ഒരൊന്നൊന്നര ഓഫർ: 11 രൂപയ്ക്ക് വിയറ്റ്നാമിലേക്ക് വിമാന ടിക്കറ്റ്; എയർലൈനിന് ഇതെന്തു പറ്റിയെന്ന് യാത്രക്കാർ

Mail This Article
ഹനോയ് ∙ സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി വിയറ്റ്നാമീസ് എയർലൈൻ വിയറ്റ്ജെറ്റ് എയർ. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള വിമാന ടിക്കറ്റുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിരക്കിൽ. വിയറ്റ്ജെറ്റ് എയറിന്റെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ചത്. യാത്രക്കാർക്ക് 11 രൂപയ്ക്കാണ് വിമാന ടിക്കറ്റുകൾ കമ്പനി നൽകുന്നത്.
ഓഫർ നിരക്കിൽ നികുതികളും മറ്റ് ഫീസുകളും ഉൾപ്പെടുത്തിയിട്ടില്ലെന്നും എയർലൈൻ വ്യക്തമാക്കി. മുംബൈ, ഡൽഹി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് തുടങ്ങിയ വിയറ്റ്നാമീസ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന എല്ലാ റൂട്ടുകളിലും ടിക്കറ്റ് നിരക്ക് ബാധകമാണ്. വെള്ളിയാഴ്ചകളിലാണ് ഈ ഓഫർ ലഭിക്കുക.
∙ എങ്ങനെ ബുക്ക് ചെയ്യാം?
11 രൂപ ഫ്ലൈറ്റ് ടിക്കറ്റ് വിൽപന ഇപ്പോൾ മുതൽ ഡിസംബർ 31 വരെ എല്ലാ വെള്ളിയാഴ്ചയും ലഭ്യമാണ്. അതേസമയം ഓഫറിന് കീഴിൽ സീറ്റുകളുടെ എണ്ണം കുറവാണ്. യാത്രക്കാർക്ക് വിയറ്റ്ജെറ്റ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.vietjetair.com വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 ഡിസംബർ 31 വരെയാണ് ഈ ഓഫറിന് കീഴിൽ യാത്ര ചെയ്യാൻ സാധിക്കുക.