നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 5 മണിക്കൂറിനുള്ളിൽ; മലപ്പുറം സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ കൈക്കോർത്ത് അൽ ഖർജ് ലേബർ കോർട്ട്

Mail This Article
റിയാദ് ∙ സർക്കാർ ഉദ്യോഗസ്ഥർ ജന സേവകരാണെന്നുള്ളത് തെളിയിക്കുന്നതാണ് അൽ ഖർജ് ലേബർ കോർട്ടിലെ പ്രവർത്തനങ്ങൾ. സർക്കാർ സ്ഥാപനത്തെ ജനങ്ങൾ സമീപിക്കുന്നത് നിയമപരമായ സഹായത്തിനു വേണ്ടിയാണ്. ആധുനിക യുഗത്തിൽ എല്ലാം വിരൽ തുമ്പിൽ കിട്ടുമ്പോൾ അനാവശ്യ കാരണങ്ങൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, സംവിധാനങ്ങളുടെ സാധ്യതകൾ എങ്ങനെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനാകുമെന്നാണ് ഒരു കൂട്ടം സർക്കാർ ജീവനക്കാർ ചിന്തിക്കുന്നത്.
സ്വദേശികളുടെയും വിദേശികളുടെയും ന്യായമായ ഏതൊരു ആവശ്യവും അനുഭാവ പൂർവ്വം പരിഗണിക്കുകയും, വേഗത്തിൽ തീർപ്പാക്കുകയും ചെയ്യുന്നതിന് പേരുകേട്ട സ്ഥാപനമാണ് അൽഖർജ് ലേബർ കോർട്ട് (മക്തബുൽ അമൽ). മേഖലയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് എന്നും ഇന്ത്യൻ എംബസിക്ക് താങ്ങായി ലേബർ കോർട്ട് നിലകൊണ്ടിട്ടുണ്ടെന്ന് എംബസി ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ദിവസം അസുഖ ബാധിതനായ മലപ്പുറം സ്വദേശി മുഹമ്മദിനെ അഞ്ച് മണിക്കൂറിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ സഹായിച്ചത് ഇതിന് ഉദാഹരണമാണ്. ഗുരുതരമായ അസുഖം ബാധിച്ച മുഹമ്മദിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന്, നാട്ടിലയക്കാനുള്ള നടപടിയിലേക്ക് കടക്കുമ്പോഴാണ് വീസ കാലാവധി അവസാനിച്ചതായി അറിയുന്നത്. സാധാരണ ഇത്തരം കേസുകൾക്ക് ചുരുങ്ങിയത് ഒരാഴ്ച സമയമെടുക്കും. അടിയന്തിര ഇടപെടൽ ആവശ്യമായ മുഹമ്മദിന്റെ കേസിൽ ഇടപെടുന്നതിനായി, ഇന്ത്യൻ എംബസി കേളി അൽഖർജ് ഏരിയ ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനിയെ ചുമതലപെടുത്തി.
നിലവിൽ വീസ കാലാവധി അവസാനിച്ചവർക്ക് എക്സിറ്റ് നൽകുന്നത് നിർത്തിവച്ചിരിക്കുന്ന സാഹചര്യം കൂടിയാണ്. സൗദിയുടെ പുതിയ നിയമനുസരിച്ച് 30 ദിവസത്തെ വീസ കാലാവധി ഉള്ളവർക്കാണ് എക്സിറ്റ് നൽകുകയുള്ളൂ, മാത്രമല്ല ഇഖാമ കാലയളവിനുള്ളിൽ രാജ്യം വിടുകയും വേണം.
മുഹമ്മദിന്റെ അവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ അധികാരികളിൽ നിന്നും പ്രത്യേകം അനുമതി വാങ്ങിയാണ് കാര്യങ്ങൾ നീക്കിയത്. ആവശ്യമായ രേഖകൾ ശരിയാക്കാനുള്ള സമയം എടുത്തുകൊണ്ട് അതിവേഗം കാര്യങ്ങൾക്ക് തീർപ്പുണ്ടാക്കുകയും ഇന്ത്യൻ എംബസിയുടെ സഹായത്താൽ അന്ന് രാത്രി തന്നെ അദ്ദേഹത്തെ നാട്ടിലെത്തിക്കുവാനും സാധിച്ചു. ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ ഒരു മനുഷ്യന്റെ ജീവനാണ് തിരിച്ചു നൽകിയത്.
ഈ പ്രവർത്തനത്തെ ഇന്ത്യൻ എംബസി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ മൊയിൻ അക്തർ, മുഹമ്മദ് നസീമുദ്ധീൻ, ഫുർഹാൻ എന്നിവർ നാസർ പൊന്നാനി മുഖേന അനുമോദനം അറിയിച്ചു.
ലേബർ കോർട്ട് ഓഫിസർമാരായ ഹസൻ മുഹമ്മദ് ഹസീരി, കലിമുദ്ധീൻ ജുവൈസിർ, മിഷാൽ ഫഹദ് അൽമോതിവി എന്നിവർ നേതൃത്വം നൽകുന്ന മറ്റ് ഓഫീസർമാരുടെയും കൂട്ടായ പ്രവർത്തനമാണ് കാര്യങ്ങൾ സുഗമമാക്കുന്നത്.