സി ഐ ഡി ചമഞ്ഞ് തട്ടിപ്പ്, വൻതുക മോഷ്ടിച്ചത് സിനിമാ സ്റ്റൈലിൽ; ദുബായിൽ 2 പേർ അറസ്റ്റിൽ, തട്ടിപ്പിലും ട്വിസ്റ്റ്

Mail This Article
ദുബായ് ∙ ദുബായിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം(സിഐഡി) ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയിൽ നിന്ന് 10 ദശലക്ഷം ദിർഹം തട്ടിയെടുത്ത 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ എസ്.എം.അഹമദ് (35), എ.എ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.
സിഐഡിയാണെന്ന് സ്വയം പരിചയപ്പെടുത്തി ദെയ്റ നായിഫിലെ ട്രേഡിങ് കമ്പനിയിൽ പ്രവേശിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് ജനറൽ മാനേജറുടെ ഓഫിസിലെ അലമാരയിൽ നിന്ന് പണം അപഹരിച്ച് രണ്ടു പ്രതികളും രക്ഷപ്പെടുകയായിരുന്നു. സ്വന്തം രാജ്യത്തേക്ക് പണം അയയ്ക്കാൻ ഇരുവരും എത്തിയപ്പോഴാണ് അധികൃതരുടെ പിടിയിലായത്.
∙അകത്ത് കയറിയത് വ്യാജ സിഐഡി തിരിച്ചറിയൽ കാർഡ് കാണിച്ച്
പ്രതികൾ സിഐഡിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് കാട്ടിയാണ് കമ്പനിയിലേയ്ക്ക് പ്രവേശിച്ചത്. തിരിച്ചറിയൽ കാർഡ് കണ്ടപ്പോൾ ജീവനക്കാർ പെട്ടെന്ന് തന്നെ അകത്തേയ്ക്ക് പ്രവേശനം നൽകുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് ജീവനക്കാരെ കെട്ടിയിടുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ജീവനക്കാരെയെല്ലാം വ്യത്യസ്ത ഓഫിസുകളിലാണ് തടഞ്ഞുവച്ചത്. തുടർന്ന് ജനറൽ മാനേജരുടെ ഓഫിസിലെ സേഫിൽ സൂക്ഷിച്ചുവച്ചിരുന്ന പണം കൈക്കലാക്കി.
അതേസമയം കെട്ടഴിച്ച് സ്വയം മോചിതരായ ജീവനക്കാർ തന്നെയാണ് ഉടൻ ദുബായ് പൊലീസിനെ വിവരം അറിയിച്ചത്. നായിഫ് പൊലീസ് സ്റ്റേഷനിലെ സിഐഡിമാർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികളുടെ വിരലടയാളം ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കൂടാതെ, സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പണം സ്വന്തം രാജ്യത്തേയ്ക്ക് അയച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വടക്കൻ എമിറേറ്റുകളിലൊന്നിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. അവിടുത്തെ പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയതും പണം കണ്ടെത്തിയതും.
∙മോഷണത്തിലും വമ്പൻ ട്വിസ്റ്റ്
തട്ടിപ്പ് നടത്തിയതിലെ വലിയ ട്വിസ്റ്റ് ആണ് ചോദ്യം ചെയ്യലിലൂടെ പുറത്തായത്. വിശദമായ ചോദ്യം ചെയ്യലിൽ സേഫിൽ സൂക്ഷിച്ചിരിക്കുന്ന പണത്തെക്കുറിച്ച് സൂചന നൽകിയത് കമ്പനിയിലെ തന്നെ ജീവനക്കാരനാണെന്നാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്. അയാളുമായി ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ കമ്പനിക്ക് പങ്കുണ്ടെന്നും അത് കവർച്ച ചെയ്താൽ മാനേജർ പൊലീസിൽ അറിയിക്കില്ലെന്നും ജീവനക്കാരൻ ഉറപ്പുനൽകി. പൊലീസ് പിന്നീട് ആ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷ്ടിച്ച തുക കമ്പനിക്ക് തിരികെ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.