കോവിഡ്: മുഹൈസിനയിൽ 50 കിടക്കകളുള്ള പുതിയ ആസ്റ്റർ ആശുപത്രി
Mail This Article
ദുബായ് ∙ കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ മുഹൈസ്‌നയിൽ 50 കിടക്കകളുളള ആസ്റ്റര്‍ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രി കോവിഡ് 19 കമാന്‍ഡ് ആൻഡ് കണ്‍ട്രോള്‍ സെന്റര്‍ ചെയര്‍മാനും മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആൻഡ് ഹെല്‍ത്ത് സയന്‍സസ് (എംബിആര്‍യു) വൈസ് ചാന്‍സലറുമായ ഡോ. ആമിര്‍ അഹ്മദ് ഷരീഫ്, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ ഡോ. മുനാ തഹ്‌ലക്ക് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡയറക്ടറും റീജന്‍സി ഗ്രൂപ്പ് ചെയര്‍മാനുമായ എ.പി.ഷംസുദ്ദീൻ മുഹ്‌യുദ്ദീൻ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു എന്നിവരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു. യുഎഇയിലെ മറ്റ് ആസ്റ്റര്‍, മെഡ്‌കെയര്‍ ഹോസ്പിറ്റലുകള്‍ക്ക് പുറമേ പുതിയ ഹോസ്പിറ്റലും കോവിഡ് 19 രോഗികള്‍ക്ക് പരിചരണം നല്‍കും. അല്‍ ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍, അല്‍ സഫയിലെ മെഡ്കെയര്‍ മള്‍ട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ചുളള കോവിഡ് 19 ചികിത്സയ്ക്കായി പ്രത്യേകം വിട്ടുനൽകിയിരിക്കുകയാണ്.
പുതിയ ആശുപത്രിയുടെ വരവോടെ 4 ആസ്റ്റര്‍ ആശുപത്രികൾ, 4 മെഡ്കെയര്‍ ആശുപത്രികളുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ദുബായിലെ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പങ്കാളിത്തം കൊണ്ടാണ്, പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ എല്ലാ രോഗികള്‍ക്കും ഏറ്റവും മികച്ച പരിചരണം നല്‍കിക്കൊണ്ട് മുഴുവന്‍ സമയവും മികവോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമി പറഞ്ഞു.
സെക്കൻഡറി, ടേര്‍ഷ്വറി സൗകര്യങ്ങളോട് കൂടിയ മുഹൈസിനയിലെ പുതിയ ആശുപത്രിയിൽ പരിചയസമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ മികച്ച സാന്നിധ്യമാണുളളതെന്ന് സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കോവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്റര്‍ അടക്കമുളള തീവ്ര പരിചരണ സംവിധാനങ്ങളും ലഭ്യമാക്കാന്‍ പ്രാധാന്യം നല്‍കിയായിരിക്കും ഈ ആശുപത്രി പ്രവര്‍ത്തിക്കുക. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി മുഹൈസിന നിവാസികള്‍ക്ക് കോവിഡ് സ്‌ക്രീനിങ്ങും ടെസ്റ്റിങ്ങും അടക്കമുളള പരിശോധനകള്‍ നടത്താനും സൗകര്യമൊരുക്കും. ഇതോടെ യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ഇപ്പോള്‍ നാല് സ്ഥലങ്ങളിലായി 310 കിടക്കകളുടെ പരിചരണ ശേഷി വാഗ്ദാനം ചെയ്യുന്നു.