ഫ്ലോറിഡയിൽ ഇന്ത്യൻ വംശജയായ നഴ്സിന് രോഗിയുടെ ക്രൂരമർദ്ദനം; മുഖത്തെ എല്ലുകൾ തകർന്നു, കാഴ്ച നഷ്ടപ്പെടാൻ സാധ്യത

Mail This Article
ഫ്ലോറിഡ∙ ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രിയിൽ ഇന്ത്യൻ വംശജയായ നഴ്സിന് മാനസികരോഗിയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ നഴ്സായ ലീലാ ലാലിന് (67) ഗുരുതരമായി പരുക്കേറ്റു. സ്റ്റീഫൻ സ്കാന്റിൽബറി (33) എന്ന മാനസികരോഗിയാണ് ലീലാ ലാലിനെ ആക്രമിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
‘ബേക്കർ ആക്ട്’ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്കാന്റിൽബറി, ആശുപത്രിയിലെ മൂന്നാം നിലയിൽ വെച്ചാണ് ലീലാ ലാലിനെ ആക്രമിച്ചത്. കട്ടിലിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ ലീലാ ലാലിനെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ലീലാ ലാലിന്റെ മുഖത്തെ എല്ലുകൾ തകരുകയും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുരുതരമായി പരുക്കേറ്റ ലീലാ ലാലിനെ എയർലിഫ്റ്റ് ചെയ്ത് അടുത്തുള്ള ട്രോമ യൂണിറ്റിലേക്ക് മാറ്റി.
"എനിക്ക് അമ്മയെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീങ്ങിയിരുന്നു, മുഖത്തിന്റെ വലതുവശം മുഴുവൻ നീരുവെച്ച് വീർത്തിരുന്നു, മുഖത്ത് പലയിടത്തും പൊട്ടലുകളുണ്ടായിരുന്നു, തലച്ചോറിൽ രക്തസ്രാവവുണ്ട്" ലീലാ ലാലിന്റെ മകൾ സിൻഡി പറഞ്ഞു.
സംഭവത്തിന് ശേഷം "ഇന്ത്യക്കാർ മോശമാണ്", "ഞാൻ ഒരു ഇന്ത്യൻ ഡോക്ടറെ തല്ലിച്ചതച്ചു" എന്ന് സ്കാന്റിൽബറി പറഞ്ഞതായി പാം ബീച്ച് കൗണ്ടി ഡപ്യൂട്ടി സർജന്റ് ബെത്ത് ന്യൂകോമ്പ് കോടതിയിൽ മൊഴി നൽകി. ഇതേത്തുടർന്ന്, വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിനും ലീലാ ലാലിനെ ആക്രമിച്ചതിനും സ്കാന്റിൽബറിക്കെതിരെ കുറ്റം ചുമത്തി.
ആക്രമണത്തിന് ശേഷം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സ്കാന്റിൽബറിയെ പിന്നീട് റോഡിൽ നിന്നാണ് പിടികൂടിയത്.