കഫേകളും സ്റ്റോറുകളും അടച്ചുപൂട്ടാൻ മോറിസൺസ്; യുകെയിൽ നൂറുകണക്കിനാളുകൾക്ക് ജോലി നഷ്ടമാകും

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മോറിസൺസ് 52 കഫേകളും 17 കൺവീനിയന്റ് സ്റ്റോറുകളും അടച്ചുപൂട്ടുന്നു. ഇതുമൂലം നൂറുകണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും. പല സൂപ്പർമാർക്കറ്റുകളിലെയും മീറ്റ് ആൻഡ് ഫിഷ് കൗണ്ടറുകൾ, ഫാർമസികൾ, മാർക്കറ്റ് കിച്ചൺ എന്നിവയും ഇതോടൊപ്പം നിർത്തലാക്കും. ലാഭകരമല്ലാത്ത മേഖലകളെ ചുരുക്കി കൂടുതൽ ലാഭകരമായ ബിസിനസ് മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.
പുതിയ പരിഷ്കാരം മൂലം ജോലി നഷ്ടപ്പെടുന്നവരെ മറ്റ് മേഖലകളിലേക്ക് മാറ്റാൻ അനുവദിക്കും. എന്നിരുന്നാലും, ഏകദേശം നാനൂറോളം പേരുടെ ജോലിക്ക് പുതിയ പരിഷ്കരണങ്ങൾ ഭീഷണിയാകും. മോറിസൺസിൽ രാജ്യത്തൊട്ടാകെ 500 സൂപ്പർമാർക്കറ്റുകളിലും 1600 ഡെയ്ലി ഷോറുകളിലുമായി 95,000 ജീവനക്കാരുണ്ട്.
ലണ്ടൻ, ലീഡ്‌സ്, പോട്സ്മൗത്ത്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ സ്റ്റോറുകളിലെ 52 കഫേകളും 13 ഫ്ലോറിസ്റ്റുകളും 35 വീതം ഫിഷ്-മീറ്റ് കൗണ്ടറുകളും 18 മാർക്കറ്റ് കിച്ചണുകളുമാണ് ഒഴിവാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.