ADVERTISEMENT

ദുബായ് ∙ ടീം ഇന്ത്യയുടെ  മത്സരമെവിടെയുണ്ടോ അവിടെ സുകുമാറുണ്ടാകും. വെറുതെ മത്സരം കാണാനെത്തുന്ന ആരാധകനല്ലിത്, സുകുമാറിന്റെ വൈബ് വേറെയാണ്.  അല്‍പം രാജകീയമായാണ് സുകുമാറിന്റെ മത്സരം കാണാനുളള യാത്രകളോരോന്നും.  ഗാലറികളില്‍ ഇന്ത്യന്‍ ആരാധകരുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളില്‍ എപ്പോഴും പതിയുന്ന സൂപ്പർ ഡ്യൂപ്പർ ആരാധകനാണ് ബെംഗളൂരുകാരനായ സുകുമാർ, അഥവാ സ്പോർട്സ് സുകുമാർ. 

ഇന്ത്യന്‍ ആർമിയിൽ ചേരണമെന്നതായിരുന്നു കുഞ്ഞു സുകുമാറിന്റെ വലിയ ആഗ്രഹം. രാജ്യത്തിന് വേണ്ടിയെന്തെങ്കിലും ചെയ്യണമെന്നതായിരുന്നു ആർമിയിലെത്തണമെന്ന ആഗ്രഹത്തിന് പിന്നില്‍. സ്കൂള്‍ കാലം മുതല്‍ തന്നെ എന്തുചെയ്യുമ്പോഴും വ്യത്യസ്തത വേണമെന്നുളളത് നിർബന്ധമായിരുന്നു. സഹോദരന്‍ ഇന്ത്യന്‍ ആർമിയില്‍ ചേർന്നതോടെ തന്റെ വഴി മറ്റൊന്നാണെന്ന്  ഉറപ്പിച്ചു. ക്രിക്കറ്റ് ഇഷ്ടമായിരുന്നു. ഇന്ത്യയുടെ മത്സരം ബെംഗളൂരുവില്‍ എവിടെ നടന്നാലും അവിടെ സുകുമാറുണ്ടാകും.

2008ല്‍ ഐപിഎല്ലില്‍   റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ  മത്സരം ബെംഗളൂരുവില്‍ നടന്നപ്പോള്‍ മൈസൂർ രാജാവിന്റെ വേഷഭൂഷാധികളുമായാണ് സുകുമാർ മത്സരം കാണാനായി എത്തിയത്. ആ വേഷം ശ്രദ്ധിക്കപ്പെട്ടു. മാധ്യമങ്ങളിലെല്ലാം  സുകുമാറിന്റെ ചിത്രം വന്നു. സാധാരണക്കാരനെന്ന നിലയില്‍ വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അതെന്ന് സുകുമാർ പറയുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പിന്നീട് ഓരോ സ്ഥലത്ത് മത്സരം കാണാനെത്തുമ്പോഴും ഓരോ വേഷത്തിലായിരിക്കുമെത്തുക. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ലോകത്തോട് പറയുകയെന്നതാണ് താന്‍ ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് സുകുമാർ പറയുന്നു. ക്രിക്കറ്റ് കാണാനെത്തുന്നവർ കൗതുകത്തോടെ സുകുമാറിനരികിലെത്തും. ഫോട്ടോയെടുക്കും. ക്യാമറകണ്ണുകളും സുകുമാറിനെ വിടാതെ പിന്തുടർന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പർ ഫാന്‍ പരിവേഷത്തിലേക്ക് സ്പോ‍ർട്സ് സുകുമാർ എത്തി.

ബെംഗളൂരുവില്‍ കെറി ഇന്‍ഡേവ് ലോജിസ്റ്റിക്സില്‍ അസിസ്റ്റന്റ് മാനേജരാണ് സുകുമാർ. ഇന്ത്യയില്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങള്‍ കാണാനും സുകുമാർ എത്താറുണ്ട്. ദുബായില്‍ ഇത് ഏഴാം തവണയാണ് എത്തുന്നത്. എല്ലാത്തിനും നന്ദി പറയാനുളളത് ബോസായ ഡോ എസ് സേവ്യർ ബ്രിട്ടോയ്ക്കാണ്. അദ്ദേഹമാണ് തന്നെ സ്പോണ്‍സർ ചെയ്യുന്നത്, ഇപ്പോള്‍ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡർ കൂടിയാണ് സുകുമാർ. തന്റെ രണ്ടുകണ്ണുകളില്‍ ഒന്നാണ് ബോസായ സേവ്യർ ബ്രിട്ടോ. രണ്ടാമത്തെ കണ്ണ് ഭാര്യ സുമയാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ക്രിക്കറ്റിനോടുളള കടുത്ത ആരാധനയില്‍ ആദ്യമെല്ലാം അമ്മ പ്രമീളയ്ക്ക് എതിർപ്പുണ്ടായിരുന്നു. എന്നാല്‍ വേഷത്തിലൂടെ വ്യത്യസ്തനായി സുകുമാറിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ അമ്മയുടെ ഇഷ്ടക്കേട് അഭിമാനത്തിന് വഴിമാറി. 2019 ല്‍ അമ്മ മരിച്ചപ്പോള്‍  ബോസായ ഡോ എസ് സേവ്യർ ബ്രിട്ടോ അമ്മയ്ക്കായി പ്രത്യേക പ്രാർഥനയൊരുക്കി. സ്ഥാപനത്തിലെ എല്ലാവരും അന്ന് പ്രാർഥനയില്‍ പങ്കെടുത്തു, ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ആ ദിവസം, സുകുമാർ ഓർക്കുന്നു.

2019 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറമായ നീല നിറമണിഞ്ഞുകൊണ്ടാണ് മത്സരം കാണാനെത്തുന്നത്. മുഖത്ത് ഇന്ത്യന്‍ പതാകയുടെ നിറവും. ദേഹത്തും മുഖത്തുമെല്ലാം നിറം നല്‍കുന്നത് സ്വന്തമായാണ്. ഒരുക്കം പൂർത്തിയാകാന്‍ കുറഞ്ഞത് ഒന്നരമണിക്കൂറെങ്കിലുമെടുക്കും. ചൂട് കാലാവസ്ഥയില്‍ ഇത്തരത്തില്‍ വേഷമണിഞ്ഞ് മത്സരം കാണുകയെന്നുളളത് അല്‍പം കടന്നകയ്യാണ്. എന്നാല്‍ ഗാലറിയിലെത്തിക്കഴിഞ്ഞാല്‍, ജനങ്ങളുടെ ആവേശം കാണുന്നതോടെ, അവരുടെ പ്രോത്സാഹനം ലഭിക്കുന്നതോടെ എല്ലാം മറക്കും, മനസ്സില്‍ ഇന്ത്യമാത്രം.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരിന്റെ മത്സരം കാണാനെത്തുമ്പോള്‍ നീലനിറം ചുവപ്പിന് വഴിമാറുമെന്ന വ്യത്യാസം മാത്രം. 2008 മുതല്‍ ഇതുവരെ ബെംഗളൂരുവില്‍ നടന്ന മത്സരങ്ങളെല്ലാം, ടീം ഇന്ത്യയുടെ മാത്രമല്ല, ആർസിബിയുടെ മത്സരങ്ങളും കാണാന്‍ സുകുമാർ പോയിട്ടുണ്ട്. 2014 ലാണ് ആദ്യമായി ദുബായിലെത്തുന്നത്. രണ്ട് വർഷം മുന്‍പ് ഭാര്യ സുമയുടെ പിറന്നാള്‍ ആഘോഷിച്ചത് ദുബായിലാണ്. മകള്‍ സോനുവിനും സ്പോർട്സില്‍ താല്‍പര്യമുണ്ട്.

ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനെ ഇഷ്ടമാണ്. എന്നാല്‍ വിരാട് കോലിയോടുളളത് ആരാധനയ്ക്ക് അപ്പുറമുളള അടുപ്പമാണ്. വിരാട് കോലിയെ നിരവധി തവണ കണ്ടിട്ടുണ്ട്. പ്രിയപ്പെട്ട ആരാധകരന് ടീ ഷർട്ടും ഹെല്‍മെറ്റും ഉള്‍പ്പടെയുളള നിരവധി സമ്മാനങ്ങളും വിരാട് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെത്തുന്നതിന് മുന്‍പ്, അണ്ടർ 19 വേള്‍ഡ് കപ്പ് വിജയിച്ച സമയത്താണ് വിരാട് കോലിയെ ആദ്യമായി കാണുന്നത്.  2022 ഓസ്ട്രേലിയയില്‍ ലോകകപ്പ് നടന്ന സമയത്ത് വിരാട് കോലിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ഒരുമിച്ച് ആഘോഷിച്ചു. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളിലൊന്നാണ് അത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദുബായില്‍ നടന്ന മത്സരത്തിന് മുന്‍പ് തന്നോട് ചോദിച്ചവരോടൊക്കെ വിരാട് ഇന്ന് സെഞ്ചറിയടിക്കുമെന്ന് പറഞ്ഞിരുന്നു, അത് അതുപോലെ സംഭവിക്കുകയും ചെയ്തു, സുകുമാർ പറയുന്നു. എന്നാല്‍ വിരാട് കോലിയുടെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ആരാധകനെന്ന നിലയില്‍ ജയവും തോല്‍വിയും വിഷയമല്ല. മത്സരങ്ങള്‍ കാണാനെത്തുന്നവരെ സന്തോഷിപ്പിക്കുകയെന്നുളളത് മാത്രമാണ് തന്റെ ലക്ഷ്യം. വാഷിങ്ടൻ സുന്ദർ സുഹൃത്താണ്. റോജർ ബിന്നിയും പിന്തുണച്ചിട്ടുണ്ട്.  ഇന്ത്യ പാകിസ്ഥാന്‍ മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം  കുല്‍ദീപ് യാദവിനെ ദുബായ് മാളില്‍ വച്ച് കണ്ടപ്പോള്‍ ഏറെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. ഒരുമിച്ച് ഫോട്ടോയുമെടുത്തു.  

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ക്രിക്കറ്റില്‍ മാത്രമല്ല, അങ്ങ് ഫുട്ബോളിലുമുണ്ട് സുകുമാറിന് പിടി. റൊണാള്‍ഡീഞ്ഞോ, കഫൂ, ലൂയിസ് ഫിഗോ, റയാന്‍ ഗിഗ്സ് തുടങ്ങിയവരെയെല്ലാം കണ്ടിട്ടുണ്ട്. റൊണാള്‍ഡീഞ്ഞോയെ കണ്ടത് ഒരു സ്വപ്നം പോലെ മാത്രമെ ഓർക്കാനാകൂ. ഇന്ത്യയിലെ ക്രിക്കറ്റ് ആവേശത്തെകുറിച്ച് ഓസ്ട്രേലിയന്‍ മുന്‍ക്യാപ്റ്റന്‍ സ്റ്റീവ് വോ എഴുതിയ ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ എന്ന പുസ്തകത്തില്‍ ക്രിക്കറ്റ് ഫനാറ്റിക് എന്ന തലക്കെട്ടില്‍ രണ്ട് പേജില്‍ സുകുമാറിനെ കുറിച്ച് എഴുതിയിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ വച്ച് 2019 ല്‍ ഗ്ലോബല്‍ സ്പോ‍ർസ് ഫാന്‍ അവാർഡും  ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തില്‍ മൈസൂരില്‍ വച്ച്  പ്രൗഡ് ഇന്ത്യന്‍ അവാർഡും  ലഭിച്ചിട്ടുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദുബായ് എന്നും സ്വന്തം വീടുപോലെ തന്നെയാണ്. എല്ലാ പിന്തുണയും നല്‍കി മലയാളി സുഹൃത്തുക്കളും ഒപ്പമുണ്ട്. കഴിഞ്ഞ തവണ ദുബായില്‍ വന്നപ്പോള്‍  പരിചയപ്പെട്ടതാണ് കാസർകോട്ടുകാരനായ ലിഷാനെ. ലിഷാന്റെ അബുഹെയ്ലിലുളള ഫ്ളാറ്റിലാണ് ഇത്തവണ വന്നപ്പോള്‍ താമസിച്ചത്. ദുബായ് ഖിസൈസിലുളള ഗഫൂർക്കാസ് തട്ടുകടയിലെ ഭക്ഷണവും സുകുമാറിന് ഏറെ ഇഷ്ടം. ഗഫൂർക്കാസിലെ സജിയും പൂർണപിന്തുണനല്‍കി കൂടെയുണ്ട്.  ഇന്ത്യ മികച്ച ടീമാണ്. ഇത്തവണ ദുബായില്‍ നിന്ന്  ചാംപ്യന്‍സ് ട്രോഫിയും കൊണ്ടായിരിക്കും ഇന്ത്യന്‍ ടീമിന്റെ മടക്കം, സുകുമാറിന്റെ കണ്ണുകളില്‍ ആത്മവിശ്വാസത്തിളക്കം.

English Summary:

Sukumar will be there wherever Team India competes.Story about the Viral fan of Virat Kohli.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com