അഞ്ചാം തവണയും ഫിൻലൻഡ് മുനിസിപ്പാലിറ്റിയെ നയിക്കാൻ ‘പോസിറ്റീവ് മാൻ’ മലയാളി

Mail This Article
ഹമീൻലിന∙ അഞ്ചാം തവണയും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് എറണാകുളം മരട് സ്വദേശി രഞ്ജിത് കുമാർ പ്രഭാകരൻ. ഫിൻലൻഡിലെ ഇന്ത്യക്കാരുടെ അഭിമാനമാണ് ഈ എറണാകുളംകാരൻ.
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ഹമീൻലിന മുനിസിപ്പാലിറ്റിയിൽ അഞ്ചാം തവണയും ജനവിധി തേടിയ രഞ്‌ജിത് കുമാർ, മിന്നുന്ന വിജയമാണു ഇത്തവണയും നേടിയത്. 2001ലാണ് ഇദ്ദേഹം ഫിൻലൻഡിലെത്തിയത്. കഴിഞ്ഞ കാലയളവിൽ ഹമീൻലീന നഗരസഭയിലെ കാബിനറ്റ് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു.
മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകനായ രഞ്ജിത് 2008 മുതൽ ഹമീൻലിനയിൽ മുനിസിപ്പൽ കൗൺസിലറാണ്. ഇവിടെ നഴ്സ് ആയി ജോലി ചെയ്യുന്ന രഞ്ജിത്, സാധാരണക്കാരുടെ ഇടയിലാണ് പ്രവർത്തിക്കുന്നത്. മുതിർന്നവർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. രാവിലെ നാലര മണിക്ക് തുടങ്ങുന്ന തന്റെ ദിവസത്തിൽ സ്വന്തമായി കഫെയും നടത്തുന്നുണ്ട്.
ഫിൻലൻഡിലെ ‘പോസിറ്റീവ് മാൻ’ (2009), ‘ഇമിഗ്രന്റ് ഓഫ് ദി ഇയർ’ (2013) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ഫിൻലൻഡുകാരി മിന്ന ഇക്‌ലോഫ്.
ഏപ്രിൽ പതിമൂന്നിനായിരുന്നു ഫിൻലൻഡിൽ മുനിസിപ്പൽ, കൗണ്ടി തിരഞ്ഞെടുകൾ. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ വർഷം കൗണ്ടി തിരഞ്ഞെടുപ്പിൽ 10,097 സ്ഥാനാർത്ഥികളും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 29,950 സ്ഥാനാർത്ഥികളും മത്സരിച്ചിരുന്നു. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഫിൻലൻഡിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും വോട്ടു രേഖപ്പെടുത്തുവാൻ അർഹതയുണ്ട്.