ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായ ആദ്യ വിദേശി; സാമ്പത്തിക മാന്ദ്യ കാലത്തും‘നങ്കൂരമിട്ട മിടുക്കൻ’, കാനഡയെ നയിക്കാൻ മാർക് കാർണി

Mail This Article
ലണ്ടൻ ∙ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാനഡയെയും ലിബറൽ പാർട്ടിയെയും നയിക്കാനെത്തുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുൻ ഗവർണർ മാർക് കാർണി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാങ്ക് ഓഫ് കാനഡയെ നയിച്ച അനുഭവ സമ്പത്തുമായാണ് മാർക് കാർണി 2013ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാനെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരുന്ന രാജ്യത്തെ ശരിയായ വികസന പാതയിലെത്തിക്കാൻ മാർക് കാണിയുടെ ഏഴുവർഷത്തെ നേതൃത്വകാലത്തായി.
300 വർഷത്തെ ചരിത്രത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി പ്രവർത്തിച്ച ബ്രിട്ടിഷുകാരനല്ലാത്ത ആദ്യത്തെയാളുമാണ് മാർക് കാർണി. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ എന്നിവിടങ്ങളിൽ ഗോൾഡ്മാൻ സാക്കിന്റെ ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്ത ശേഷമാണ് മാർക് കാർണി ബാങ്ക് ഓഫ് കാനഡയെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും നയിച്ചത്. ഓക്സ്ഫെഡിലായിരുന്നു സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പിഎച്ച്ഡി പഠനം.
എല്ലാ മാസവും കൂടിക്കൊണ്ടിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വർഷത്തിൽ എട്ടുതവണ മാത്രം എന്നു ചുരുക്കിയത് മാർക് കാർണിയാണ്. കമ്മിറ്റിയുടെ മിനിറ്റ്സിനൊപ്പം പലിശ നിരക്കിൽ വരുത്തുന്ന മാറ്റങ്ങൾ അപ്പോൾ തന്നെ പുറത്തുവിടാനുള്ള തീരുമാനം കൈക്കൊണ്ടതും അദ്ദേഹമാണ്. രാജ്യത്തിന്റെ അടിസ്ഥാന പലിശ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിൽ എത്തിയത് മാർക് കാർണി ഗവർണറായിരുന്ന കാലയളവിലാണ്. ഏറെക്കാലം 0.50 ശതമാനം മാത്രമായി നിലനിന്ന പലിശ നിരക്ക് കോവിഡ് കാലത്ത് 0.25 ശതമാനത്തിലെത്തിച്ചാണ് അദ്ദേഹം ആ വലിയ പ്രതിസന്ധിയെ നേരിട്ടത്.
സാമ്പത്തിക ശാസ്ത്രം നന്നായി അറിയാവുന്ന മാർക് കാർണിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ സമർഥമായി നേരിടാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ഇന്റർനാഷനൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് ചെയർമാൻ എന്ന നിലയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎൻ പ്രതിനിധി എന്നി നിലയിലും ആഗോള നേതാക്കളുമായുള്ള മാർക് കാർണിയുടെ ബന്ധവും പുതിയ ദൗത്യത്തിൽ അദ്ദേഹത്തിന് തുണയാകും.