ADVERTISEMENT

അബുദാബി ∙ കാലവർഷ പ്രതീതിയുണർത്തി യുഎഇയിൽ പെയ്ത മഴ രാജ്യത്തെയും ജനങ്ങളെയും കുളിരണിയിച്ചു. ശക്തമായ കാറ്റും മഴയും ആലിപ്പഴ വർഷവുമെല്ലാം രാത്രിയിലായിരുന്നു. രാവിലെയാണ് പലരും മഴ പെയ്തത് അറിയുന്നത്. ജോലിക്കായി തിടുക്കപ്പെട്ട് പുറത്തിറങ്ങിയപ്പോൾ ചുറ്റും വെള്ളക്കെട്ട്. വാഹനങ്ങളുടെ നീണ്ട നിര. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലായിരുന്നു വെള്ളക്കെട്ട് രൂക്ഷമായത്. ഫെബ്രുവരിയിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിയുന്നതിന് മുൻപ് എത്തിയ മഴ ചില റോഡുകളിലെ വെള്ളക്കെട്ട് രൂക്ഷമാക്കി. 

രാവിലെ സ്കൂളിലേക്കും ഓഫിസിലേക്കും പോകുന്നവരുടെ ഷൂവും വസ്ത്രവുമെല്ലാം വെള്ളക്കെട്ടിൽ നനഞ്ഞു. ഗതാഗതക്കുരുക്കിൽപെട്ട് പലരും വൈകിയാണ് ഓഫിസിലെത്തിയത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും മഴ പെയ്തു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ രാത്രി മുഴുവൻ മഴ പെയ്തു. 

വെള്ളം കെട്ടിനിൽക്കുന്ന മുസഫ ഷാബിയ–12ലെ സിഗ്നലിൽ സീബ്രാ ക്രോസിലൂടെ റോഡ് കുറുകെ കടക്കുന്നവർ. ചിത്രം: എൻ.എം.അബൂബക്കർ
വെള്ളം കെട്ടിനിൽക്കുന്ന മുസഫ ഷാബിയ–12ലെ സിഗ്നലിൽ സീബ്രാ ക്രോസിലൂടെ റോഡ് കുറുകെ കടക്കുന്നവർ. ചിത്രം: എൻ.എം.അബൂബക്കർ

രാജ്യത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ശക്തമായ മഴ താപനില കുറച്ചു. ദുബായിൽ രാത്രി മഴ പെയ്തെങ്കിലും പകൽ കാര്യമായി മഴ ലഭിച്ചില്ല. എന്നാൽ എമിറേറ്റിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. റോഡിലെ വെള്ളം പമ്പ് ചെയ്ത് നീക്കുന്ന തിരക്കിലായിരുന്നു നഗരസഭാ ജീവനക്കാർ. അൽഐനിലും കൽബയിലും ഫുജൈറയിലും വൈകിട്ടും മഴ തുടർന്നത് വെള്ളക്കെട്ട് രൂക്ഷമാക്കി. വാദികൾ നിറഞ്ഞു. ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞും അനുഭവപ്പെട്ടു.

ഷാർജയുടെ ഭാഗമായ കൽബയിൽ 25 ദിവസം മുൻപ് പെയ്ത മഴയിലെ വെള്ളക്കെട്ട് ഇന്നലത്തെ മഴയിൽ രൂക്ഷമാക്കി. മഴ പുലർച്ചെ വരെ തുടരുമെന്നതിനാൽ യെലൊ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴയുള്ളപ്പോൾ അബുദാബി റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു.

മലനിരകളുള്ള പ്രദേശങ്ങളായ ഫുജൈറ, ഹത്ത, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴ മൂലം വാദികൾ (തടാകം) നിറഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശിച്ചു.

English Summary:

Rain in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com