ഷാർജയിലെ കെട്ടിടത്തിലെ തീപിടിത്തം; ദൃക്സാക്ഷിക്ക് ഹൃദയാഘാതം, മരണസംഖ്യ അഞ്ചായി

Mail This Article
ഷാർജ ∙ ഷാർജയിൽ കെട്ടിടത്തിന് തീ പിടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംഭവത്തിന് ദൃക്സാക്ഷിയായ നാൽപത് വയസ്സുള്ള പാക്കിസ്ഥാനിയാണ് മരിച്ച അഞ്ചാമത്തെയാൾ. സംഭവം കണ്ടുനിന്ന ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്. അതേസമയം, മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഷാർജയിലെ അൽ നഹ്ദയിലെ 51 നില കെട്ടിടത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റസിഡൻഷ്യൽ ടവറിന്റെ 44-ാം നിലയിൽ ഉണ്ടായ തീ പിടിത്തത്തിൽ മറ്റ് ആറ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഒരാൾക്ക് പുക ശ്വസിച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റവരുടെ നില തൃപ്തികരമാണ്.
തീ പിടിത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാൽ മരിച്ച പാക്കിസ്ഥാനിക്ക് പൊള്ളലേറ്റിട്ടില്ലെന്നും സംഭവത്തിന്റെ ആഘാതം മൂലം അദ്ദേഹം കുഴഞ്ഞുവീണതാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
ഒന്നിലധികം സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി, താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി.
അധികൃതർ കൂളിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി, കൂടുതൽ അന്വേഷണത്തിനായി സ്ഥലം പൊലീസിന് കൈമാറി. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് നിലകളിലാണ് അഗ്നിബാധയുണ്ടായതന്ന് ദൃക് സാക്ഷികൾ പറയുന്നു. മാറ്റിപ്പാർപ്പിച്ചിരുന്ന താമസക്കാരെ രാത്രിയോടെ അവരുടെ ഫ്ലാറ്റിലേയ്ക്ക് മടങ്ങാൻ അനുവദിച്ചു.
എന്നാൽ 30-ാം നിലയ്ക്ക് മുകളിലുള്ള ഫ്ലാറ്റുകളിൽ താമസക്കാരെ വിലക്കിയിട്ടുണ്ട്. സുരക്ഷ നടപടികൾ പൂർത്തിയായ ശേഷമേ ഇവരെ സ്വന്തം ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളൂ. ഇവർക്ക് അധികൃതർ താത്കാലിക താമസ സ്ഥലം അനുവദിച്ചിട്ടുണ്ട്.