ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി പ്രാബല്യത്തിൽ; പരിരക്ഷയായി മുഴുവൻ ശമ്പളവും, നിരവധി ആനുകൂല്യങ്ങള്‍
Mail This Article
മസ്കത്ത് ∙ ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000 വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹാരിസി പറഞ്ഞു.
കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മമാര്‍ക്കും സാമൂഹിക സംരക്ഷണം നല്‍കുക, അപകട സാധ്യതകള്‍ക്കെതിരെ സാമൂഹിക ഇന്‍ഷുറന്‍സ് പരിരക്ഷിക്കുക, സാമൂഹികമായും സാമ്പത്തികമായും ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്ക് ശാക്തീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രസവാവധി ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിന്റെ ലക്ഷ്യമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് അറിയിച്ചു.
താത്കാലിക കരാറുകള്‍, പരിശീലന കരാറുകള്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള കരാറുകളും പ്രസവാവധി ഇന്‍ഷുറന്‍സ് ഉള്‍പ്പെടും. പ്രവാസി തൊഴിലാളികള്‍ക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്. തൊഴിലാളികളുടെ ഒരു മാസത്ത പ്രസവാവധി ഇന്‍ഷുറൻസിന്റെ ഒരു ശതമാനം വിഹിതം നല്കാന് ഉടമസ്ഥന് ബാധ്യസ്ഥനാണ്. പ്രസവത്തിന് മുമ്പുള്ള 14 ദിവത്തെയും പ്രസവനാന്തരമുള്ള 98 ദിവസത്തെയും മുഴുവന്‍ ശമ്പളമാണ് പരിരക്ഷയായി നല്‍കുക. പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കില്‍ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ആനുകൂല്യം ഭര്‍ത്താവിന് ലഭിക്കും.
∙ 98 ദിവസത്തെ പ്രസവാവധി
കുഞ്ഞുപിറന്നാല് 98 ദിവസത്തെ പ്രസവാവധി ലഭിക്കും. മാത്രമല്ല, കുഞ്ഞിനെ പരിചരിക്കാന്‍ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം ഇടവേളയും ലഭിക്കും. ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിയും ലഭിക്കും. 25ലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രത്യേകം വിശ്രമ സ്ഥലം ഒരുക്കണമെന്നും ഉത്തരവിലുണ്ട്.
∙ പുരുഷന്മാര്ക്ക് ഏഴ് ദിവസത്തെ പാറ്റേണിറ്റി ലീവ്
പുതിയ നിയമം അനുസരിച്ച് സിക്ക് ലീവ് വര്‍ധിപ്പിച്ചിട്ടുണ്ട്. നവജാത ശിശു ജനിച്ചാല്‍ പുരുഷന്മാര്ക്ക് ഏഴ് ദിവസത്തെ പാറ്റേണിറ്റി ലീവ് ലഭിക്കും. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും. അപേക്ഷിച്ചാല്‍ വേതനമില്ലാത്ത പ്രത്യേക അവധിയും മാതാവിന് ലഭിക്കും. രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാന്‍ സാധിക്കും. രാത്രിയില്‍ ജോലി ചെയ്യാനാകില്ലെന്ന് തെളിഞ്ഞാലാണ് ഇത് സാധിക്കുക.