ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യം ഉറപ്പു വരുത്തുമെന്ന് ആർസിഎൻ

Mail This Article
ലണ്ടൻ/സോമർസെറ്റ് ∙ രാജ്യത്തുടനീളമുള്ള നഴ്സുമാരെയും കെയറർമാരെയും സന്ദർശിച്ച് യുകെയിലെ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) ഭാരവാഹികൾ. പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രഫ. നിക്കോള റേഞ്ചർ എന്നിവരുടെ നേതൃത്വത്തിലുള്ള ആർസിഎൻ സംഘങ്ങളാണ് തൊഴിലിടങ്ങളിൽ സന്ദർശനം നടത്തുന്നത്.
ഇരുവരും വെവ്വേറെയാണ് വിവിധ പ്രദേശങ്ങളിൽ നഴ്സുമാർ, കെയറർമാർ എന്നിവർ ഉൾപ്പടെയുള്ള ജീവനക്കാരെ നേരിൽ കാണുന്നത്. ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുക, അവർക്ക് പ്രാദേശിക യൂണിറ്റുകൾ വഴി പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സന്ദർശന ലക്ഷ്യങ്ങൾ.

സന്ദർശനങ്ങളുടെ ഭാഗമായി ആർസിഎൻ സൗത്ത് വെസ്റ്റ് റീജനലിന്റെ നേതൃത്വത്തിൽ സോമർസെറ്റ് എൻഎച്ച് എസ് ട്രസ്റ്റിന്റെ ടോണ്ടൻ മസ്ഗ്രോവ് പാർക്ക് ഹോസ്പിറ്റൽ, നഫീൽഡ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ബിജോയ് സെബാസ്റ്റ്യൻ സന്ദർശനങ്ങൾക്ക് തുടക്കം കുറിച്ചു. ഇരു സ്ഥാപനങ്ങളിലെയും നഴ്സിങ് പ്രഫഷനലുകൾ ഉൾപ്പടെയുള്ള ജീവനക്കാരെ ബിജോയ് സെബാസ്റ്റ്യൻ സന്ദർശിച്ചു.

സന്ദർശനത്തിന് ബിജോയിക്കൊപ്പം സൗത്ത് വെസ്റ്റ് റീജനൽ ഭാരവാഹികളായ ബെവ് ജോൺസ്, ചാർളി ഫോൾക്ക്നർ എന്നിവർ നേതൃത്വം നൽകി. സൗത്ത് വെസ്റ്റ് റീജനിലാണ് ജനറൽ സെക്രട്ടറി പ്രഫ. നിക്കോള റേഞ്ചറും സന്ദർശനങ്ങൾ ആരംഭിച്ചത്. ഡെവണിലെ ടോർബെ ആൻഡ് സൗത്ത് ഡെവൺ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളും ഓഷ്യൻ ഹെൽത്ത് കെയർ ഹോസ്പൈസ് സെന്റർ, യൂണിവേഴ്സിറ്റി ഓഫ് എക്സീറ്ററിലെ നഴ്സിങ് ക്ലാസുകൾ എന്നിവയുമാണ് സന്ദർശിച്ചത്.

തുടർന്ന് സൗത്ത് ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പോർട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിലും സന്ദർശനം നടത്തി. മിടുക്കരായ നഴ്‌സിങ് ടീമുകളെ കണ്ടുമുട്ടിയതിൽ സന്തോഷിക്കുന്നുവെന്നും തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം ഉറപ്പാക്കാൻ പരിശ്രമിക്കുമെന്നും പ്രഫ. നിക്കോള റേഞ്ചർ പറഞ്ഞു.
