അൽഖോർ പാർക്കിലെ മൃഗശാലയിൽ ഇനി അമേരിക്കൻ കടുവകളെ കാണാം
Mail This Article
ദോഹ ∙ ഖത്തറിലെ അൽഖോർ ഫാമിലി പാർക്കിലെ മൃഗശാലയിലേക്ക് എത്തിയ പുതിയ അതിഥികളെ സ്വാഗതം ചെയ്ത് അധികൃതർ. ഗയാനയിൽ നിന്നുള്ള 2 അമേരിക്കൻ കടുവകൾ ആണ് മൃഗശാലയിലേക്ക് എത്തിയ പുതിയ അതിഥികൾ. ഖത്തറിന് ഗയാന അധികൃതർ സമ്മാനമായി നൽകിയതാണിവയെ. നഗരസഭ മന്ത്രാലയമാണ് പുതിയ അതിഥികൾ എത്തിയ വിവരം അറിയിച്ചത്. ഒരാണും ഒരു പെണ്ണുമാണ് അതിഥികളായെത്തിയത്. മന്ത്രാലയത്തിന്റെ ഒഉൻ (Oun) ആപ്ലിക്കേഷനിലൂടെ മൃഗശാല സന്ദർശനത്തിനുള്ള ടിക്കറ്റുകൾ വാങ്ങാം.
പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തറിലേയ്ക്ക് അമേരിക്കൻ കടുവകൾ എത്തിയത്. അപൂർവ ഇനം ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയുടെയും ആമസോൺ നദീതടത്തിന്റെ ഭാഗമായ മഴക്കാടുകളുടെയും കാര്യത്തിൽ പ്രശസ്തമാണ് ഗയാന രാജ്യം. അമേരിക്കൻ കടുവകൾ ഉൾപ്പെടെ വൈവിധ്യമായ വന്യജീവികളുടെ കേന്ദ്രം കൂടിയാണ് ഗയാന.