മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

Mail This Article
റിയാദ് ∙ സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.
യുഎഇ ഭരണാധികാരികൾ മരണത്തിൽ അനുശോചനം അറിയിച്ചു.
1950 ജനനം. സാന്റ ബാർബറയിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം. പഠനം പൂർത്തിയാക്കി കുറച്ചുനാൾ സ്വകാര്യ മേഖലയിലായിരുന്നു ജോലി. പിന്നീട് ആഭ്യന്തര മന്ത്രിയുടെ അസിസ്റ്റൻറ് ഡപ്യൂട്ടി മന്ത്രിയായി പബ്ലിക് സർവീസിലേക്ക് പ്രവേശിച്ചു.
1985 ലാണ് കിഴക്കൻ പ്രവിശ്യയുടെ ഗവർണർ ആയി മുഹമ്മദ് രാജകുമാരൻ നിയമിതനായത്. പ്രവിശ്യയുടെ വളർച്ചയിലും വികസനത്തിലും വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു. പതിറ്റാണ്ടുകളോളം ഗവർണർ സ്ഥാനത്ത് തുടർന്ന അദ്ദേഹത്തിന്റെ നയങ്ങൾ മേഖലയുടെ വ്യാവസായിക വളർച്ചയിലും അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അത്യാധുനിക ആരോഗ്യ പരിചരണ സേവനങ്ങളുടെയും കാര്യത്തിലും വലിയ വിജയം കണ്ടു. സൗദിയുടെ സാമ്പത്തിക മുന്നേറ്റകാലം കൂടിയായിരുന്നു അത്. യുവജന, വനിതാ ശാക്തീകരണം ഉൾപ്പെടെ അദ്ദേഹത്തിന്റെ സാമൂഹിക സംരംഭങ്ങൾ ജനകീയമായിരുന്നു. കമ്യൂണിറ്റി വികസന പദ്ധതികളും ശ്രദ്ധ ചെലുത്തി.
കമ്യൂണിറ്റി വികസന പദ്ധതികൾ കേന്ദ്രീകരിച്ചുള്ള മുഹമ്മദ് ബിൻ ഫഹദ് ഫൗണ്ടേഷൻ സ്ഥാപിച്ചതും അദ്ദേഹമാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് 2002ൽ ദുബായ്–യുഎൻ ഇന്റർനാഷനൽ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.