ഹറം പള്ളി ഭക്തിസാന്ദ്രം; ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി 34 ലക്ഷം വിശ്വാസികൾ

Mail This Article
മക്ക ∙ ഇരുപത്തിയേഴാം രാവിന്റെ സുകൃതത്തിൽ അലിഞ്ഞ് 34 ലക്ഷം വിശ്വാസികൾ മക്ക ഹറം പള്ളിയെ ഭക്തിസാന്ദ്രമാക്കി. പ്രാർഥനാനിരതമായ മനസ്സുമായി പുലരുവോളം ഒട്ടേറെ പേരാണ് ഹറം പള്ളിയിൽ കഴിഞ്ഞത്. തെറ്റുകൾ ഏറ്റുപറഞ്ഞ് ജനലക്ഷങ്ങൾ പാപമോചനം തേടി. ബുധനാഴ്ച രാത്രി തറാവീഹ്, തഹജ്ജുദ് (ഖിയാമുല്ലൈൽ) എന്നീ നമസ്കാരങ്ങളിലാണ് ഇത്രയും പേർ പങ്കെടുത്തത്.
നിർണയത്തിന്റെ രാത്രി എന്നർഥം വരുന്ന ലൈലത്തുൽ ഖദ്ർ റമസാനിലെ അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിൽ ഒന്നായിരിക്കും. കൃത്യമായി തീയതി വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും 27ാം രാവിനാണ് സാധ്യതയെന്നാണ് കൂടുതൽ പണ്ഡിതരുടെയും അഭിപ്രായം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം ഒറ്റ രാവിലൂടെ ലഭിക്കുമെന്ന വിശ്വാസമാണ് തിരക്കിന് കാരണം.
മണിക്കൂറിൽ 1.07 ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന മതാഫിലും (പ്രദക്ഷിണ പ്രദേശം) ഗ്രാൻഡ് മോസ്കിന്റെ മറ്റു ഭാഗങ്ങളിലും മുറ്റത്തും പരിസരങ്ങളിലും റോഡുകളിലുമായി അണിനിരന്നാണ് വിശ്വാസികൾ പ്രാർഥനയുടെ ഭാഗമായത്.ഹറംകാര്യ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പ്രാർഥനയ്ക്കു നേതൃത്വം നൽകി.ളുഹർ, അസർ, മഗ്രിബ്, ഇശാ, സുബ്ഹി നമസ്കാരങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് മുന്നിൽകണ്ട് സുരക്ഷാ വിഭാഗം മുൻകൂട്ടി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.