സൗദിയിൽ കനത്ത മഴ, റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ നിർദേശം
Mail This Article
റിയാദ് ∙കനത്ത മഴയെ തുടർന്ന് മക്ക, റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. റോഡുകളും നിരത്തുകളും വെള്ളത്തിൽ മുങ്ങി. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദേശം തുടരുന്നു.
കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതർ നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും ജനജീവിതം ബുദ്ധിമുട്ടിലാക്കിയിരുന്നു.
വാഹനങ്ങൾ റോഡുകളിലൂടെ ഒഴുകി നടക്കുന്ന വിഡിയോകൾ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു. കിഴക്കൻ നഗരങ്ങളായ അൽ അഹ്സ, ജുബെയ്ൽ, അൽഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുകയാണ്. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില ഗണ്യമായി കുറയും.
തലസ്ഥാന നഗരമായ റിയാദ്, സെൻട്രൽ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറൻ പ്രവിശ്യകൾ എന്നിവിടങ്ങളിലെല്ലാം ഇന്നലെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സർക്കാരും റെഡ് ക്രസന്റ് അതോറിറ്റി ഉൾപ്പെടെയുള്ള സംഘടനകളും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി കഴിഞ്ഞു. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചിട്ടുണ്ട്.