ഹജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

Mail This Article
ജിദ്ദ ∙ ഈ വർഷത്തെ ഹജ് തീർഥാടന കാലയളവിൽ ഹജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള പ്രവേശനാനുമതിയോ ഇല്ലാത്ത സന്ദർശകർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം എല്ലാ ഹോട്ടലുകൾക്കും താമസ സൗകര്യങ്ങളുടെ നടത്തിപ്പുകാർക്കും നിർദേശം നൽകി. സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ 29 (ദുൽഖഅദ് 1) മുതൽ ഹജ് സീസൺ അവസാനിക്കുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകും.
ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും സുരക്ഷിതമായും സമാധാനപൂർവ്വം സ്വസ്ഥമായി ഹജ് തീർഥാടനം നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളും നടപടിക്രമങ്ങളുമായി സംയോജിപ്പിച്ചാണ് നടപടി. ദുൽ ഖഅദ് 1 (ഏപ്രിൽ 29) മുതൽ ഹജ് വീസയുമായി എത്തുന്നവർ ഒഴികെ, മറ്റ് എല്ലാത്തരം വീസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ല.
ഹജ് തീർഥാടകരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായും ഈ വർഷത്തെ ഹജ് കാലത്തേക്കുള്ള തയ്യാറെടുപ്പിനായി മറ്റ് സർക്കാർ ഏജൻസികളുമായുള്ള മന്ത്രാലയത്തിന്റെ സംയോജിത ശ്രമങ്ങളുടെ ഭാഗമായും, നിർദിഷ്ട കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിൽ നിന്ന് ആതിഥേയത്വ സൗകര്യങ്ങൾ വിലക്കിയിട്ടുണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ഈ വർഷത്തെ ഹജ് സീസണിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളും നടപടിക്രമങ്ങളും പാലിക്കാനും തീർഥാടകരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കാനും ടൂറിസം മന്ത്രാലയം മക്കയിലെ എല്ലാ ആതിഥേയ സൗകര്യ സ്ഥാപനങ്ങളോടും അഭ്യർഥിച്ചു. ഈ നിർദേശങ്ങൾ ലംഘിക്കുന്നവരെ നിയമപരമായ ശിക്ഷകൾക്ക് വിധേയമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.