വനിതാ ജയിലിലെ സന്ദർശക, കായിക ടൂർണമെന്റുകളിലെ വൊളന്റിയർ, 5 ഭാഷകളിൽ പ്രാവീണ്യം; ദോഹയിൽ താരമായ പ്രവാസി വനിത

Mail This Article
ദോഹ. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാംസ്‌കാരിക, സാമൂഹിക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ വനിതയാണ് മാഹിക്കാരി–സറീന അഹദ്. ഏതു കാര്യത്തിനും മുന്നിട്ടിറങ്ങാന്‍ മടിയില്ലാത്ത വനിത. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല നേതൃപാടവത്തിലും ആശയവിനിമയത്തിലും മികവു തെളിയിച്ച വ്യക്തിത്വം.
ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) മാനേജിങ് കമ്മിറ്റി അംഗമെന്ന സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് കഴിഞ്ഞ 2 വര്‍ഷക്കാലം പ്രവാസി സമൂഹത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയെന്ന സംതൃപ്തിയോടെയാണ്.കഴിഞ്ഞ മാസം പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കമ്മിറ്റി ചുമതലയേല്‍ക്കുന്നതു വരെ കര്‍മനിരതയാണ് സറീന.
∙പൊതു രംഗത്തേക്ക്
കഴിഞ്ഞ 25 വര്‍ഷമായി ഖത്തര്‍ പ്രവാസിയായ സറീന ബിസിനസുകാരനും കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് ഖത്തറിന്റെ ഭാരവാഹിയുമായ അഹദ് മുബാറക്കിനൊപ്പം സംഘടനയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് 2017 ല്‍ ദോഹയിലെ മലയാളി വനിതകള്‍ക്കായി രൂപീകരിച്ച കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തര്‍ (ക്വിഖ്) എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആയാണ് പൊതു രംഗത്ത് കൂടുതൽ സജീവമായത്. ജീവകാരുണ്യ, കലാ, സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ക്വിഖിന്റെ പ്രസിഡന്റായി തുടർച്ചയായ 4 വർഷം സറീന പ്രവർത്തിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സ്കൂൾ കുട്ടികൾക്കായി സൗജന്യ പുസ്തകമേള, വേനൽക്കാലത്ത് പുറം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണകിറ്റ് ഉൾപ്പെടെ അനവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ക്വിഖിലൂടെ നടപ്പാക്കിയത്.

ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ക്വിഖ് പ്രസിഡന്റ് പദവി ഒഴിഞ്ഞത്. പൊതുപ്രവർത്തനങ്ങൾക്ക് പുറമെ മികച്ച വൊളന്റിയർ കൂടിയാണ് സറീന. 2006 ൽ ഖത്തറിൽ നടന്ന ഏഷ്യൻ ഗെയിംസ് മുതൽ 2022 ഫിഫ ലോകകപ്പ് വരെ ഖത്തറിന്റെ സുപ്രധാന കായിക ടൂർണമെന്റുകളിൽ വൊളന്റിയറായും സറീന പ്രവർത്തിച്ചിട്ടുണ്ട്. കായിക വേദികളിലെ തിരക്കേറിയ വൊളന്റിയർമാരിൽ ഒരാളായി സറീന മാറിയത് ഫിഫ ലോകകപ്പ് സമയത്താണ്.
∙ഐസിബിഎഫിനൊപ്പം
2023 ല്‍ എംബസി നോമിനേഷനിലൂടെയാണ് ഐസിബിഎഫിന്റെ മാനേജിങ് കമ്മിറ്റി അംഗമായത്. അന്നുമുതൽ ഐസിബിഎഫിനൊപ്പം പൊതുരംഗത്ത് കൂടുതൽ സാന്നിധ്യമറിയിക്കാൻ സറീനയ്ക്ക് കഴിഞ്ഞു. ഐസിബിഎഫിന്റെ ജയില്‍ സന്ദര്‍ശനത്തിന്റെ ചുമതല വഹിക്കുന്നതിന് പുറമെ ലീഗല്‍ സെല്ലിന്റെയും മീഡിയയുടെയും ഉത്തരവാദിത്വവും സറീനയ്ക്ക് ആയിരുന്നു. കോൺസുലർ ക്യാംപുകൾ, സൗജന്യ മെഡിക്കൽ ക്യാംപുകൾ, ബോധവൽക്കരണ സെമിനാറുകൾ, നിയമ സഹായങ്ങൾ, 40–ാം വാർഷികാഘോഷം തുടങ്ങി കഴിഞ്ഞ 2 വർഷക്കാലം ഐസിബിഎഫിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവമായി നിൽക്കാൻ കഴിഞ്ഞത് പ്രസിഡന്റ് ഷാനവാസിന്റെയും മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും കൂട്ടായ്മയും പിന്തുണയും കൊണ്ടു മാത്രമാണെന്നും സറീന പറഞ്ഞു. നിയമം അറിയാതെ നാട്ടില്‍ നിന്ന് ലഹരിമരുന്ന് ഉള്‍പ്പെടെ കൊണ്ടു വന്ന് പെട്ടുപോകുന്നവരുടെ എണ്ണം ഇനിയും കൂടാതിരിക്കാൻ ജയിലിൽ കിടക്കുന്നവരുടെ കുടുംബങ്ങളെ ഉൾപ്പെടുത്തി വെബിനാറുകളും സംഘടിപ്പിച്ചിരുന്നു.

∙ആഴ്ചയിലൊരിക്കൽ ജയിൽ സന്ദർശനം
എല്ലാ തിങ്കളാഴ്ചയും എംബസിക്കൊപ്പം ഖത്തറിലെ ജയിലുകൾ സന്ദര്‍ശിക്കുന്നതിലൂടെ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചും വനിതാ ജയിലിലെ തടവുകാരികള്‍ക്ക് ആശ്വാസമാകാൻ കഴിഞ്ഞുവെന്നതാണ് സറീനയുടെ സന്തോഷം. തടവുകാരുടെ പ്രയാസങ്ങൾ മനസ്സി ലാക്കി ആശ്വസിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ എംബസി മുഖേന ചെയ്യാനും കഴിഞ്ഞുവെന്നതാണ് 2 വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങളിലെ വലിയ സംതൃപ്തിയെന്ന് സറീന പറയുന്നു. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ, ആവശ്യമായ വസ്ത്രങ്ങള്‍, വായിക്കാനുള്ള പത്രങ്ങള്‍, പുസ്തകങ്ങള്‍, ഫോൺ കാർഡ്, പാചകത്തിനുള്ള സാധന സാമഗ്രികൾ തുടങ്ങി ദൈനംദിനാവശ്യത്തിനുള്ള സാധനങ്ങളെല്ലാം എന്നിവയെല്ലാം നല്‍കുന്നത് എംബസിയുടെ നേതൃത്വത്തില്‍ ഐസിബിഎഫ് ആണ്.
തമിഴ്, കന്നട, ഹിന്ദി, മലയാളം, ഇംഗ്ലിഷ് എന്നീ 5 ഭാഷകള്‍ അറിയാമെന്നതു കൊണ്ട് ജയിൽ തടവുകാരുമായുള്ള ആശയവിനിമയം വളരെ എളുപ്പമായിരുന്നുവെന്ന് സറീന. ഖത്തറിന്റെ നിയമം അറിയാതെ പല കേസുകളില്‍പ്പെട്ടു പോകുന്നവരാണ് കൂടുതല്‍ പേരും. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കുറ്റത്തിന്റെ പേരില്‍ ദുരിതമനുഭവിക്കണ്ടി വരുന്ന നാട്ടിലെ കുടുംബത്തെ ഓര്‍ത്തും അവരെ വിട്ടുനിൽക്കേണ്ടി വന്നതിലുമാണ് തടവുകാർ ഏറ്റവുമധികം വിഷമിക്കുന്നതെന്നും സറീന പറയുന്നു. പ്രയാസങ്ങള്‍ പങ്കുവെയ്ക്കാനും ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ അല്ലെങ്കില്‍ മകന്റെ അല്ലെങ്കില്‍ മകളുടെ, സഹോദരന്റെ ഒക്കെ വിവരങ്ങള്‍ അന്വേഷിക്കാന്‍ തടവുകാരുടെ കുടുംബങ്ങളിൽ ഭൂരിഭാഗം പേരും വിളിക്കുന്നതും സറീനയെ തന്നെയാണ്.

∙വനിതകൾക്ക് ആശ്വാസം
വനിതാ ജയിലിൽ കഴിയുന്ന പതിനഞ്ചോളം വരുന്ന തടവുകാരികൾക്ക് ആഴ്ചയിലൊരിക്കൽ എംബസിക്കൊപ്പം സറീന എത്തുന്നത് വലിയ ആശ്വാസമായിരുന്നു. വിവിധ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യുന്ന വനിതയെന്ന നിലയിൽ സ്ത്രീ സംബന്ധമായ വിഷമങ്ങൾ പങ്കുവെയ്ക്കാനും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി അതിനു പരിഹാരം കാണാനും സറീനയ്ക്ക് കഴിയുമെന്നതായിരുന്നു അവരുടെ ആശ്വാസം. വസ്ത്രങ്ങൾ, പാഡുകൾ എന്നിവ ഉൾപ്പെടെ ദൈനംദിന ജീവിതത്തിൽ ഒരു സ്ത്രീക്ക് ആവശ്യമായി വരുന്നതെല്ലാമായാണ് സറീന ഓരോ തവണയും അവരുടെ അടുത്തെത്തുന്നത്. ഓരോ തവണ എത്തുമ്പോഴും ആവശ്യങ്ങളേക്കാൾ കുടുംബത്തെ വിട്ടു നിൽക്കുന്നതിലുള്ള അവരുടെ പ്രയാസങ്ങളാണ് പങ്കുവെയ്ക്കുന്നതെന്ന് സറീന പറഞ്ഞു.
∙കുടുംബ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല
വിശ്രമമില്ലാത്ത സേവനത്തിരക്കിലും കുടുംബ കാര്യങ്ങളിൽ സറീനയ്ക്ക് വിട്ടുവീഴ്ചയില്ല. ഭർത്താവ് അഹദും മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാമായി ഹിലാലിലെ വില്ലയിലാണ് സറീന താമസിക്കുന്നത്. വീട്ടിലെ തിരക്കിനിടയിലും പൊതു രംഗത്ത് സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞത് കുടുംബം നൽകുന്ന പിന്തുണ അത്ര ശക്തമായതുകൊണ്ടു തന്നെയാണ്. ഭർത്താവ് അഹദും സാമൂഹ്യ പ്രവർത്തനങ്ങളിലാണ് കൂടുതൽ സമയവും. ദോഹയിലെ ഒട്ടുമിക്ക കലാ,സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക വേദികളിൽ ഇരുവരും സജീവമാണ്. കമ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ ബിസിനസ് കാര്യങ്ങളിൽ ഭർത്താവിനെ സഹായിക്കുന്നതിനും സറീന സമയം കണ്ടെത്തുന്നുണ്ട്. ഐസിബിഎഫ് മാനേജിങ് കമ്മിറ്റി സ്ഥാനത്ത് നിന്ന് ഇറങ്ങിയാലും കമ്യൂണിറ്റിക്കായി പൊതു രംഗത്ത് കൂടുതൽ സജീവമാകണമെന്ന് തന്നെയാണ് സറീനയുടെ ആഗ്രഹം.