയാണെങ്കിൽ സാൻറാഫേയും ട്യൂസോണും സ്ഥലനാമങ്ങളാണ്. രാജ്യാന്തര വിപണികളിൽ വിവിധ പേരുകളിൽ വിളിക്കപ്പെടുന്ന വാഹനത്തെ ലളിതമായി വിശേഷിപ്പിച്ചാൽ ക്രേറ്റയുടെ നീളം കൂടിയ മോഡൽ എന്നു പറയാം. എന്നാൽ വെറും നീളക്കൂടുതലിൽ ഒതുക്കാവുന്നതല്ല അൽകസാറിന്റെ മികവുകൾ. ഗൾഫ് നാടുകളിൽ ക്രെറ്റ ഗ്രാൻഡ് എന്നും തെക്കെ അമേരിക്കയിൽ ഗ്രാൻഡ് ക്രെറ്റയെന്നുമൊക്കെ അറിയപ്പെടുന്ന നമ്മുടെ അൽകസാർ ഹ്യുണ്ടേയ്ശ്രേണിയിലെ നവതാരമാണ്. 2021 ൽ ആദ്യമായെത്തി ഇപ്പോൾ രണ്ടാം ജന്മം.

എന്താണ് അവതാരോദ്ദേശ്യം?

കാലത്തിനൊത്ത് ഉയരുക തന്നെ. അതിവേഗം മാറ്റങ്ങൾ വരുന്ന വാഹനവിപണിയിൽ പുതുമകൾ കൊണ്ടേ പിടിച്ചു നിൽക്കാനാവൂ. നാലു വെന്റിലേറ്റഡ് ക്യാപ്റ്റൻ സീറ്റുകൾ മുതൽ 8 സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം വരെയുള്ള അസംഖ്യം സൗകര്യങ്ങളും അഡാസ് ലെവൽ ടു പോലെയുള്ള സാങ്കേതികതകളും അൽകസാറിൽ സമന്വയിക്കുന്നു. ഈ വിഭാഗത്തിൽ ആഡംബരത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ അൽകസാറിനു വേറെ എതിരാളികളില്ല.

Print
Print

രൂപവതി, മൃദുലാംഗി...

രൂപഭംഗിയിൽ തുടങ്ങാം. ശിൽപിയുടെ കരവിരുതിൽ തീർത്ത മനോഹരരൂപം പോലെയുള്ള പുറംഭാഗം. ഡാർക് ക്രോം റേഡിയേറ്റർ ഗ്രിൽ, ഹൊറൈസൺ എൽ ഇ ഡി ലാംപ്, കണക്ടഡ് എൽ ഇ ഡി ടെയിൽ ലാംപ്, 18 ഇഞ്ച് അലോയ് വീൽ ഡിസൈൻ, ക്വാഡ് ബീം ഹെഡ് ലാംപ് തുടങ്ങി രൂപകൽപനാ മികവുകൾ സങ്കലിക്കുമ്പോൾ അൽകസാർ എന്ന ശിൽപം പിറക്കുന്നു. പുതിയ മാറ്റ് ഫിനിഷുകൾ യുവത്വമേകുന്ന വാഹനം പരമ്പരാഗത നിറഭംഗിയിലും ലഭിക്കും.

വലുതായി, മികവേറി...

ഇതു കുറച്ചു വലിയ വാഹനമാണല്ലോ എന്ന തോന്നൽ വെറുതെയുണ്ടാകുന്നതല്ല. പഴയ അൽകസാറിനെക്കാൾ വലുപ്പമുണ്ട്. നീളം 60 മി.മീ കൂടി 4560 ൽ എത്തി. 10 മി.മീ വീതി കൂടുതൽ, 1800 മി.മീ. ഉയരം 35 മി.മീ ഉയർന്നു, 1710 മി.മീ. തലയുയർത്തിയുള്ള നിൽപ് യഥാർത്ഥത്തിൽ വലുപ്പക്കൂടുതൽ കൊണ്ടു കൂടിയാണ്. ഈ വലുപ്പക്കൂടുതൽ അവസാന നിര സീറ്റുകളായും മെച്ചപ്പെട്ട ഡിക്കി ഇടമായും പരിണമിക്കുന്നു.

Print

അതിരില്ലാത്ത ആഡംബരം

10 കൊല്ലം മുമ്പ് മെഴ്സിഡീസിലോ ബിഎംഡബ്ലുവിലോ ഔഡിയിലോ മാത്രം കണ്ടിരുന്ന ആഡംബരങ്ങൾ ഇന്ന് അൽകാസർ പോലെയുള്ള കാറുകളിലേക്ക് താണിറങ്ങി. പണ്ടത്തെ പ്രീമിയം ബ്രാൻഡുകൾ ഇന്നു പേരിലുള്ള അന്തസ്സ് മാത്രമായൊതുങ്ങി. ബെൻസും ബിഎംഡബ്ലുവും ഉടമയുടെ പൊങ്ങച്ചം അടക്കുമായിരിക്കാം. എന്നാൽ സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമെങ്കിൽ നാലിലൊന്നു മാത്രം വില നൽകി അൽകസാറിലും സമാന സുഖം ആസ്വദിക്കാം. ഇതു തന്നെയാണ് അൽകസാറിന്റെയും ഇത്തരം പുതുനിര വാഹനങ്ങളുടെയും പ്രസക്തി.

alcazar-interior

കേശാദിപാദം തിളക്കം

ഡാഷ്ബോർഡിൽ തുടങ്ങാം. വ്യത്യസ്ത രൂപഭംഗിയുള്ള ഡാഷിൽ ശ്രദ്ധേയമാകുന്ന മൂന്നു കാര്യങ്ങൾ. ഒന്ന്:  ഇടതുവശത്തുള്ള നിറഞ്ഞു നിൽക്കുന്ന ഹൊറിസോണ്ടൽ എ സി വെന്റ്. രണ്ട്: കർവ് എൽ ഇ ഡി ടിവി പോലെ ഡ്രൈവറുടെ കാഴ്ച നന്നായി കിട്ടാനായി. തെല്ലു ചെരിച്ച് ഉറപ്പിച്ചിട്ടുള്ള ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ളേയും ഇൻസ്ട്രമെന്റ് ക്ലസ്റ്ററും. 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്പ്ലേകളാണിത്.  മൂന്ന്: വലതുവശത്തായി സ്റ്റീയറിങ്ങിനു താഴെ മാഗ്നറ്റിക് പാ‍ഡ്. സ്റ്റിക്കി നോട്ടുകൾ പതിക്കാനുള്ള സൗകര്യം. പരിധിയില്ലാത്ത സൗകര്യങ്ങൾ ഇതൊക്കെ. ഡ്രൈവർക്കും കോ ഡ്രൈവർക്കും 8 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ. രണ്ടു നിര ക്യാപ്റ്റന്‍ സീറ്റുകൾക്കും ചൂടും തണുപ്പും തരുന്ന വെൻറിലേഷൻ. രണ്ടാം നിരയിൽ ബിസിനസ് ക്ലാസ് സീറ്റുകൾ പോലെ കാലുകൾക്ക് സപ്പോർട്ടു നൽകുന്ന കുഷൻ എക്സ്റ്റെൻഷൻ. വിങ് ടൈപ്പ് ഹെഡ് റെസ്റ്റുകൾ, സീറ്റ് ബാക്ക് ട്രേയും കപ് ഹോൾഡറും, പനോരമിക് സൺ റൂഫ്, ഡ്യുവൽ സോൺ എ സി, മുന്നിലും പിന്നിലും വയർലെസ് ചാർജർ‌, ബോസ് 8 സ്പീക്കർ സിസ്റ്റം. അൽകസാറിൻറെ മികവുകൾ പറഞ്ഞാൽ തീരില്ല.

Print

ഫോണ്‍ മതി കാര്യം നടക്കും

എഴുപതിലധികം സൗകര്യങ്ങളുള്ള ബ്ലൂലിങ്ക് സംവിധാനത്തിലെ എറ്റവും രസകരമായ സൗകര്യങ്ങളിലൊന്ന് മൊബൈൽ ഫോൺ തന്നെ കീ ആയി ഉപയോഗിക്കാം എന്നതാണ്. ഡോര്‍ ഹാന്‍ഡിലിൽ ഫോൺ സ്പർശിക്കുമ്പോള്‍ കാർ തുറക്കും. എ സി അടക്കം ഏതാണ്ടെല്ലാ സംവിധാനങ്ങളും റിമോട്ട് ആയി പ്രവർത്തിപ്പിക്കാനുമാകും. അഡാസ് ലെവൽ ടു സംവിധാനങ്ങളുള്ള ഹ്യുണ്ടേയ് സ്മാർട്ട് സെൻസ് ലൈൻ വാണിങ്ങും കൊളീഷൻ വാണിങ്ങും  പാർക്കിങ്ങും അടക്കം വാഹനത്തിന്റെ നിയന്ത്രണം ഭാഗീകമായി ഏറ്റെടുക്കും. സുരക്ഷയിലും വിട്ടുവീഴ്ചയില്ല. മൂന്നാം നിര സീറ്റിനടക്കം എയർബാഗുണ്ട്.

Print

ഡ്രൈവിങ്ങ്; ഡീസലോ പെട്രോളോ?

1.5 പെട്രോൾ ടർബോ എൻജിനും 7 സ്പീഡ് ഡി സി ടി ഓട്ടമാറ്റിക് ഗീയർബോക്സുമടങ്ങുന്ന മോഡലാണ് സൂപ്പർ. 160 പി എസ് കരുത്തും ഡി സി ടിയുടെ മികവും ചേരുമ്പോൾ സുഖ ഡ്രൈവിങ്, ആവശ്യത്തിലുമധികം ശക്തി. നോർമൽ, ഇക്കോ, സ്പോർട്ട് മോഡുകൾ. സ്നോ, മഡ്, സാൻഡ് എന്നിങ്ങനെ ട്രാക്ഷൻ നിയന്ത്രണ സംവിധാനം സാധാരണ ഫോർ വീൽ എസ് യു വികളിലേ കാണാറുള്ളൂ. പാഡിൽ ഷിഫ്റ്ററുകൾ. ഇതേ എൻജിനിൽ 6 സ്പീഡ് മാനുവലും ലഭിക്കും. 1.5 ഡീസലിൽ 6 സ്പീഡ് ഓട്ടമാറ്റിക്കാണ്.  ഡി സി ടിയുടെ ‘ത്രിൽ’ ഇല്ലെങ്കിലും മോശമല്ല. 116 പി എസ് കരുത്ത്. ഇന്ധനക്ഷമത പോലെയുള്ള പ്രായോഗികതകൾ കണക്കിലെടുത്താൽ ഡീസൽ പരിഗണിക്കാം. ഇതിനുമുണ്ട് 6 സ്പീഡ് മാനുവൽ.

Print

വേരിയന്റുകൾ, വില

ആറ്, ഏഴ് സീറ്റ് ലേഔട്ടിൽ 28 വേരിയന്റുകൾ. പെട്രോൾ മാനുവൽ മോഡലിന്റെ വില 14.99 ലക്ഷം രൂപ മുതൽ 19.60 ലക്ഷം രൂപ വരെ. ഓട്ടമാറ്റിക്കിന് 20.90 ലക്ഷം രൂപ മുതൽ 21.54 ലക്ഷം രൂപ വരെ. ഡീസൽ മാനുവലിന്റെ വില 15.99 ലക്ഷം രൂപ മുതൽ 19.60 ലക്ഷം രൂപ വരെ. ഡീസൽ ഓട്ടമാറ്റിക്കിന്റെ വില 20.90 ലക്ഷം രൂപ മുതൽ 21.54 ലക്ഷം രൂപ വരെ. 

English Summary:

Hyundai Alcazar Test Drive Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com