ഗൾഫിൽ പ്രവാസികൾക്ക് നീണ്ട വാരാന്ത്യം, ഇങ്ങനെ പ്ലാൻ ചെയ്താൽ 11 ദിവസം വരെ അവധി?; പെരുന്നാൾ കളറാകും

Mail This Article
അബുദാബി ∙ യുഎഇയിൽ പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കും. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും. മാർച്ച് 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം പെരുന്നാൾ 30 നായിരിക്കും. അതുവഴി മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസത്തെ അവധി ലഭിക്കും.കാരണം ശനിയാഴ്ച രാജ്യത്തെ മിക്ക ജീവനക്കാർക്കും വാരാന്ത്യമാണ്. അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമസാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. ഈ സാഹചര്യത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.
അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28 മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 31 നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ 28 മുതൽ ഏപ്രിൽ 2 വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം പെരുന്നാൾ അവധിയായി ലഭിക്കും.
∙ സൗദിയിൽ 8 ദിവസം വരെ അവധി?
സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 29 മുതൽ ഏപ്രിൽ 2 വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം മുതൽ വാരാന്ത്യ അവധി തുടങ്ങുന്നതിനാൽ ഏപ്രിൽ 3 ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ് സാധ്യത. സൗദി എക്സ്ചേഞ്ചിന്റെ (തദാവുൽ) അവധി മാർച്ച് 28 മുതലാണ്. ഏപ്രിൽ 3 മുതൽ ട്രേഡിങ് പുനാരംഭിക്കും.

∙ ഖത്തറിൽ 11 ദിവസം വരെ അവധി?
ഖത്തറിൽ മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഈദുൽ ഫിത്തർ അവധി കഴിഞ്ഞ് ഏപ്രിൽ 8 പ്രവർത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ അവധി ഉൾപ്പെടെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവർത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ ഏപ്രിൽ 8 ന് മാത്രമേ ജോലിയിൽ പ്രവേശിക്കേണ്ടതുള്ളൂ.
ഖത്തർ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ക്യുസിബി ഗവർണർ കൈക്കൊള്ളണമെന്നും അമീരി ദിവാനി അറിയിച്ചു. ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറിൽ ഈദുൽ ഫിത്തർ എന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധാരണഗതിയിൽ മൂന്ന് ദിവസമാണ് ഈദ് അവധി അനുവദിക്കാറുള്ളത്. എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങൾ നാലും അഞ്ചും ദിവസം അവധി അനുവദിക്കാറുണ്ട്. രാജ്യത്തെ പൊതു അവധി ദിവസങ്ങളിലും അനിവാര്യമായി പ്രവർത്തിക്കേണ്ട മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ചില ക്രമീകരണങ്ങളുടെ പ്രവർത്തിക്കും. ഇത് സംബന്ധമായ അറിയിപ്പ് അടുത്ത ദിവസങ്ങളിൽ മന്ത്രാലയങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

∙ ഒമാനിൽ അവധി ഇങ്ങനെ
ഒമാനിൽ സർക്കാർ, സ്വാകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 ശനിയാഴ്ച്ച മുതൽ അവധി ആരംഭിക്കും. പെരുന്നാൾ മാർച്ച് 30 ഞായറാഴ്ച ആയാൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ ആയിരിക്കും പൊതു അവധി. പെരുന്നാൾ മാർച്ച് 31 തിങ്കളാഴ്ച ആയാൽ ഏപ്രിൽ 3 വ്യാഴം വരെ അവധി ആയിരിക്കും. വാരാന്ത്യം ഉൾപ്പെടെ തുടർച്ചയായ ഒഴിവ് ലഭിക്കും.
∙ ബഹ്റൈനിൽ അഞ്ച് ദിവസം വരെ അവധി?
ബഹ്റൈനിൽ ഈദിന്റെ ആദ്യ ദിവസം മുതൽ 3 ദിവസമാണ് പൊതു അവധി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള 2 ദിവസവുമാണ് അവധി. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് പെരുന്നാൾ പ്രഖ്യാപിക്കും. 30നാണ് പെരുന്നാൾ എങ്കിൽ 30, ഏപ്രിൽ 1, 2 തീയതികളിലായിരിക്കും അവധി. 28, 29 തീയതികളിലെ വാരാന്ത്യ അവധി കൂടി ചേർത്ത് 5 ദിവസം അവധി ആഘോഷിക്കാം.

∙ കുവൈത്തിൽ മൂന്ന് ദിവസമോ അതോ അഞ്ചോ?
മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30 നാണ് ഈദുല്‍ ഫിത്തര്‍ വരുന്നതെങ്കില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 30, 31, 1 തീയതികളാവും ഇത്. രണ്ടാം തീയതി മുതല്‍ പ്രവൃത്തി ദിനമായിരിക്കും. അതേസമയം മാര്‍ച്ച് 31-നാണ് മാസപിറവി കാണുന്നതെങ്കില്‍ അഞ്ചുദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതലാവും അവധി തുടങ്ങുക. 30, 31, ഏപ്രില്‍ 1,2,3 കൂടാതെ, വാരാന്ത്യ അവധി കൂട്ടി ഏപ്രില്‍ ആറാം തീയതിയാവും പ്രവൃത്തി ദിനം ആരംഭിക്കുക. ആവശ്യ സേവനങ്ങളും പൊതു താല്‍പര്യങ്ങള്‍ ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
