കടന്നു പോയത് 49.1 ദശലക്ഷം യാത്രക്കാർ, വിമാനങ്ങൾ 2,78,000; റെക്കോർഡിട്ട് ജിദ്ദ വിമാനത്താവളം

Mail This Article
ജിദ്ദ ∙ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ജിദ്ദയിലെ കിങ് അബ്ദുല്ലസീസ് രാജ്യാന്തര വിമാനത്താവളം. 2024 ൽ കടന്നുപോയത് 49.1 ദശലക്ഷം യാത്രക്കാർ. 2023 നെ അപേക്ഷിച്ച് വർധന 14 ശതമാനം. സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിൽ വെച്ചേറ്റവും ഉയർന്ന നിരക്കാണിത്. സൗദിയിലേക്ക് വന്നവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയുള്ള കണക്കാണിത്.
2024 ഡിസംബർ 31 ആണ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം–1,74,600 യാത്രക്കാരാണ് ഒറ്റ ദിനത്തിൽ കടന്നുപോയത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസവും ഡിസംബർ തന്നെയാണ്. മൊത്തം യാത്രക്കാരുടെ എണ്ണം 47 ലക്ഷം കടന്നു യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല വിമാനത്താവളത്തിലേക്ക് വന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്–2,78,000 വിമാനങ്ങളാണ് വന്നുപോയത്. വർഷാടിസ്ഥാനത്തിൽ 11 ശതമാനമാണ് വർധന.

യാത്രക്കാരുടെ 47.1 ദശലക്ഷം ബാഗുകളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. ഇക്കാര്യത്തിൽ 21 ശതമാനമാണ് പ്രവർത്തന വളർച്ച. യാത്രക്കാരുടെ എണ്ണത്തിലെ റെക്കോർഡ് വർധന വിമാനത്താവളത്തിന്റെ പ്രവർത്തന വളർച്ചയ്ക്ക് കരുത്തേകും.