മലയാളി വ്ളോഗർ റിഫയുടെ മരണം ; വിശ്വസിക്കാനാകാതെ യുഎഇയിലെ കൂട്ടുകാരും ബന്ധുക്കളും
Mail This Article
ദുബായ്∙ മലയാളി വ്ളോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിന്റെ മരണം വിശ്വസിക്കാനാകാതെ യുഎഇയിലെ കൂട്ടുകാരും ബന്ധുക്കളും. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫയെ ഇന്നു പുലർച്ചെയാണു ദുബായ് കരാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്കു കൊണ്ടുപോകാനാണു തീരുമാനം.
ഒന്നര മാസം മുൻപാണ് റിഫ, വ്ളോഗറും ആൽബം താരവുമായ ഭർത്താവ് കാസർകോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു(25)വിനോടൊപ്പം യുഎഇയിലെത്തിയത്. രണ്ട് മാസം മുൻപ് ഭർത്താവിനോടും ഏകമകൻ അസാനോടുമൊപ്പം സന്ദർശക വീസയിലെത്തിയ ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയുമായിരുന്നു.മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെ നിർത്തി 20 ദിവസം മുൻപ് റിഫയും തിരികെയെത്തി. അതിനു ശേഷം ഇരുവരും ചേർന്ന് വീഡിയോ, സംഗീത ആൽബം നിർമാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. 2 ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതു തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നാണ് മെഹ്നുവിന്റെ സുഹൃത്തും ഫൊട്ടോഗ്രഫറുമായ കോഴിക്കോട് സ്വദേശി ജംഷീദ് മനോരമ ഒാൺലൈനിനോട് പറഞ്ഞത്.
വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ടത്...
ഇന്നലെ രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നു പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
രണ്ടു പേരും പരസ്പരം പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യു ട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററൻ്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോ ചെയ്തിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബം നിർമാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.
ഭാര്യ മരിച്ച വിവരം മെഹ്നു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഇൗ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. റിഫയുടെ മരണത്തിൽ ദുബായ് പൊലീസ് അന്വേഷണം നടത്തുന്നു.